കോവിഡ് വാക്‌സിൻ സംഭരണ സംവിധാനം; ലക്‌സംബർഗിന്റെ വാഗ്ദാനം സ്വീകരിച്ച് ഇന്ത്യ

ഇന്ത്യയിൽ എല്ലാ മേഖലകളിലും കോവിഡ് വാക്‌സിൻ വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ വാക്‌സിൻ ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്‌സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലിന്റെ വാഗ്ദാനം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 19ന് നടന്ന ഇന്ത്യ-ലക്‌സംബർഗ് ആദ്യ ഉച്ചകോടിയിലാണ് ഈ പദ്ധതിയുടെ നിർദേശം ബെറ്റൽ മുന്നോട്ടുവെച്ചത്.

ഇന്ത്യയുടെ വിദൂരമേഖലകളിൽ വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ലക്‌സംബർഗ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച വാഗ്ദാനത്തെ പ്രധാനമന്ത്രി മോദി സ്വീകരിക്കുകയായിരുന്നു. ബി മെഡിക്കൽ സിസ്റ്റം എന്ന ലക്‌സംബർഗ് കമ്പനിയാവും പ്ലാന്റ് സ്ഥാപിക്കുക. ഇതിനു ആവശ്യമായ സംവിധാനങ്ങൾ അടുത്ത ആഴ്ച തന്നെ ഇന്ത്യയിലെത്തും.

പൂർണ സജ്ജമായ പ്ലാന്റ് സ്ഥാപിക്കാൻ രണ്ട് വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. അടിയന്തര ആവശ്യമെന്ന നിലയ്ക്ക് ആദ്യഘട്ടത്തിൽ റഫ്രിജറേഷൻ ബോക്‌സുകളാവും സ്ഥാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.