ക്രിസ്തീയ വിരുദ്ധ മൂല്യങ്ങൾക്ക് പിന്തുണ: കൊക്കക്കോളയെ മുട്ടുകുത്തിച്ച് ഹംഗറി

ക്രിസ്തീയ വിവാഹമൂല്യങ്ങൾക്ക് എതിരായി സ്വവർഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പരസ്യം പിൻവലിച്ച് കൊക്കക്കോള കമ്പനി. വിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സ്വവർഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ച് കൊക്കക്കോള കമ്പനി പുറത്തിറക്കിയ പരസ്യ ക്യാംപെയിൻ പിൻവലിച്ചത്.

രാജ്യവ്യാപകമായി കൊക്കക്കോള ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് ‘പ്രണയ വിപ്ലവം’ എന്ന പ്രമേയവുമായി കൊക്കക്കോള കമ്പനി പുറത്തിറക്കിയ പരസ്യങ്ങൾ പിൻവലിക്കുവാൻ കമ്പനിയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി വിക്ടർ ഓർബൻ അംഗമായ ‘ഫിദെസ്’ പാർട്ടിയുടെ ഡെപ്യൂട്ടി സ്പീക്കർ ബോൾഡോഗ് ഇസ്ത്വാനാണ് കൊക്കക്കോള ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള നീക്കവുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് അത് രാജ്യമൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു.

‘സീറോ പഞ്ചസാര, സീറോ മുൻവിധി,’ ‘നോ പഞ്ചസാര, നോ അന്ധവിശ്വാസം’ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളും മഴവില്ലിന്റെ പശ്ചാത്തലത്തിൽ സ്വവർഗ്ഗാനുരാഗികളായ ‘ദമ്പതികൾ’ കോക് സീറോ ആസ്വദിക്കുന്ന ചിത്രവും ഈ മാസത്തിന്റെ ആരംഭത്തിലാണ് ബുഡാപെസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ നാല്പത്തിനായിരത്തോളം ആളുകൾ ഒപ്പിട്ട നിവേദനം ബുഡാപെസ്റ്റ് മേയർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്  പ്രതിഷേധം ശക്തമാവുകയും പരസ്യം പിൻവലിക്കാൻ കമ്പനി നിർബന്ധിതരാവുകയും ആയിരുന്നു.