നോമ്പു വിചിന്തനം: മടക്കയാത്ര

സി. ശോഭ സിഎസ്എന്‍

മരണാസന്നനായ രോഗിയെ കാണാന്‍ രാജാവെത്തി. രാജാവിനെ കണ്ടതോടെ അയാള്‍ വാവിട്ട് നിലവിളിച്ചു. കാരണമാരാഞ്ഞ രാജാവിനോട് അയാള്‍ പറഞ്ഞു: ”എന്റെ ജീവിതമാകുന്ന വസ്ത്രം ഒരിക്കല്‍ക്കൂടി തുടക്കം മുതല്‍ നെയ്തുണ്ടാക്കാനാകുമോ?” ”എന്നിട്ടോ?” ”ഇനി ജീവന്റെയും മരണത്തിന്റെയും ഉടയവനായ ഈശ്വരനെമാത്രം സേവിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.”

ആരുടെ ജീവിതത്തോടാണ് ഈ സംഭവത്തിന് സാമ്യമില്ലാത്തത്. ജീവിതം തീര്‍ന്നുപോകുന്നു എന്നറിയുന്ന നിമിഷമാണ് എന്തൊരു ജീവിതമാണ് ജീവിച്ചുകൊണ്ടിരുന്നത് എന്നോര്‍മ്മവരുന്നത്. ആരോ പാടുന്നതുപോലെ. ഞാന്‍ തേടിയതെല്ലാം നേടേണ്ടതല്ലെന്നും, നേടിയതെല്ലാം സ്വര്‍ഗീയമെല്ലന്നും, ഓടിയതെല്ലാം വഴി നോക്കിയല്ലെന്നും അയാള്‍ തിരിച്ചറിയുന്നു. ഉത്തമഗീതത്തിലെ മണവാട്ടി ഏറ്റു പറയുന്നതുപോലെ അയാളും ഏറ്റു പറയുന്നു, എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തു സൂക്ഷിച്ചില്ല. അതോടെ ജീവിക്കാന്‍ ഒരു ഊഴം കൂടി ലഭിച്ചിരുന്നെങ്കില്‍ എന്നയാള്‍ തീവ്രമായി കൊതിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ അങ്ങനെ  അനുഗ്രഹിക്കപ്പെടുന്നില്ല. പിന്നെ അയാള്‍ വാവിട്ട് കരയാതെ എന്തു ചെയ്യും.

ശരിയാണ്, എല്ലാ കാര്യവും നമ്മള്‍ നന്നായി ചെയ്യുന്നുണ്ടാകാം. വീടിനോടുള്ള ഉത്തരവാദിത്വവും തൊഴിലിനോടുള്ള വിശ്വസ്തതയും ഉണ്ട്. കുഞ്ഞുങ്ങളോടുള്ള കടമകളും മറന്നിട്ടില്ല. മതം അനുശാസിക്കുന്നവയും കൃത്യമായി അനുഷ്ഠിക്കുന്നുണ്ട്. എന്തിന്, കണ്ടുമുട്ടുന്ന മനുഷ്യരെപ്പോലും നന്മയിലേക്കു പിന്തിരിപ്പിക്കാന്‍ കഴിയുന്നുണ്ട്. എന്നാലും നമ്മള്‍ ജീവിക്കേണ്ട ജീവിതത്തിന് ഇതൊന്നും മതിയായ കാരണങ്ങളാകുന്നില്ല. ആയിരുന്നെങ്കില്‍ മത്തായി 7:21 ലെ ആ നല്ല മനുഷ്യര്‍ക്കു മുന്നില്‍ ആ വാതിലടയുകയില്ലായിരുന്നു. അവിടുത്തെ നാമത്തില്‍ പ്രവചിക്കുകയും പിശാചുക്കളെ പുറത്താക്കുകയും അത്ഭുതങ്ങള്‍ ചെയ്തവരുമാണവര്‍. അതെ, ദൈവം കൂടെ ഉണ്ടായിരുന്ന നല്ല മനുഷ്യരായിരുന്നു അവര്‍. അതുകൊണ്ടുമാത്രം കാര്യങ്ങള്‍ ശുഭകരമാകുന്നില്ല. ഞാന്‍ നിങ്ങളെ അറിയുന്നില്ലെന്നാണ് യജമാനന്റെ നിലപാട്. എന്തുകൊണ്ടാണ് അവര്‍ സ്വാഗതം ചെയ്യപ്പെടാതെ പോയത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. അവരുടെ അദ്ധ്വാനം മുഴുവന്‍ മറ്റുള്ളവരുടെ ജീവിതം നേരെയാക്കാനായിരുന്നു. ഏതാണ്ട് നമ്മുടെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെതന്നെ.

ഒരു ദിവസത്തില്‍ നമ്മള്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ഒന്ന് ഓര്‍ത്തെടുത്താല്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മറ്റുള്ളവരുടെ ചെയ്തികളെക്കുറിച്ചാണ് എല്ലാവര്‍ക്കും ഉത്കണ്ഠ! അല്ലെങ്കില്‍ ഓര്‍ത്തുനോക്കൂ, എന്തിനെക്കുറിച്ചാണ് നമ്മള്‍ കൂടുതലും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ കിഴിച്ചാല്‍ പിന്നെ എന്തു ബാക്കിയുണ്ടാകും? അതിനിടയില്‍ നമ്മളിലേക്കു തന്നെയൊന്ന് പാളിനോക്കാന്‍ നേരമില്ലാതെ പോകുന്നു. ഈ എല്ലാ അങ്കത്തിനുമൊടുവില്‍ സ്വന്തം ആത്മാവിന്റെ കണക്ക് അവിടുന്ന് ചോദിക്കുമ്പോള്‍ എന്തുത്തരം നല്‍കും.

ക്രിസ്തു പറയുന്ന വയലിലൊളിപ്പിച്ച നിധി ഇതാണ് – ഓരോരുത്തരുടെയും ഉള്ളിലെ ആത്മാവ്. അല്ലെങ്കില്‍ ദൈവാംശം. ദൈവത്തോട് കുറെക്കൂടി ആഭിമുഖ്യമുള്ള മനുഷ്യര്‍ ആ നിധി കണ്ടെത്താനുള്ള നിരന്തരമായ ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. കണ്ടെത്തി കഴിയുമ്പോള്‍ അത് സംരക്ഷിക്കാനുള്ള അതീവ ജാഗ്രതയും അവര്‍ പുലര്‍ത്തുന്നു. പൗലോസിന്റെ ഭാഷയില്‍ ആത്മാവിനെ  ഉജ്ജ്വലിപ്പിച്ചു നിറുത്താനുള്ള ശ്രമങ്ങള്‍.

ചെറുപ്പമായിരുന്നപ്പോള്‍ എന്നെ അലട്ടിയിരുന്ന ഒരു കാര്യമാണ് എന്തിനാണ് ക്രിസ്തു ഇത്ര ദീര്‍ഘമായി പ്രാര്‍ത്ഥിച്ചത്? ദൈവമായിരുന്നില്ലേ അവിടുന്ന്. 40 ദിനരാത്രങ്ങള്‍ മരുഭൂമിയുടെ ഏകാന്തതയില്‍ ആയിരുന്നപ്പോഴും പിന്നീട് പല രാത്രികളില്‍ മുഴുവന്‍ സമയവും പ്രാര്‍ത്ഥിച്ചപ്പോഴും എന്തായിരിക്കാം അവിടുന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുക. തനിക്കുവേണ്ടിയോ മറ്റുള്ളവര്‍ക്കുവേണ്ടിയോ പ്രാര്‍ത്ഥിക്കുക എന്നതിനെക്കാള്‍ തന്റെതന്നെ ദൈവാവബോധത്തെ ഉണര്‍ത്തുവാനുള്ള നിമിഷങ്ങളായിരുന്നിരിക്കണം അവിടുത്തേക്കത്. ആ അവബോധത്തിനുമേല്‍ മറയിട്ടേക്കാവുന്ന സാഹചര്യങ്ങളിലായിരുന്നു പകല്‍ മുഴുവന്‍ അവിടുന്ന് വ്യാപരിച്ചിരുന്നത്. അങ്ങനെയൊരു അപകടത്തില്‍ പെടാതിരിക്കാന്‍ സ്വയമൊരു രക്ഷാകവചം പ്രാര്‍ത്ഥനയിലൂടെ അവിടുന്ന് നിര്‍മിച്ചതായിരിക്കണം. ആ ദൈവാവബോധം (ക്രിസ്തുവിനത് ആബാ – അവബോധം ആയിരുന്നു). വളര്‍ന്നു വളര്‍ന്ന് ഞാനും പിതാവും ഒന്നാണെന്ന അവബോധത്തോളമെത്തുന്നു.  മൂന്നോ നാലോ ദിവസം മാത്രം നീണ്ടുനില്ക്കുന്ന ഒരു ധ്യാനത്തിനു ക്ഷണിക്കുമ്പോള്‍ പോലും അത്രയ്ക്ക് അപരാധമൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സ്‌നേഹിതര്‍ ക്രിസ്തു എന്തിനാണ് ഇത്ര ദീര്‍ഘമായി പ്രാര്‍ത്ഥിച്ചത് എന്ന് ചിന്തിക്കുന്നത് നല്ലതല്ലേ.

പൗലോസ് ശ്ലീഹായുടെ ജീവിതമാണ് നമുക്ക് ചേരുന്ന ഉപമ. മണ്‍പാത്രത്തിലെ നിധിയെന്നാണ് ആത്മീയതയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് (2 കോറി. 4:7). തന്റെ ഉള്ളിലുള്ള ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ പ്രകാശമാണതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആ പ്രകാശത്തില്‍ നിലനില്ക്കാന്‍ തന്റെ പരിശ്രമവും ജാഗ്രതയും വേണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ചില ശാരീരിക നിയന്ത്രണങ്ങള്‍ക്ക് അദ്ദേ ഹം സ്വയം വിധേയനായി. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച താന്‍ തന്നെ തിരസ്‌ക്കരിക്കപ്പെടാതിരിക്കാനാണത് എന്നാണ് അതിന് അദ്ദേഹത്തിന്റെ വിശദീകരണം (1 കോറി. 9:27). മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ആളാണ്. എന്നിട്ടും തിന്മയിലേക്കു ചായ്‌വുള്ളവനാണ് താനെന്ന്  വിനയത്തോടെ അദ്ദേഹം സമ്മതിക്കുന്നു. ഒടുവിലദ്ദേഹം ക്രിസ്തുവിനോളംതന്നെ ഉയരുന്നുണ്ട്. ആ ഉയരത്തില്‍ നിന്നുകൊണ്ടാണ് ‘ഞാന്‍ ജീവിക്കുന്നു, എന്നാല്‍, ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു’ എന്ന് അദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞത്.

ഒരായിരം കാര്യങ്ങളില്‍ വിഭജിക്കപ്പെട്ടു പോകുന്ന നമുക്ക് എപ്പോഴും ദൈവസ്മൃതിയില്‍ ആയിരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ദിവസത്തില്‍ മൂന്നുമിനിറ്റില്‍ കൂടുതല്‍ ദൈവത്തെ വിസ്മരിക്കുന്നില്ല എന്നു പറയുന്ന കൊച്ചുത്രേസ്യായെപ്പോലുള്ള വലിയ വിശുദ്ധരൊക്കെ നമ്മെ അത്ഭുതപ്പെടുത്തുന്നുമുണ്ടാകാം. എങ്കിലും നമ്മുടെ അടിസ്ഥാനവിചാരമായി ദൈവം ഉണ്ടായിരിക്കുക എന്നത് ആര്‍ക്കും കഴിയുന്നകാര്യമാണ്. അപ്പോഴുമുണ്ട് ഒരു ചെറിയൊരു പ്രശ്‌നം. നമ്മിലെ ദൈവാവബോധത്തെ വളര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ മാത്രമാണോ നമ്മള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അതു ചിന്തിക്കാനുള്ള കാലമാണ് നോമ്പിന്റേത്. പൗലോസ് പറയുന്നതുപോലെ എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാല്‍, എല്ലാം പ്രയോജനകരമല്ല എന്ന ചിന്ത നമുക്കെന്തുമാത്രം ഉണ്ട്. ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ളത് ചെയ്യാമെന്നൊക്കെ അവകാശപ്പെടുന്നവര്‍ ധ്യാനിക്കേണ്ട തിരുവചനമാണിത്. നമുക്കോ നമ്മോടു ചേര്‍ന്നുനില്ക്കുന്നവര്‍ക്കോ ഒരുതരത്തിലും സഹായകരമല്ലാത്തതുകൊണ്ടാണ് മദ്യപാനവും പുകവലിയുമൊക്കെ തെറ്റായി മാറുന്നത്. അല്ലെങ്കില്‍ ടി.വി. കാണുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ല. എന്നാല്‍, നാളെ പരീക്ഷയുള്ള കുട്ടിക്കതു ഉചിതമായ കാര്യമല്ലല്ലോ? സീരിയല്‍ കാണാനിരിക്കുന്ന വീട്ടമ്മയും തെറ്റൊന്നുമല്ല ചെയ്യുന്നത.് എന്നാലും അത് എന്തുമാത്രം പ്രയോജനകരമാണ് എന്ന് വിലയിരുത്തി തീരുമാനിക്കാവുന്നതേയുള്ളൂ.

ശരിയാണ്.  നമുക്കു പ്രയോജനകരമല്ലെന്നു തോന്നുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ നോമ്പുകാലത്ത് നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, നോമ്പു തീരുന്നതോടെ എല്ലാം പഴയപടിയായാല്‍ അതുകൊണ്ടെന്തു പ്രയോജനം?

സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും നല്കുക എന്ന ലളിതമായ പാഠം വഴി ജീവിതത്തോടുള്ള നമ്മുടെ നിലപാടെന്തായിരിക്കണമെന്ന് ക്രിസ്തു പഠിപ്പിച്ചു തരുന്നുണ്ട്. അതിന്റെ അര്‍ത്ഥം ഒരു പാദം ഭൂമിയിലും മറു പാദം സ്വര്‍ഗത്തിലുമായിരിക്കണം ഊന്നിനില്‌ക്കേണ്ടത്. പക്ഷേ, പാത്രത്തില്‍ എണ്ണയുമായി നഗരക്കാഴ്ചകള്‍ കാണാന്‍ പോയ ദൈ വാന്വേഷിയുടെ ജീവിതം പോലെയാണ് പലപ്പോഴും നമ്മുടെ ജീവിതം.  പൗലൊ കൊയ്‌ലോ പറഞ്ഞുതരുന്ന ആ മനുഷ്യന്റ കഥയ്ക്ക് എക്കാലത്തും പ്രസക്തിയുണ്ട്.

എന്താണ് ആത്മീയ ജീവിതം എന്നന്വേഷിച്ചാണയാള്‍ ഗുരുവിനടുത്തെത്തിയത്. ഗുരുവാകട്ടെ ഒരു പാത്രത്തില്‍ എണ്ണ നിറച്ചുനല്കിയിട്ട്, ഒരു തുള്ളിപോലും തുളുമ്പിപ്പോകാതെ നഗരക്കാഴ്ചകള്‍ കണ്ട് മടങ്ങിവരാനാവശ്യപ്പെട്ടു. യുവാവ് പോയി വൈകുന്നരം തിരികെയെത്തി. ഭാഗ്യം. ഒരു തുള്ളിപോലും തുളുമ്പിപ്പോയിട്ടില്ല. നീ നഗരത്തിലെ കാഴ്ചകള്‍ കണ്ടോ? ഇല്ല. എന്തുപറ്റി? എണ്ണ നഷ്ടപ്പെടാതിരിക്കന്‍ ശ്രദ്ധിക്കുന്നതിനിടെ അതിനു കഴിഞ്ഞില്ല. ഗുരു വീണ്ടുമവനെ പറഞ്ഞയച്ചു. ഇത്തവണ അവന്‍ കാഴ്ച കണ്ടു. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ പാത്രത്തില്‍ ഒരു തുള്ളി എണ്ണയില്ല. എണ്ണ തുളുമ്പാതെ കാഴ്ച കാണാന്‍ കഴിയുന്ന കലയാണത്.

അത് എങ്ങനെയുള്ള ജീവിതമായിരിക്കുമെന്നറിയാന്‍ നമ്മുടെ തൊട്ടുമുമ്പുള്ള തലമുറയെ ഒന്നു ശ്രദ്ധിച്ചാല്‍ മതി. പ്രത്യേകിച്ച് കര്‍ഷകരായ മാതാപിതാക്കളെ. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന അവരുടെ പ്രഭാതങ്ങള്‍. എത്ര ലാഭം കിട്ടുമെന്നു വച്ചാലും ഞായറാഴ്ചകളില്‍ തോട്ടത്തിലോ കടലിലോ പോകേണ്ട എന്നവര്‍ നിശ്ചയിച്ചു. ആദ്യത്തെ വിളവ് കൃതൃമായി പള്ളിക്കുവേണ്ടി നീക്കി വച്ചു. ഇന്നുമുണ്ട്  നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അങ്ങനെ ജീവിക്കുന്ന ചെറുപ്പക്കാരായ മാതാപിതാക്കള്‍.

നമ്മില്‍ നിക്ഷേപിച്ചിട്ടുള്ള ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന പൗലോസിന്റെ വാക്കുകള്‍ ഓര്‍മിക്കുക. അതിനെ തീരെ ഗൗനിക്കാതെ എത്രകാലം നമ്മള്‍ മുന്നോട്ടുപോകും. ഒടുവില്‍ തീരെ നിനയ്ക്കാത്ത നേരത്ത്, മങ്ങിയൊരന്തിവെളിച്ചത്തില്‍ ചെന്തീപോലെ ആ മാലാഖ കടന്നുവന്നാല്‍ എന്തായിരിക്കും ആ ആത്മാവിന്റെ സ്ഥിതി. ആത്മാവു തന്നെ അവിടെ ഉണ്ടായിരിക്കുമോ? അതോ അതിനെ മൊത്തമായി വിറ്റിട്ടുണ്ടാവുമോ? അങ്ങനെയും ഒരപകടം പതിയിരിപ്പുണ്ട്. സാവൂളിന്റെയും സാംസന്റെയും കാര്യത്തില്‍ സംഭവിച്ചതുപോലെ. ദൈവം പ്രത്യേകം തിരഞ്ഞെടുത്തവരാണ്. വളരെ ശക്തവും പ്രകടവുമായ ആത്മാഭിഷേകം സ്വീകരിച്ചവര്‍. എന്നിട്ടും ദൈവത്തിന്റെ ആത്മാവ് അവരെ വിട്ടുപോയി. രണ്ടുപേരും അതു തിരിച്ചറിഞ്ഞില്ല എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതു തിരിച്ചറിയുമ്പോഴേക്കും സമയം വൈകുന്നു. സ്വന്തം ആത്മാവിനെ മറന്ന് ബാക്കിയുള്ളതൊക്കെ ശേഖരിച്ച മനുഷ്യന്റെ ഉപമയില്‍ ഈശോ ചോദിക്കുന്ന ആ  ചോദ്യത്തിലുമുണ്ട് അതിന്റെ ധ്വനി. ലോ കം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമായാല്‍ എന്തു ചെയ്യും.

പൗലോസിന്റെ ഭാഷയില്‍ എല്ലാവരും ഒരു ഓട്ടക്കളത്തിലാണ്. കളിയുടെ നിയമമനുസരിച്ച് ഓടിയെത്തുന്നവര്‍ക്കാണ് സമ്മാനം. ഈ ഓട്ടത്തിനിടയില്‍ പതുക്കെയൊന്ന് നിന്ന് ട്രാക്കിലൂടെതന്നെയാണോ ഓടുന്നതെന്ന് ശ്രദ്ധിക്കാനുള്ള കാലമാണ് നോമ്പിന്റേത്. ഓരോരുത്തര്‍ക്കുമുണ്ട് ദൈവം വരച്ചിട്ടിരിക്കുന്ന ഓരോ ട്രാക്ക്. ഓട്ടത്തിനൊടുവില്‍ ആ വരയിലൂടെയല്ല  താനോടിത്തീര്‍ത്തത് എന്നറിയുന്നതിനെക്കാള്‍ വലിയ ദുരന്തമെന്തുണ്ട്.

വാസ്തവത്തില്‍ നമ്മുടെ ആത്മീയാനുഷ്ഠാനങ്ങളൊക്കെ നമ്മുടെ ഈശ്വരാവബോധത്തെ കൂടുതല്‍ സ ജീവമാക്കാനാണ് സഹായിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ആ ഒരു കാര്യമൊഴികെ ബാക്കിയെല്ലാം നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു തിരുനാള്‍ കഴിഞ്ഞും കണ്‍ വെന്‍ഷന്‍ കഴിഞ്ഞും ഇറങ്ങുമ്പോള്‍ നമ്മിലെന്തുമാത്രം ഈശ്വരബോധം ബാക്കിയുണ്ട്? പരസ് പരം മത്സരിക്കാനുള്ള വിഷയമായി ഇത്തരം സന്ദര്‍ഭങ്ങള്‍ മാറുന്നുവെന്നത് എപ്പോഴും എന്റെ ഒരു സങ്കടമാണ്. ഇത്തരം ആര്‍ഭാടങ്ങള്‍ നമ്മളെ ഒന്നിനും സഹായിക്കുന്നില്ല എന്നറിയുന്നതുകൊണ്ടാണ് പ്രകാശമുള്ള മനുഷ്യര്‍ സ്വകാര്യമായ പ്രാര്‍ത്ഥനാനിമിഷങ്ങളില്‍ ആയിരിക്കുവാന്‍ ഇഷ്ടപ്പെട്ടത്.

നോമ്പുകാലം ഇതിനുള്ള കാലംകൂടിയാണ് – ഓരോരുത്തരും തങ്ങളുടെ ഈശ്വരാവബോധത്തെ കുറേക്കൂടി സജീവമാക്കുക. സ്വന്തം ആത്മാവിലേക്ക് തിരിയുമ്പോള്‍ മാത്രം സംഭവിക്കുന്ന കാര്യമാണത്. അങ്ങനെ അവനവനിലേക്കുള്ള ഈ മടക്കയാത്ര ഈശ്വരനിലേക്കുള്ള തീര്‍ത്ഥയാത്രയായി മാറുന്നു.

ഒരു കഥയുണ്ട്. ക്രിസ്തു തെരുവിലൂടെ നടക്കുകയാണ്. ഇടയ്ക്കുവച്ച് ഏതാനും പേര്‍ ദുഃഖിതരായിരിക്കുന്നതു കണ്ട് അവന്‍ ചോദിച്ചു: ”എന്താണു നിങ്ങളുടെ ദുഃഖത്തിനു കാരണം?” ”നരകത്തെക്കുറിച്ചുള്ള പേടി”. അവിടുന്നു വീണ്ടും നടന്നു. അപ്പോഴും കണ്ടു ദുഃഖിതരായ മറ്റു ചില മനുഷ്യരെ. അവരോടും കാരണമാരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: സ്വര്‍ഗത്തെക്കുറിച്ചുള്ള അഭിലാഷം ഞങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നു.” വീണ്ടും മുന്നോട്ടുനടന്ന ക്രിസ്തു വേറൊരു സംഘത്തെ കണ്ടു. അവരുടെ മുഖത്ത് അലൗകികമായ തേജസ്സുണ്ടായിരുന്നു. ക്രിസ്തു ചോദിച്ചു: ”എന്താണ് നിങ്ങളെ ആനന്ദിപ്പിക്കുന്നത്? ” ”സത്യത്തിന്റെ ചൈതന്യം. ഞങ്ങള്‍ അതു കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ മറ്റുള്ള ചെറിയ കാര്യങ്ങളൊക്കെ ഞങ്ങള്‍ മറന്നുപോയി.” ക്രിസ്തു പറഞ്ഞു; ”വിധി ദിവസത്തില്‍ നിങ്ങള്‍ ദൈവത്തോടൊപ്പമായിരിക്കും.”

സി. ശോഭ സിഎസ്എന്‍
കടപ്പാട്: അമ്മ മാസിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.