നല്ല കുമ്പസാരമെന്നാല്‍

കുമ്പസാരത്തിനും അതിലൂടെയുള്ള ഏറ്റുപറച്ചിലിനും രണ്ടു തലങ്ങളുണ്ട്. ഒന്ന് ദൈവത്തോട്, രണ്ട് മനുഷ്യനോട്. ദൈവത്തോടും മനുഷ്യനോടുമുള്ള അനുരഞ്ജനവും ഏറ്റുപറച്ചിലുമാണ് കുമ്പസാരത്തില്‍ നടക്കേണ്ടത്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍പോലെ ഇതു രണ്ടും ഒരേ രീതിയില്‍ പ്രധാനപ്പെട്ടതാണ്. പക്ഷേ ഇപ്പോഴുള്ള നമ്മുടെ കുമ്പസാരങ്ങള്‍ ഒട്ടുമിക്കവാറും ഒരു തലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതാണ്. അതായത്, ദൈവത്തോടു മാത്രമുള്ള ഏറ്റുപറച്ചിലും അനുരഞ്ജനവുമാണ്. മനുഷ്യനോടുള്ള ഏറ്റുപറച്ചിലും അനുരഞ്ജനവും നാം സൗകര്യപൂര്‍വം മറക്കുന്നു.

രണ്ടാമത്തെ തലം, തെറ്റിന് ഇരയായവരോടുള്ള മാപ്പു ചോദിക്കലും അനുരഞ്ജനവുമാണ്. ഒരു യഥാര്‍ത്ഥ അനുതാപിയുടെ ഏറ്റുപറച്ചില്‍ ധൂര്‍ത്തപുത്രന്റെ ഉപമയില്‍ (ലൂക്കാ 15:1132) കാണാന്‍ സാധിക്കും. അവന്‍ പിതാവിനോട് അവന്‍ ഏറ്റുപറയുന്ന രണ്ടു കാര്യമുണ്ട്. ‘പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രനെന്ന് വിളിക്കപ്പെടുവാന്‍ ഞാന്‍ ഇനി യോഗ്യനല്ല’ (ലൂക്കാ 15:21). ഇവിടെ ധൂര്‍ത്തനായ ആ മകന്‍ ആദ്യം ദൈവത്തോട് തന്റെ തെറ്റ് ഏറ്റുപറയുന്നു. പിന്നെ പിതാവിനോടും. ഇവിടെ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കുന്നതിലൂടെ അവന്‍ മനുഷ്യനോടും മാപ്പു ചോദിച്ച് അനുരഞ്ജനപ്പെടുന്നു.

മാത്രമല്ല അടുത്ത ഒരു കാര്യം കൂടി അവന്‍ ചെയ്യുന്നു. തെറ്റിന് പരിഹാരം ചെയ്യുവാന്‍ അവന്‍ തയാറാകുന്നു. ഇനിമേല്‍ പുത്രനായിട്ടല്ല ആ നല്ല പിതാവിന്റെ ഭവനത്തിലെ ദാസന്മാരില്‍ ഒരുവനായി താന്‍ ജീവിച്ചുകൊള്ളാമെന്ന് താഴ്മയോടെ പിതാവിനോട് ഏറ്റുപറയുന്നു. ഇത്രയും ചെയ്തു കഴിയുമ്പോഴാണ് നല്ല കുമ്പസാരം പൂര്‍ത്തിയാകുന്നത്. ഒന്ന്, തെറ്റ് തിരിച്ചറിയുന്നു. രണ്ട്, തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കുന്നു. മൂന്ന്, തെറ്റിന്റെ മാര്‍ഗം ഉപേക്ഷിക്കുവാന്‍ തയാറാകുന്നു. ഇപ്രകാരം ഈ മൂന്നു ഘട്ടങ്ങള്‍ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും ദൈവപിതാവിനോട് ചേര്‍ന്ന് ആയിരിക്കാന്‍ കുമ്പസാരമെന്ന കൂദാശയെ ഫലപ്രദമായി ഉപയോഗിക്കാം.