യാക്കോബിന്റെ സ്വപ്നഗോവണി

ജിന്‍സി സന്തോഷ്‌

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്ക് പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏശാവിൽ നിന്ന് പ്രാണരക്ഷാർത്ഥം തന്റെ മാതാവിന്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്. ലക്ഷ്യത്തിലെത്തും മുമ്പ് പാതിവഴിയിൽ സൂര്യൻ അസ്തമിച്ചു. തളർന്ന് അവശനായി വഴിയരികിലെ കല്ല് തലയിണയാക്കി അവൻ ഉറങ്ങാൻ കിടന്നു. “അവന് ഒരു ദർശനമുണ്ടായി. ഭൂമിയിൽ ഉറപ്പിച്ചിരുന്ന ഒരു ഗോവണി. അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാർ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു” (ഉൽ. 28 :12). ആ ഗോവണിയുടെ മുകളിൽ നിന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിന്റെ സംരക്ഷണ ഉറപ്പ്.

“ഇതാ, ഞാൻ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുരക്ഷിക്കും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതു വരെ ഞാൻ നിന്നെ കൈവിടുകയില്ല” (ഉൽ. 28:15).

ഈ നാളുകളിൽ നമ്മിൽ പലരുടെയും അവസ്ഥ ഇതു തന്നെയാണ്. വീടു വിട്ടിറങ്ങി; എന്നാൽ ലക്ഷ്യത്തിലെത്തിയിട്ടില്ല. പിന്നിൽ നിന്ന് ആരും താങ്ങിനിർത്താത്ത, മുന്നിൽ നിന്നാരും മാടിവിളിക്കാത്ത അവസ്ഥ. കടന്നുപോകാൻ വഴികളേറെ. എന്നാൽ മുന്നോട്ടു പോകാൻ കഴിയാത്തവിധം പാതിവഴിയിൽ സൂര്യൻ അസ്തമിച്ച അവസ്ഥ.

നീ ഏത് അടിമത്വത്തിൽ വീണുകിടന്നാലും നിന്റെ കരം പിടിക്കാൻ, ലക്ഷ്യത്തിലെത്തിക്കാൻ സ്വർഗത്തിൽ നിന്നൊരു ഏണി – ക്രിസ്തു എന്ന ഗോവണി ഭൂമിയിൽ ഉറപ്പിച്ചിട്ടുണ്ട്. ജീവിതം എങ്ങുമെത്താതെ കെട്ടിയിടപ്പെടുമ്പോഴും,
സ്വപ്നങ്ങളും അവയുടെ സാധ്യതകളും അകലെയാണെങ്കിലും, എല്ലാ സ്വപ്നങ്ങളെയും സാക്ഷാത്കരിക്കാൻ കഴിവുള്ള ഒരു ദൈവം – ക്രിസ്തു എന്ന ഏണി വച്ചാൽ ചാരാവുന്ന അകലത്തിൽ നിന്റെ അടുത്തുണ്ടെന്ന തിരിച്ചറിവ് നിന്റെ ദുരിതയാത്രകളെ അനുഗ്രഹപ്രദമാക്കും.

“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. സ്വർഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാർ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും” (യോഹ. 1:51).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.