കൊറോണയില്‍ വിറച്ച് ലോകം: 24 മണിക്കൂറില്‍ മരണം 6000

ലോകത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 93-ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ മരണപ്പെട്ടവരുടെ എണ്ണം 53,030 ആയി. 181 രാജ്യങ്ങളിലായി പത്തുലക്ഷം ആളുകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ 10,15,403. ഈ വലിയ കണക്കുകള്‍ക്കിടിയില്‍ രണ്ട് ലക്ഷം പേര്‍ (2,10,579) രോഗമുക്തി നേടി എന്ന ആശ്വാസവുമുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇതുവരെ രോഗമുക്തി നേടിയത് ചൈനയിലാണ് – 76,565.

ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് – 13,915. സ്‌പെയിന്‍ -10,348, അമേരിക്ക – 6070 എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക്. ഇന്നലെ മാത്രം 6000-ത്തിലധികം പേരാണ് മരിച്ചത്. ലോകത്ത് ശരാശരി 70,000 പേര്‍ക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. 29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ അമേരിക്കയില്‍ രോഗം ബാധിച്ചത്.

ചൈന, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ദിനംപ്രതി കുറവു രേഖപ്പെടുത്തുമ്പോള്‍ യുഎസ്‌, ഫ്രാന്‍സ്, ഇറാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ദിവസേന രോഗബാധിതരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഇറാനിൽ മരണം 3,000 കവിഞ്ഞു. ഇന്നലെ മാത്രം 124 മരണം. രാജ്യത്തെ രോഗികൾ അരലക്ഷം. ഇന്ത്യയിൽ കൊറോണ ബാധിതരായി 53 പേർ മണരണമടഞ്ഞു.