തന്നെ നിരന്തരം ശക്തിപ്പെടുത്തുന്ന വചനത്തെക്കുറിച്ച് ഹോളിവുഡ് താരം ക്രിസ് പാറ്റ് പറയുന്നു

അവസരം കിട്ടുമ്പോഴെല്ലാം ക്രിസ്തുവിശ്വാസം സാക്ഷിക്കുന്ന ഹോളിവുഡ് താരമാണ് ക്രിസ് പാറ്റ്. ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകലെയായിരിക്കുമ്പോള്‍ തനിക്ക് ആശ്വാസം നല്‍കുന്ന ഒരു ദൈവവചനത്തെക്കുറിച്ചാണ് ക്രിസ് പാറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. തടിയില്‍ കൊത്തിയെടുത്തിരിക്കുന്ന വചനം തനിക്ക് തന്റെ ജേഷ്ഠസഹോദരന്‍ സമ്മാനിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വി. പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലെ ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും’ (ഫിലി. 4: 13) എന്ന വചനമാണ് തനിക്ക് എപ്പോഴും കരുത്ത് പകര്‍ന്നുകൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ക്രിസ് പ്രാറ്റ്. കഴിഞ്ഞ ജൂണില്‍ ഒരു അവാര്‍ഡ് ദാന സംഗമത്തില്‍ പങ്കെടുക്കവേ, ദൈവം യാഥാര്‍ത്ഥ്യമാണെന്നും നമുക്ക് ആത്മാവുണ്ടെന്ന് തിരിച്ചറിയണമെന്നും ക്രിസ് പ്രാറ്റ് പരസ്യമായി പ്രസ്താവിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ, ‘യേശു നിന്നെ സ്‌നേഹിക്കുന്നു’ എന്ന് രേഖപ്പെടുത്തിയ ടീ ഷര്‍ട്ട്‌ ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എത്തിയതും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 2017-ല്‍ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച തന്റെ വീടിനു സമീപത്തുള്ള ചെറുകുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് തന്റെ വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.