“അവൻ നിങ്ങളോട് പറയുന്നതു ചെയ്യുവിൻ” അത്ഭുതം സൃഷ്ടിക്കുന്ന അമ്മവചനം

കാനായിലെ കല്യാണവിരുന്നിൽ അത്ഭുതം സൃഷ്ടിച്ച വചനം. വിരുന്നുകാർക്കു മുമ്പിൽ അപമാനിതരാകേണ്ട സാഹചര്യത്തിൽ അഭിമാനമായ വചനം. പരിശുദ്ധ അമ്മയുടെ ഈ ഉപദേശവചനം. അതെ, എന്താണ് ഈ തിരുവചനത്തിൽ ഉൾക്കൊണ്ടിരിക്കുന്നത്? പുത്രനോടുള്ള – ദൈവപുത്രനോടുള്ള വിശ്വാസം, സ്നേഹം, അവനിലുള്ള പ്രത്യാശ എന്നിവയല്ലേ?

വിശാസം എന്നാൽ എന്താണ്? ദൈവശാസ്ത്രപരമായ നിർവചനങ്ങൾ ഒന്നുമില്ലാതെ പറഞ്ഞാൽ പോലും, ഞാൻ പറഞ്ഞാൽ അവൻ/ അവൾ എന്തു വില കൊടുത്തും എനിക്കായി അത് നേടിത്തരും. അത് എനിക്ക് അത്രയക്കും ബന്ധവും അടുപ്പവും ഉള്ളവരോടു തോന്നുന്ന ഒരു ഉറപ്പാണ്. അത് ഒരുവനെ അവനായിരിക്കുന്നതുപോലെ തിരിച്ചറിയുന്നതിലൂടെ ലഭിക്കുന്ന ഉറപ്പാണ്. പരിശുദ്ധ അമ്മയ്ക്ക് തൻ്റെ പുത്രനിൽ അത്രയും ഉറപ്പുണ്ടായിരുന്നു. അതുപോലെ, അവനിലെ ദൈവത്വത്തെ അവൾ തിരിച്ചറിഞ്ഞിരിരുന്നു. ഈ അടുപ്പം നമുക്ക് ഉണ്ടെങ്കിൽ അമ്മയെപ്പോലെ ധൈര്യത്തോടെ അവിടുത്തേയ്ക്കു മുമ്പിൽ നമ്മുടെ ആവശ്യം ഉണർത്തിക്കാൻ കഴിയും.

സ്നേഹം, അത് വാക്കുകളും പ്രവർത്തികകളും തമ്മിലുള്ള ഐക്യമാണ്. ആത്മാർത്ഥമായ സ്നേഹം ഏതവസ്ഥയിലും ഒപ്പം നില്‍ക്കുന്നതാണ്. ലോകത്തിൽ എത്ര ഉന്നതപദവി അലങ്കരിച്ചാലും ഏറ്റവും താണ നിലയിൽ ജീവിച്ചാലും അത് ഒരിക്കലും ഇല്ലാതാകില്ല. അവിടെ ഒന്നും നിഷേധിക്കപ്പെടില്ല അതാണ് പരിശുദ്ധ അമ്മയുടെയും ഈശോയുടെയും സ്നേഹം. അവൾക്കറിയാമായിരുന്നു, തന്റെ ആവശ്യം ഈശോ ഒരിക്കലും നിരസിക്കുകയില്ല എന്ന്. കാരണം, അവൾക്ക് അവനോടുള്ള സ്നേഹം അളവറ്റതാണ്. വിവാഹജീവിതത്തിനു മുമ്പ് അവനായി അപമാനിതയാകാൻപോലും തയ്യറായ സ്ത്രീയാണ് പരിശുദ്ധ കന്യകാമറിയം. അതെ, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആർക്കെങ്കിലും കഴിയുന്നുണ്ടെങ്കിൽ അത് അവനോടുള്ള സ്നേഹം കൊണ്ടു മാത്രമാണ്. അത് കണ്ടില്ല എന്ന് നടിക്കാൻ യേശുവിന് കഴിയില്ല.

പ്രത്യാശ, താൻ തന്നേക്കാൾ വിശ്വാസമർപ്പിക്കുന്ന, ജീവനുതുല്യം സ്നേഹിക്കുന്ന  തന്റെ മകൻ ഇവിടെ അത്ഭുതം പ്രവർത്തിക്കും എന്ന ബോധ്യമാണ് സംശയത്തിന്റെ നിഴൽപോലും ഏല്‍ക്കാത്ത പ്രത്യാശ. ഇതിൽ നിന്നുകൊണ്ടാണ് അമ്മ പറയുന്നത് അവൻ പറയുന്നതുപോലെ ചെയ്യുക എന്ന്. പിന്നീട് നമ്മൾ അവിടെയെങ്ങും അമ്മയെ കാണുന്നില്ല. തന്റെ വാക്കു കേട്ട് പ്രവർത്തിച്ച മകന്റെ കഴിവിൽ ലഭിക്കുന്ന അഭിനന്ദനപ്രവാഹങ്ങൾ ഏറ്റുവാങ്ങനോ, മകന്റെ വീരകൃത്യങ്ങൾ പ്രകീർത്തിക്കാനോ അവൾ അവിടെ നിന്നുമില്ല പിന്നെ വന്നുമില്ല. അമ്മയെ വിളിച്ച് ആരും ഒരു നന്ദിവാക്ക് പറയുന്നതും നമ്മൾ സുവിശേഷത്തിൽ കാണുന്നില്ല. എന്നാൽ, ആ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിലോ? എന്തായിരിക്കും നമ്മുടെ പ്രതികരണം?

ഒരു കാര്യം മാത്രം പരിശുദ്ധ അമ്മ ഇപ്പോഴും തുടരുന്നു. മറ്റുള്ളവരുടെ ഇല്ലായ്മ പുത്രനെ അറിയിക്കുന്നു. എന്നിട്ട് ഇല്ലായ്മ അനുഭവിക്കുന്നവരോടു പറയും, അവൻ പറയുന്നതുപോലെ ചെയ്യുക എന്ന്. അങ്ങനെ ചെയ്‌താല്‍ അത്ഭുതം കാണും. അപ്പോഴും ഒരു കാര്യം ശ്രദ്ധിക്കണം, അവൻ പറയുന്ന ചെറിയ കാര്യം പോലും വലിയ വിശ്വസ്തതോടെ, വക്കോളം നിറച്ചു ചെയ്യണം. കാനായിലെ പരിചാരകർ ചെയ്തതുപോലെ. ഇവിടെ അവർക്കും നമുക്കും തമ്മിൽ ഒരു വ്യത്യാസം കൂടിയുണ്ട്. അവർക്ക്, ഈ യേശു കല്യാണത്തിനു ക്ഷണിക്കപ്പെട്ട അനേകരിൽ ഒരാൾ മാത്രമായിരുന്നു. എന്നാല്‍ നമുക്ക് പരിശുദ്ധ അമ്മ കാനായിലെ കല്യാണവീട്ടിൽ ചൂണ്ടിക്കാണിച്ച ആ മാന്ത്രികൻ നമുക്കായി ജീവൻ ബലിയർപ്പിച്ചവനും ദിവ്യകാരുണ്യമായി കൂടെ വസിക്കുന്നവനുമാണ്. കൂടെ വസിക്കുന്നവനെയും അവൻ  ആവശ്യപ്പെടുന്നതും തിരിച്ചറിയാനുള്ള ജ്ഞാനം ലഭിക്കാൻ ബോധജ്ഞാനത്തിന്റെ സിംഹാസനമായ പരിശുദ്ധ അമ്മയോട് നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം.

റവ. സി. പ്രണിത DM 

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.