ജൂണ്‍ 03: വിശുദ്ധ കെവിന്‍ (കോംജെന്‍)

അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് കെവിന്‍. അദ്ദേഹം ഗ്ലെണ്ടലൗവില്‍ സ്ഥാപിച്ച വിശ്രുതമായ സന്യാസാശ്രമം അയര്‍ലണ്ടിലെ നാല് സുപ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്.

ലിന്‍സ്റ്ററിലെ പുരാതനമായ ഒരു രാജവംശത്തിലാണ് കെവിന്‍ ജനിച്ചത്. വൈദികപദം സ്വീകരിച്ചതിനു ശേഷം കെവിന്‍, ലൗകികബന്ധം നിശേഷം വെടിഞ്ഞ് ഏകാന്തജീവിതം നയിക്കാന്‍ തീര്‍ച്ചയാക്കി. രണ്ട് തടാകങ്ങള്‍ക്കു മധ്യേ സ്ഥിതിചെയ്യുന്ന പീഠഭൂമിയിലേക്ക് ഒരു മാലാഖ കെവിനെ കൂട്ടിക്കൊണ്ടു പോയി എന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. പിന്നീട് മരുഭൂമിയില്‍ നിന്നും അല്പം അകലെ രണ്ടു വലിയ നദികളുടെ സംഗമസ്ഥാനമായ ഗ്ലെണ്ടലില്‍ കെവിന്‍ ആശ്രമം സ്ഥാപിച്ചു. അതോടു കൂടി കെവിന്റെ ശിഷ്യന്മാരുടെ എണ്ണവും വര്‍ദ്ധിച്ചു. വി. പാട്രിക്ക് ഒഴികെ, ഇത്രയേറെ ജനങ്ങളെ ആകര്‍ഷിക്കുകയും അവരുടെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രീഭവിക്കുകയും ചെയ്ത മറ്റൊരു മഹാസിദ്ധന്‍ അയര്‍ലണ്ടില്‍ ഉണ്ടായിട്ടില്ല.

ഫാ. ജെ. കൊച്ചുവീട്ടില്‍