ഒക്ടോബര്‍ 23: വി. ഇഗ്‌നേഷ്യസ് കോണ്‍സ്റ്റാന്റിനോപ്പിള്‍

കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒമ്പതാം ശതകത്തിന്റെ ആരംഭത്തില്‍ ചക്രവര്‍ത്തിയായിരുന്ന മൈക്കിളിന്റെ രണ്ടു പുത്രന്മാരില്‍ ഒരുവനാണ് ഇഗ്‌നേഷ്യസ്. 813 -ല്‍ മൈക്കിള്‍ സ്ഥാനഭ്രഷ്ടനായപ്പോള്‍ പുത്രന്മാര്‍ക്ക് ഒരു ആശ്രമത്തില്‍ ബന്ധികളെപ്പോലെ പാര്‍ക്കേണ്ടിവന്നു. അവരില്‍ ഇളയവനായ ഇഗ്‌നേഷ്യസ് ആ ആശ്രമത്തില്‍തന്നെ അംഗമായി ചേര്‍ന്നെങ്കിലും വളരെക്കാലം ആശ്രമാധിപന്റെ പീഡനങ്ങള്‍ക്കു വിധേയനായി. പീഡകന്റെ മരണത്തിനുശേഷം ആശ്രമാധിപനായും 846 -ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസായും നിയമിക്കപ്പെട്ടു.

തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാട് സ്വീകരിച്ചതുകൊണ്ട് ശത്രുക്കളുടെ വിദ്വേഷത്തിനു പാത്രമായി. അവിഹിതമായ സ്ത്രീസംഗമം നിമിത്തം കുപ്രസിദ്ധിനേടിയ ബര്‍ദാസ് സീസറിന് 857 -ലെ എപ്പിഫനി നാളില്‍ കുര്‍ബാനാനുഭവം നിഷേധിച്ചതാണ് പെട്ടെന്ന് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കിയത്. ബര്‍ദാസ് സീസര്‍ ഇഗ്‌നേഷ്യസിനെതിരായി അന്യായമായ ഏതാനും ആരോപണങ്ങള്‍ ഉന്നയിക്കുകയും അവയെച്ചൊല്ലി അദ്ദേഹത്തെ ശിക്ഷിക്കാന്‍, അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയായിരുന്ന മൈക്കള്‍ മൂന്നാമനെ പ്രേരിപ്പിക്കുകയും ചെയ്തു.

ഇഗ്‌നേഷ്യസ് ടെറിബിന്തോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു; ഗത്യന്തരമില്ലാതായപ്പോള്‍ പാത്രിയര്‍ക്കീസ്സ്ഥാനം രാജിവച്ചു. തല്‍സ്ഥാനത്ത്  ബര്‍ദാസ് സീസര്‍ തന്റെ കാര്യദര്‍ശിയായിരുന്ന ഫോണ്ടിയൂസിനെ നിയമിച്ചു. 866 -ല്‍ ബര്‍ദാസ് കൊലചെയ്യപ്പെടുകയും 867 -ല്‍ മാസിഡോണിയനായ ബേസില്‍ സിംഹാസനം കൈയ്യടക്കുകയും ചെയ്തു. ഫോണ്ടിയൂസിനെ പാത്രിയര്‍ക്കീസ് സ്ഥാനത്തുനിന്നും നീക്കംചെയ്യുകയും ഇഗ്‌നേഷ്യസ് പക്ഷീയരുടെ അനുഭാവം നേടിയെടുക്കുന്നതിനുവേണ്ടി ഇഗ്‌നേഷ്യസിനെ തിരികെവിളിക്കുകയും ചെയ്തു.

അനന്തരകാലങ്ങളില്‍ ഇഗ്‌നേഷ്യസ് അജപാലനപരമായ തന്റെ കര്‍ത്തവ്യങ്ങള്‍ വളരെ കൃത്യബോധത്തോടുകൂടി നിര്‍വഹിച്ചുവെങ്കിലും പാത്രിയാര്‍ക്കീസിന്റെ അധികാരസ്വാതന്ത്ര്യങ്ങളെ ചൊല്ലി റോമാ സിംഹാസനത്തോട് ഇടയുകയാണ്  ചെയ്തത്. ഇഗ്‌നേഷ്യസിന്റെ പ്രവര്‍ത്തനങ്ങളില്‍ പലതും മത്സരബുദ്ധികള്‍ക്ക് അംഗീകരിക്കാനാവാത്തവയാണ്. വ്യക്തിപരമായ ജീവിതവിശുദ്ധി ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം സ്മരണീയനായത്. 877 -ല്‍ അദ്ദേഹം നിര്യാതനായി.

വിചിന്തനം: ദൈവമേ, അങ്ങില്‍ നിന്നകലുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെ ബോധ്യമാക്കത്തക്കവിധം ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ.

ഇതരവിശുദ്ധര്‍: ജോണ്‍ കപ്പിസ്ത്രാനോ/ അമോ (നാലാം നൂറ്റാണ്ട്) ടൂളിലെ മെത്രാന്‍/ വെതൂസ് (നാലാം നൂറ്റാണ്ട്)/ അല്ലൂസിയോ (+1134)/ സെബാസ്റ്റിലെ ബനഡിക് റ്റ(+654)/ ഒഡാ (680-726)/ ജോണ്‍ സിറിയാക്കൂസ് (629)/ എല്‍ഫ്ളെദാ (+936).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.