സര്‍ക്കുലര്‍ – വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ 2020

യേശുവില്‍ സ്‌നേഹം നിറഞ്ഞ ബഹു. വൈദികരേ, ബഹു. സമര്‍പ്പിതരെ, പ്രിയ സഹോദരീ-സഹോദരന്മാരേ,

ഈശോയുടെ പീഢാസഹനങ്ങളെയും ഉത്ഥാനത്തെയും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കുകയാണല്ലോ. ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയുടെ ദുരിതം പേറുന്ന സങ്കടകരമായ ഈ അവസ്ഥയില്‍ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി പീഢകള്‍ സഹിച്ച് മരണത്തെ ജയിച്ച യേശുനാഥനോട് ചേര്‍ന്ന് ലോകരക്ഷയ്ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം. ഈ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും സഭാനേതൃത്വവും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ നമുക്ക് കടമയുണ്ട്.
പരിശുദ്ധ സിംഹാസനവും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ അദ്ധ്യക്ഷനും ആരാധനക്രമത്തെക്കുറിച്ചു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ അതിരൂപതയിലെ വിശുദ്ധവാര ആചരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു.

1. നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടത്.

2. ബഹുമാനപ്പെട്ട വൈദികര്‍, സാധാരണ നിലയില്‍ അതത് ദൈവാലയങ്ങളിലാണ് തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 5 പേരില്‍ താഴെയാണെന്ന് (നിലവിലുള്ള നിര്‍ദ്ദേശമനുസരിച്ച്) ബഹു. അച്ചന്മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

3. ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍, മാധ്യമങ്ങളിലൂടെയെങ്കിലും പങ്കെടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. ലൂര്‍ദ്ദ് കത്തീഡ്രല്‍ ദൈവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ മീഡിയ കത്തോലിക്കാ വഴിയും, ടിസിവി, എസിവി, ഷെക്ക്‌യ്‌ന എന്നീ ടിവി ചാനലുകള്‍ വഴിയും സംപ്രേഷണം ചെയ്യുന്ന വിവരം ജനങ്ങളെ അറിയിക്കേണ്ടതാണ്.

4. ഓശാന ഞായറാഴ്ചയിലെ വിശുദ്ധ ബലിയിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുന്ന ചുരുക്കം പേര്‍ക്ക് പ്രതീകാത്മകമായി മാത്രം കുരുത്തോലകള്‍ ആശീര്‍വദിച്ചാല്‍ മതിയാകും. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോലകള്‍ ആശീര്‍വദിച്ച് വിതരണം ചെയ്യേണ്ടതില്ല.

5. പെസഹാവ്യാഴാഴ്ചയിലെ കാലുകഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്.

6. പീഡാനുഭവ വെള്ളിയാഴ്ച കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും ദൈവാലയത്തിനു പുറത്ത് നടത്താന്‍ പാടില്ല.

7. ആരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാനിലെ തിരുസംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പീഡാനുഭവ വെള്ളിയാഴ്ചയിലെ എല്ലാ തിരുക്കര്‍മ്മങ്ങളും കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചനം ലഭിക്കുക എന്ന പ്രത്യേക നിയോഗത്തിനായി അര്‍പ്പിക്കേണ്ടതാണ്.

8. വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്കാന്‍ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല.

9. ഉയിര്‍പ്പു തിരുനാളിന്റെ കര്‍മ്മങ്ങള്‍ രാവിലെയാണ് നടത്തേണ്ടത്.

10. അമ്പതു നോമ്പിനുശേഷം പൊതുവായി നടത്താറുള്ള ആഘോഷപൂര്‍വ്വകമായ വിശുദ്ധ കുര്‍ബാന സ്വീകരണം ഈ സാഹചര്യത്തില്‍ നടത്തുക സാധ്യമല്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കുന്നതാണ്.

11. മന:സമ്മതവും വിവാഹവും നടത്തേണ്ടിവരുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശമനുസരിച്ച്, അംഗസംഖ്യ പരിമിതപ്പെടുത്തി മാത്രം നടത്തേണ്ടതാണ്.

12. വിവാഹത്തിന് ഒരുക്കമായുള്ള ക്‌ളാസ്സുകള്‍ നടത്താന്‍ സാധിക്കാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍, വിവാഹവും മനസ്സമ്മതവും നടത്തേണ്ടിവരുമ്പോള്‍ ആശീര്‍വ്വദിക്കുന്നതിനു മുമ്പുതന്നെ വിവാഹത്തോടനുബന്ധിച്ചുള്ള ക്ലാസ്സുകളില്‍ വിവാഹശേഷം പങ്കെടുക്കുമെന്നുള്ള സത്യവാങ്മൂലം അവരില്‍ നിന്ന് എഴുതിവാങ്ങേണ്ടതാണ്. കോവിഡ്-19 നിയന്ത്രണത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാഹപരസ്യം ഒഴിവാക്കപ്പെട്ടതായി കണക്കാക്കാവുന്നതാണ്.

13. രോഗീലേപനം നല്‍കേണ്ടിവരുന്ന അവസരത്തില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും സ്പര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്. മൃതസംസ്‌കാരത്തിന് ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

14. കോവിഡ്-19 കാലഘട്ടത്തെ തുടര്‍ന്നുള്ള അടിയന്തിര ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ സന്നദ്ധരായവരുടെ ഒരു ടീം ഇടവക തലത്തിലും അതിരൂപത തലത്തിലും സാന്ത്വനം സോഷ്യല്‍ അപ്പസ്റ്റോലെറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ SAVE Thrissur (Santhwanam Archdiocesan Volunteers at Emergency) എന്ന പേരില്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു. അതിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താഴെ കൊടുക്കുന്ന Link വഴിയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്

https://forms.gle/b7N1PUABmHVutHCw9.

പ്രിയ സഹോദരീ-സഹോദരന്മാരേ, ഗവണ്‍മെന്റ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്കുവാനായി ബഹു. വികാരിയച്ചന്മാര്‍ പരിശ്രമിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ബഹു. അച്ചന്മാരേയും അതിനായി പരിശ്രമിക്കുന്ന ഏവരേയും പ്രത്യേകമായി അഭിനന്ദിക്കുകയും അവരുടെ സന്മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഈ ലോക്ക് ഡൗണ്‍ കാലഘട്ടം ഏപ്രില്‍ 14-ന് തീരുമെന്ന് നേരത്തെ പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും അതിന്റെ കാലാവധി നീട്ടുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ പഞ്ചായത്ത്, സന്നദ്ധസംഘടനകള്‍, കുടുംബകൂട്ടായ്മകള്‍ തുടങ്ങിയവ വഴി പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ അവസരത്തില്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. മാനവകുലത്തിന് രക്ഷ നല്‍കുവാന്‍ പീഢാസഹനങ്ങള്‍ ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളില്‍ പങ്കുചേരുന്ന നമുക്ക് ത്യാഗങ്ങളും പ്രാര്‍ത്ഥനകളും പങ്കുവയ്ക്കലും വഴി രക്ഷയുടെ അനുഭവം സഹോദരങ്ങള്‍ക്ക് കൈമാറുവാന്‍ സാധിക്കട്ടെ.

കോവിഡ്-19 പ്രതിസന്ധി പരിഹരിക്കുന്നതിലും രോഗീപരിചരണത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരായ ഭരണകര്‍ത്താക്കള്‍, ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധസേനാംഗങ്ങള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ നമുക്ക് പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. രോഗികളുടെ സൗഖ്യത്തിനും രോഗം മൂലം മരിച്ചവരുടെ നിത്യശാന്തിക്കും ദു:ഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് സമാധാനവും പ്രത്യാശയും ലഭിക്കുന്നതിനുംവേണ്ടി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഈ ലോകം മുഴുവനേയും കര്‍ത്താവിന്റെ കരുണയ്ക്കായി നമുക്ക് സമര്‍പ്പിക്കാം. കുരിശിലൂടെ ഉയിര്‍പ്പിന്റെ മഹത്വത്തിലേയ്ക്ക് കര്‍ത്താവ് നമ്മെ നയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആഗതമാകുന്ന ഉയിര്‍പ്പുതിരുന്നാളിന്റെ നന്മകളും അനുഗ്രഹവും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ട്,

നിങ്ങളുടെ വത്സല പിതാവ്

മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത