സ്നേഹത്തിലൂടെയല്ലാതെ സഭയ്ക്ക് വളർച്ച സാധ്യമല്ല: മാർപ്പാപ്പ

യജമാനനേക്കാൾ വലിയ ശിഷ്യനില്ലെന്നും സേവനത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയാണ് അന്ത്യത്താഴവേളയിൽ ഈശോ നമുക്ക് കാണിച്ചുതന്നതെന്നും മാർപ്പാപ്പ. വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

അന്ത്യത്താഴവേളയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം ഈശോ അവരോട് പറഞ്ഞ വചനങ്ങളാണ് (യോഹന്നാൻ :13:16-20) മാർപ്പാപ്പ ധ്യാനവിഷയമാക്കിയതും. സഭയുടെ മൂന്ന് അടിസ്ഥാന സത്യങ്ങൾ ഈ സംഭവത്തിൽ നിന്ന് വെളിവാകുന്നുണ്ടെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. തിരുവോസ്തിയിലൂടെ സ്നേഹം എന്താണെന്നും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിലൂടെ സേവനമെന്താണെന്നും ഭൃത്യൻ യജമാനനേക്കാൾ വലിയവനല്ലെന്നും നമ്മെ പഠിപ്പിക്കുകയും ചെയ്തു, യേശുക്രിസ്തു. മാർപ്പാപ്പ വ്യക്തമാക്കി.

സ്നേഹവും സേവനവും

തന്റെ തിരുശരീര രക്തങ്ങൾ ഭക്ഷണപാനീയമായി നൽകുകയും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും ചെയ്തതിലൂടെ വിശ്വാസികളുടെ കൂട്ടായ്മയായ സഭയ്ക്ക് വളരാനും വികസിക്കാനുമുള്ള മാതൃകയാണ് ലഭിച്ചത്.

യേശു നൽകിയ മാതൃകകളിൽ ഒന്നാമത്തേത് സ്നേഹമാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാനും ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കാനും യേശു പറഞ്ഞത് അതുകൊണ്ടാണ്. രണ്ടാമത്തേത് സേവനമാണ്. നിങ്ങൾ പരസ്പരം ശുശ്രൂഷകരാകുക എന്നും കർത്താവ് പഠിപ്പിച്ചിട്ടുണ്ടല്ലോ. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ശുശ്രൂഷയിൽ വിനയം

അടുത്തത് ശുശ്രൂഷയിലെ വിനയമാണ്. സേവനം ചെയ്യാം, എന്നാൽ ഭൃത്യൻ യജമാനനേക്കാൾ വലിയവനല്ല എന്ന ചിന്തയോടെയാവണമെന്നുമാത്രം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വിശുദ്ധരും രക്തസാക്ഷികളും

ശുശ്രൂഷകർ എന്ന മനോഭാവത്തോടെ ജീവിച്ച് മരിച്ചവരാണ് സഭയിലെ ഒട്ടുമിക്ക വിശുദ്ധരും രക്തസാക്ഷികളും.

അന്ത്യാഴത്തിന്റെ അവസാനവേളയിൽ യേശു ശിഷ്യന്മാരോട് പറഞ്ഞു, നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കുമെന്ന്. അതുകൊണ്ട് ഇടയ്ക്കെല്ലാം നിശബ്ധരായി നമുക്ക് ശ്രവിക്കാം, എന്റെ ഉള്ളിലേക്ക് നോക്കി യേശു എന്താണ് പറയുന്നത് എന്ന്. യേശു കാട്ടിത്തരുന്ന തെറ്റുകൾ തിരുത്താനും ശ്രമിക്കാം. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.