ബ്രിട്ടീഷ് കൊളംബിയയിൽ ദൈവാലയം സംശയാസ്പദമായ സാഹചര്യത്തിൽ കത്തിനശിച്ചു

കൊളംബിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സെന്റ് ജോർജ്ജ് ദൈവാലയം കത്തിനശിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിന് ദിവസങ്ങൾക്കു മുൻപ് ദൈവാലയത്തിന്റെ വാതിലുകൾ അജ്ഞാതരുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നു.

വെളുപ്പിന് 3.15 -ഓടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പോലീസ് തീയണച്ചു എങ്കിലും ദൈവാലയത്തിന്റെ മുഴുവൻ ഭാഗവും കത്തിനശിച്ചു പോയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. “ഇന്ന് ഏറ്റവും ദുഃഖകരമായ ദിനമാണെങ്കിലും ഇത് ഞങ്ങളെ പിന്തിരിപ്പിക്കുകയില്ല. നഷ്ടപ്പെട്ടതെല്ലാം പുനർനിർമ്മിക്കും. സഭ എല്ലായ്പ്പോഴും എല്ലാവർക്കുമായി തുറന്നിരിക്കും. അതോടൊപ്പം സമൂഹത്തിൽ എല്ലാവർക്കും പ്രത്യാശയുടെ ഒരു ദീപമായി തുടരുകയും ചെയ്യും” – കോപ്റ്റിക് ഓർത്തഡോസ് രൂപതാ മെത്രാൻ ബിഷപ്പ് മിന പറഞ്ഞു.

മുൻപും ആക്രമണം നടന്നിട്ടുള്ള സാഹചര്യത്തിൽ സഭയെ സംരക്ഷിക്കുവാൻ ഭരണകൂടം അല്പം കൂടി ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലെ നാല് കത്തോലിക്കാ ദൈവാലയങ്ങളിൽ രണ്ടെണ്ണം ജൂൺ മാസത്തിൽ തന്നെ നശിപ്പിക്കപ്പെട്ടു. 1960 -ലാണ് സെന്റ് ജോർജ്ജ് കോപ്റ്റിക് ദൈവാലയം നിർമ്മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.