തിന്മകൾ പെരുകുന്നത് തടയാൻ നഗരം മുഴുവൻ വെഞ്ചരിക്കാൻ ഒരുങ്ങി കൊളംബിയൻ ബിഷപ്പ് 

തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെയുള്ള അതിക്രൂരമായ തിന്മകളെ ഇല്ലാതാക്കുവാൻ കത്തീഡ്രൽ നഗരം മുഴുവൻ വെഞ്ചരിക്കുവാനൊരുങ്ങി ബ്യൂണവെൻചുറയിലെ ബിഷപ്പ് റൂബൻ ഡാരിയോ ജറാമിലോ മോണ്ടോയ. നാളെ, ശനിയാഴ്ച നഗരം മുഴുവൻ വെഞ്ചരിക്കുവാനാണ് പദ്ധതിയിടുന്നത്.

വിമാനത്തിന്റെ സഹായത്തോടെ വിശുദ്ധജലം തളിച്ച് നഗരത്തെ ആശിർവദിക്കുന്ന ആശയം ബിഷപ്പ് നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, മാധ്യമങ്ങൾ അത് ഭൂതോച്ഛാടനം എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്‌തത്‌. എന്നാൽ, അത് ഭൂതോച്ഛാടനം അല്ല എന്നും നഗരത്തെ ആശിര്‍വദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

ജൂലൈ പതിമൂന്നാം തീയതി നഗരം വെഞ്ചരിക്കുന്ന കർമ്മം നടക്കും; എന്നാൽ അത് ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ ആയിരിക്കില്ല. അടുത്ത കാലത്തായി ആളുകൾ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടതും കടന്നുചെല്ലാൻ ഏറ്റവും പ്രയാസമേറിയതുമായ ഇടങ്ങളിലേയ്ക്ക് ഞങ്ങൾ പോകുവാൻ തയ്യാറെടുക്കുകയാണ് എന്ന് ബിഷപ്പ് മാധ്യമങ്ങളെ അറിയിച്ചു. വാഹനത്തിന്റെ സഹായത്തോടെ വിവിധയിടങ്ങളിലേയ്ക്ക് സഞ്ചരിക്കുന്ന വൈദികൻ, വിശുദ്ധജലം തളിച്ചു കടന്നുപോകും. തുടർന്ന് ആക്രമണങ്ങൾ കൂടുതലായി നടക്കുന്ന ഇടങ്ങളിൽ വാഹനം നിർത്തുകയും വൈദികന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും വെഞ്ചരിപ്പും നടത്തുകയും ചെയ്യും.

വിശുദ്ധജലം തളിച്ചു പ്രാർത്ഥിക്കുന്നതിലൂടെ ജീവന്റേതായ ഒരു സംസ്കാരം – ശാന്തത നഗരത്തിൽ കൈവരും എന്ന പ്രതീക്ഷയയിൽ ഈ വലിയ ഒരു കർമ്മത്തിനായി പ്രാർത്ഥിച്ചൊരുങ്ങുകയാണ് ഇവിടുത്തെ വിശ്വാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.