ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചങ്ങനാശ്ശേരി അതിരൂപത ചെലവഴിച്ചത് 43 കോടി

ജീവകാരുണ്യ പ്രവർത്തനരംഗത്ത് കഴിഞ്ഞ ഒരു വർഷമായി ചങ്ങനാശ്ശേരി അതിരൂപത ചെലവഴിച്ചത് 43 കോടി രൂപ. മഹാപ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായിട്ടാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ 43 കോടി രൂപയുടെ സഹായം നല്കിയത്.

പ്രളയത്തിനുശേഷം കേരളത്തിൽ നടന്ന ഏറ്റവും വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൊന്നാണ് കുട്ടനാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടും കൃഷിയും ജീവനോപാധികളും തകർന്ന കുട്ടനാട്ടുകാരെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാൻ വൈവിധ്യമാർന്ന പദ്ധതികളും പരിപാടികളുമാണ് സർക്കാരുമായി കൈകോർത്ത് വിവിധ സന്നദ്ധസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ അതിരൂപത നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയാണ് (ചാസ്) പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

പ്രളയകാലത്ത് അടിയന്തര ദുരന്തനിവാരണത്തിന്‍റെ ഭാഗമായി 20 കോടി 56 ലക്ഷം രൂപയുടെ സഹായം അതിരൂപത എത്തിച്ചിരുന്നു. 17 കോടി 56 ലക്ഷം രൂപയുടെ ഭവനനിർമ്മാണ പദ്ധതികളാണ് നടപ്പാക്കിയത്. അതിൽ ചാസ്, നേരിട്ട് ആറ് കോടിയും കളർ എ ഹോം, ഇടവകകൾ, സംഘടനകൾ, ചാരിറ്റി വേൾഡ് എന്നിവയുടെ പദ്ധതികളിലൂടെ അഞ്ചു കോടി 43 ലക്ഷം രൂപയും സന്യാസഭവനങ്ങൾ നേരിട്ട് നാലു കോടി 35 ലക്ഷം രൂപയും ചെലവഴിച്ചു.

തെക്കൻ മേഖലയിലെ അമ്പൂരി, തിരുവനന്തപുരം, കൊല്ലം- ആയൂർ ഫൊറോനകൾക്കായി മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരകപദ്ധതി വഴി ഒരു കോടി 82 ലക്ഷം രൂപയും ചെലവഴിച്ചു. 317 പുതിയ വീടുകൾ നിർമ്മിച്ചു നല്കി. 31 ഭൂമിദാന പാർപ്പിടപദ്ധതികൾക്കു രൂപം നല്കി. 955 വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായം ചെയ്തു.

പുനരധിവാസ-വരുമാന രൂപീകരണ പദ്ധതികളിലൂടെ കുടിവെള്ള പദ്ധതി, വിദ്യാഭ്യാസ സഹായം, കൃഷി, ശൗചാലയ നിർമ്മാണങ്ങൾക്കായി നാലു കോടി 89 ലക്ഷം രൂപയും ചെലവഴിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ചാസുമായി ചേർന്ന് മൂന്നു കോടി രൂപ മുടക്കി 50 വീടുകൾ നിർമ്മിച്ചു വരികയാണ്. സർക്കാരുമായി കൈകോർത്ത് മൂന്ന് വർഷം കൊണ്ട് കുട്ടനാട്ടിൽ 100 കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. അതിരൂപതയിലെ 230 ഇടവകകൾ, സന്യാസ സമൂഹങ്ങൾ, കാരിത്താസ് ഇന്ത്യ, ഇന്ത്യയിലെ വിവിധ രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റികൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി കൈകോർത്താണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്.