കോവിഡ് 19: രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാമത്

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ തുർക്കിയെയും മറികടന്ന് ലോകത്ത് ഒൻപതാം സ്ഥാനത്ത്. സംസ്ഥാനങ്ങൾ സ്ഥിരീകരിച്ച കണക്കുപ്രകാരം ഇന്ത്യയിൽ രോഗികൾ 1,63,732 ആയി. തുർക്കിയിൽ 1,59,797. രാജ്യത്തു മൊത്തം മരണം 4655 ആയി. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കു തൊട്ടുമുന്നിൽ ഇപ്പോൾ ജർമനിയാണ് – 1,82,150 പേർ.

പ്രതിദിന കോവിഡ‍് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയർത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്തു റിപ്പോർട്ട് ചെയ്തത് 46,574 കോവിഡ് കേസുകൾ. 7 ദിവസത്തിനിടെ 1096 പേർക്കാണ് ജീവൻ നഷ്ടമായത്. മേയ് 13 മുതൽ തുടർച്ചയായി 100ലധികം പേരാണു പ്രതിദിനം മരിക്കുന്നത്. 20നു ശേഷം രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിലധികമാണ്. ‌‌ ഏപ്രിൽ 14 മുതൽ മേയ് 27 വരെയുള്ള കണക്കിൽ കോവിഡ് പരിശോധന പ്രതിദിനം 5.9% എന്ന നിരക്കിൽ വർധിച്ചപ്പോൾ രോഗികളുടെ എണ്ണം ദിവസേന 6.4% എന്ന നിരക്കിലാണ് കൂടുന്നത്.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ദേശീയ ശരാശരിയെക്കാൾ വേഗത്തിൽ. കേരളത്തിൽ രോഗികളുടെ എണ്ണത്തിലെ വർധനയുടെ തോത് 8.67%. ദേശീയ ശരാശരി 4.14%. കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിക്കാൻ ഇപ്പോൾ 12ൽ താഴെ ദിവസം മതി. ദേശീയതലത്തിൽ ഇതു 14 ദിവസമാണ്. അതേസമയം, കേരളത്തിൽ കോവിഡ് മരണനിരക്ക് 0.5 % മാത്രമാണെന്നും ദേശീയ നിരക്ക് 2.89 % ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.