കൊറോണ ഇറ്റലിയുടെ പൊതുജീവിതത്തെ ബാധിച്ചപ്പോൾ

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വളരെയേറെ ഭയത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ ജനത പതിയെ ഉയർത്തെഴുന്നേൽപ്പിന്റെ ദിവസങ്ങൾ ആരംഭിച്ചു.

ഫെബ്രുവരി ഇരുപത്തിയേഴാം തീയതി വരെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ 650 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേർത്ത് ഇറ്റലിയുടെ മൂന്ന് മേഖലകളിൽ ആണ് കൊറോണ ബാധിച്ചവർ കൂടുതലും കാണപ്പെടുന്നത്. 17 ആൾക്കാർ മരണമടഞ്ഞു. പലവിധ രോഗങ്ങളാൽ ശരീരം ബലഹീനമായവരും പ്രായമായവരും ആണ് മരിച്ചവരിൽ 95 ശതമാനവും. രോഗം സ്ഥിരീകരിച്ചവരിൽ 248 പേരെ പ്രത്യേക ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രോഗലക്ഷണമുള്ള 284 പേരെ ഏകാന്ത വാസത്തിൽ പാർപ്പിച്ച് ചികിൽസിക്കുകയാണ്. 45 പേരുടെ രോഗം സുഖപ്പെടുത്തി.

പതിവുപോലെ കഴിഞ്ഞ ബുധനാഴ്ചയും ഫ്രാൻസിസ് പാപ്പാ വിശ്വാസികൾക്ക് വേണ്ടിയുള്ള ജനറൽ ഓഡിയൻസ് (പൊതു പ്രാർത്ഥന) നടത്തിയെങ്കിലും കൊറോണാ വൈറസ് ബാധിച്ചവർ 600 കവിഞ്ഞതിനാൽ വത്തിക്കാനിൽ വേണ്ട മുൻകരുതലുകൾ എടുക്കുന്നതിനായി ചില പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇറ്റലിയുടെ തലസ്ഥാനമായ റോം നഗരം സ്ഥിതി ചെയ്യുന്ന ലാക്സിയേ മേഖലയിൽ 3 പേർക്ക് കൊറോണ സ്ഥീരികരിച്ചു. ഈ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.

ലൊംബാർദി, വെനേറ്റോ, എമിലിയ റൊമാന എന്നീ മേഖലകളിൽ നൂറുകണക്കിന് ആൾക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ ഒരാഴ്ചയായി നോർത്ത് ഇറ്റലിയുടെ ചിലഭാഗങ്ങളിൽ പള്ളികളും സ്കൂളുകളും കോളേജുകളും മ്യൂസിയങ്ങളും മറ്റ് പൊതുസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ മുതൽ പതിയെ ചില കടകളും ഫാർമസികളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. വെനേറ്റോ മേഖലയിൽ തിങ്കളാഴ്ച്ച മുതൽ സ്കൂളുകളും മറ്റ് പൊതുസ്ഥാപനങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സ്കൂളുകളിൽ പോകാൻ പറ്റാത്ത കുട്ടികൾക്ക് വീടുകളിൽ ഇരുന്നു തന്നെ പഠിക്കാനുള്ള സൗകര്യം സ്കൂൾ അധികൃതർ ചെയ്തു. വീഡിയോ കോൺഫ്രൻസ് ക്ലാസ്സുകൾ വഴി കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ മിക്ക സ്കൂൾ അധികൃതരും പരിശ്രമിച്ചു. കൊറോണ വൈറസ് കൂടുതൽ കണ്ടെത്തിയ 10 പ്രദേശങ്ങൾ റെഡ് സോൺ ആയി പ്രഖ്യാപിക്കുകയും ആ ചെറുനഗരങ്ങളിലേക്ക് ആർക്കും പ്രവേശിക്കുവാനോ പുറത്തേക്ക് പോകുവാനോ അനുവാദം നൽകാതെ പോലീസ് രാവും പകലും കാവൽ നിൽക്കുകയും ചെയ്യുന്നു. മെഡിക്കൽ സംഘം ആ ചെറു നഗരങ്ങളിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന അമ്പതിനായിരത്തിൽ പരം വ്യക്തികളെ പരിശോധിക്കുകയും രോഗം സ്ഥിരീകരിച്ചവരെ ചികിത്സയ്ക്കായ് മാറ്റി പാർപ്പിക്കുകയും ചെയ്തു.

ജീവന് ഇത്രമേൽ പ്രാധാന്യം നൽകുന്ന ഒരു രാജ്യത്തെ ആദ്യമായിട്ട് കാണുകയാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ഇറ്റലിക്കാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരാനായി വിമാനം അയച്ചപ്പോൾ വുഹാനിൽ കുടുങ്ങി കിടന്ന 17 വയസ്സുള്ള ഒരു ഇറ്റാലിയൻ വിദ്യാർത്ഥിക്ക് മറ്റുള്ളവരോടൊപ്പം യാത്ര പുറപ്പെടാൻ സാധിച്ചില്ല. വുഹാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥിയുടെ നൊമ്പരം ഇറ്റലിയുടെ ആഭ്യന്തരകാര്യവകുപ്പ് മന്ത്രി ലൂയിജി ദി മായ്യോയുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ സർവ്വസജ്ജീകരണത്തോടെ ഒരു സൈനീക വിമാനം ചൈനയിലേക്ക് അയച്ച് ആ വിദ്യാർത്ഥിയെ തിരികെ ഇറ്റലിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.

ഫെബ്രുവരി 27- ന് കൊറോണ വൈറസ് ബാധിച്ച ഗർഭിണിയായ ഒരു സ്ത്രീ തന്റെ കുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്ക് കൊറോണ വൈറസ് ഉണ്ടായിട്ടും കുഞ്ഞിനെ കൊറോണ വൈറസ് ബാധിച്ചില്ല എന്ന സന്തോഷവാർത്തയും ഇറ്റാലിയൻ മാധ്യമങ്ങൾ ആഘോഷിച്ചു.

സി. സോണിയ തെരേസ്