ജൂണ്‍ 11 – വിശുദ്ധ ബര്‍ണാബാസ്

സൈപ്രസിലെ ധനവാനായ ഒരു ലേവായനായിരുന്നു വി. ബര്‍ണാബാസ്. അദ്ദേഹത്തിന്റെ ചരിത്രം അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല ക്രൈസ്തവ സമൂഹം ഏക ആത്മാവും ഏകമനസും ഉള്ളവരായിരുന്നു. തങ്ങളുടെ വസ്തുവകകള്‍ സ്വന്തമെന്ന് അവരാരും കരുതിയിരുന്നില്ല. അതിനാല്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നവര്‍ തങ്ങളുടെ വസ്തുവകകള്‍ വിറ്റുകിട്ടിയ പണം അപ്പസ്‌തോലന്മാരെ ഏല്പിക്കുകയും അത് ദരിദ്രര്‍ക്കായി വീതിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ സമൂഹത്തില്‍പെട്ട ഒരാളായിരുന്നു ബര്‍ണാബാസ്.

ശ്ലീഹന്മാര്‍ നല്കിയതാണ് ബര്‍ണബാസ് എന്ന പേര്. ‘ആശ്വാസത്തിന്റെ പുത്രന്‍’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. വിശ്വാസതീക്ഷ്ണതയില്‍ ജ്വലിച്ച വിശുദ്ധനായ ഒരു വ്യക്തിയായിരുന്നു ബര്‍ണാബാസ്. സത്യവിശ്വാസത്താലും പരിശുദ്ധാത്മാവിനാലും പൂരിതനായ അദ്ദേഹം സുവിശേഷം പ്രസംഗിക്കുന്നതിനായി അതിയായി ആഗ്രഹിച്ചു. അതിനാല്‍ അദ്ദേഹം ഉടന്‍ തന്നെ താര്‍സൂസില്‍ ഏകാന്തവാസത്തില്‍ കഴിഞ്ഞിരുന്ന പൗലോസിനെ കൂട്ടിക്കൊണ്ടു വരാന്‍ യാത്രയായി.

ഇവര്‍ ഒരുമിച്ച് വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കുന്നതിനായി സെലൂക്ക്യയിലേക്കും അവിടെ നിന്ന് സൈപ്രസിലേക്കും യാത്ര തിരിച്ചു. തീക്ഷ്ണതയാര്‍ന്ന ഇവരുടെ സുവിശേഷപ്രഘോഷണം ജനങ്ങളെ അത്ഭുതപരവശരാക്കി. അനേകായിരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു. ഇവരുടെ പ്രസംഗങ്ങള്‍ കേട്ട ജനങ്ങള്‍, ദേവന്മാര്‍ മനുഷ്യരൂപം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞ് പൗലോസിനെ ‘മെര്‍ക്കുറി’ എന്നും ബര്‍ണാബാസിനെ ‘ജൂപ്പിറ്റര്‍’ എന്നും വിളിച്ചു. എന്നാല്‍ വിശുദ്ധര്‍ അവരുടെ അന്ധവിശ്വാസങ്ങള അകറ്റുകയും സത്യമത തത്വങ്ങള്‍ അവരെ പഠിപ്പിക്കുകയും ചെയ്തു.

ജറുസലേം സൂനഹദോസ് വരെ ഒന്നിച്ചു പ്രവര്‍ത്തിച്ച പൗലോസും ബര്‍ണാബാസും സൂനഹദോസിനു ശേഷം വ്യത്യസ്ത മേഖലകളിലേക്ക് സുവിശേഷപ്രചാരണത്തിനായി യാത്ര തിരിച്ചു. സൈപ്രസിലേക്കു പോയ ബര്‍ണാബാസ് അവിടെ വച്ച് എ.ഡി. 61-ല്‍ രക്തസാക്ഷിത്വം ചൂടി എന്നാണ് വിശ്വസിക്കുന്നത്.

ഫാ. ജെ. കൊച്ചുവീട്ടില്‍