ഒക്ടോബര്‍ 22: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

1920 മെയ് 18 -ന് ജോസഫിന്റെയും എമിലിയായുടെയും മൂന്നുമക്കളില്‍ ഇളയവനായി പോളണ്ടിലാണ് കരോള്‍ ജോസഫ് വോയ്റ്റീവായുടെ ജനനം. ചെറുപ്പത്തിലെ പെങ്ങളും ജ്യേഷ്ഠനും അമ്മയും മരിച്ചു. പട്ടാളക്കാരനായിരുന്ന പിതാവ്, കരോളിന്റെ 15 -ാം വയസ്സില്‍ ലോകം വിട്ടുപോയി. അനാഥത്വത്തിന്റെ ചിന്തകള്‍ അദ്ദേഹത്തെ ദൈവസന്നിധിയിലേക്കാണ് കൈപിടിച്ചു നടത്തിയത്. സ്വന്തമായവരെയെല്ലാം തിരികെവിളിച്ച ദൈവം തന്നിലേക്ക് കടന്നുവരുന്നതായി അദ്ദേഹത്തിനു മനസ്സിലായി. അങ്ങനെ നാടകവും സാഹിത്യവുമൊക്കെ ഉപേക്ഷിച്ച് സെമിനാരിജീവിതം സ്വീകരിച്ചു.

പൗരോഹിത്യസ്വീകരണശേഷം കുഗ്രാമങ്ങളിലെ ദൈവാലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1958 സെപ്തംബര്‍ 28 -ന് മെത്രാന്‍പദവി ലഭിച്ചു. 38 -ാം വയസ്സില്‍ ‘പൂര്‍ണ്ണമായി അങ്ങയുടേത്’ എന്ന മുദ്രാവാക്യവുമായാണ് ശുശ്രൂഷാരംഗത്തേക്ക്  അദ്ദേഹം പ്രവേശിച്ചത്.

വത്തിക്കാന്‍ കൗണ്‍സിലില്‍ ആദ്യന്തം സംബന്ധിക്കുന്നതിന് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ആ കാലയളവില്‍ മെത്രാപ്പോലീത്താസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. 1967 -ല്‍ പോള്‍ ആറാമന്‍ പാപ്പാ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തി ബഹുമാനിച്ചു. 1978 സെപ്തംബര്‍ 20 -ന് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ 33 ദിവസത്തെ ഭരണത്തിനുശേഷം സ്വര്‍ഗസമ്മാനത്തിനു വിളിക്കപ്പെട്ടു. തുടര്‍ന്ന് 1978 ഒക്ടോര്‍ 16 -ാം തീയതി കോണ്‍ക്ലേവില്‍വച്ച് കര്‍ദിനാള്‍ കരോള്‍ വോയ്റ്റീവായെ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കമ്മ്യൂണിസ്റ്റ് രാജ്യമായ പോളണ്ടില്‍നിന്ന് തിരുസഭയുടെ 264 -ാമത്തെ സാരഥി തെരഞ്ഞെടുക്കപ്പെട്ടു.

2005 ഏപ്രില്‍ 2 -ന് നിത്യസമ്മാനത്തിനായി വിളിക്കെപ്പട്ടു. 2011 മെയ് 1 -ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ 27 -ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

വിചിന്തനം: യഥാര്‍ഥത്തില്‍ മരിക്കുന്നതിനുമുമ്പ് ലോകത്തിനു മരിക്കുന്ന ക്രിസ്ത്യാനി ഭാഗ്യവാന്‍. മരണത്തില്‍ വേര്‍പിരിയേണ്ടവയെ  നേരത്തേതന്നെ വേര്‍പിരിയുന്നത് എത്ര ഉത്തമം.

ഇതരവിശുദ്ധര്‍: അലക്സാണ്ടറും ഹെറാക്ലീയൂസും അനുയായികളും – രക്തസാക്ഷികള്‍/ മാെറാക്കിലെ ബനഡിക്ടെന്‍ (+845)/ ബര്‍ത്താരിയൂസ് (+884)/ മോഡെറാന്‍ (+730) ബനഡിക്ടെന്‍ മെത്രാന്‍/ വി. അബേര്‍സിയൂസ്/ ആലിക്സ് ലി ക്ലാര്‍ക്ക് ഹെരാക്ലിയായിലെ ഫിലിപ്പ്/ മേരി സലോമി (ഒന്നാം നൂറ്റാണ്ട്)/ അലോഡിയാ (+851)/ മര്‍ക്കോസ്  ജറുസലേമിലെ പ്രഥമ മെത്രാന്‍/ മെല്ലോണ്‍ (+314).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.