കോവിഡ് മൂര്‍ച്ഛിക്കുന്നത് മാനസിക വിഭ്രാന്തിക്ക് കാരണമാകാമെന്ന് പഠനം

കോവിഡ് മൂർച്ഛിക്കുന്നത് മാനസിക വിഭ്രാന്തി (Delirium) ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പഠനം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങൾ തലച്ചോറിനെ ആക്രമിച്ച് ഓർമയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകൾ ഉണ്ടാക്കുന്ന അവസ്ഥയാണ് ഡെലീരിയം. കോവിഡ് വ്യാപനത്തിന്റെ തുടക്ക സമയത്ത് അമേരിക്കയിൽ 150 കോവിഡ് രോഗികളിൽ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ രോഗികളിൽ 73 ശതമാനം പേരും മാനസികമായ അസ്വസ്ഥയും ആശങ്കയും വ്യക്തമായി ചിന്തിക്കാൻ കഴിയാ അവസ്ഥയും ഉള്ളവരായിരുന്നെന്ന് പഠനത്തിൽ പറയുന്നു. ബി.എം.ജി ഓപ്പൺ എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദീർഘനാൾ ചികിത്സ ആവിശ്യമുള്ളതും രോഗവിമുക്തി പ്രയാസകരവുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കോവിഡ് കാരണമാകുന്നതായി പഠനത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ പ്രൊഫസർ ഫിലിപ്പ് വ്ലിസൈഡ്സ് പറഞ്ഞു.

2020 മെയ് മാസത്തിൽ കോവിഡ് രോഗബാധിതരായതിനെ തുടർന്ന് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ചികിത്സാ രേഖകൾ പരിശോധിച്ചും അവരുമായി നടത്തിയ ടെലിഫോൺ അഭിമുഖത്തിലൂടെയുമാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ മാനസിക വെല്ലുവിളികൾ നേരിട്ട രോഗികളിലെ പൊതുവായ കാര്യങ്ങൾ പഠിക്കാനാണ് ഗവേഷക സംഘം ശ്രമിച്ചത്.

പഠനത്തിന് വിധേയരായവർക്ക് തലച്ചോറിലേക്കെത്തുന്ന ഓക്സിജൻ കുറയുക, രക്തം കട്ടപിടിക്കുക, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ഇവർക്ക് മാനസിക വ്യതിയാനങ്ങളുണ്ടാക്കുന്ന ശാരീരിക അവസ്ഥകൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഡിസ്ചാർജ് ചെയ്യപ്പെട്ടപ്പോഴും ഈ രോഗികൾ ഡിലീരിയം വിമുക്തരായിട്ടില്ല. ഇതിൽ വലിയൊരു വിഭാഗം രോഗികൾക്കും കൃത്യമായ തുടർചികിത്സകൾ ആവശ്യമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.