മാസിഡോണിയയിലെ ക്രിസ്തുമസ്

മാസിഡോണിയന്‍ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളായതിനാല്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് ജനുവരി മാസം ഏഴാം തിയതിയാണ്. ഇതിന് കാരണമായി പറയാവുന്നത് ഓര്‍ത്തഡോക്‌സ് സഭ തങ്ങളുടെ തിരുനാളുകള്‍ക്ക് ഉപയോഗിക്കുന്നത് ജൂലിയന്‍ കലണ്ടറാണ് എന്നതാണ്.

ജനുവരി 5-ാം തിയതി ആരംഭിക്കുന്ന ക്രിസ്തുമസ് ആഘോഷം കോലെഡ് എന്നാണ് അറിയപ്പെടുന്നത്.

ഈ ദിനം ജനങ്ങള്‍ പ്രത്യേകിച്ച് കുട്ടികള്‍ തങ്ങളുടെ അയല്‍പക്കങ്ങളിലും മറ്റും കരോള്‍ ഗാനങ്ങള്‍ പാടി നടക്കും. അവര്‍ക്ക് പ്രതിഫലമായി ഫലങ്ങളും കടലയും നാണയങ്ങളും ലഭിക്കും.

കരോള്‍ ഗാനാലാപനത്തിന് ശേഷം ജനങ്ങള്‍ എല്ലാവരും വലിയ തീ കൂട്ടി അതിനുചുറ്റും ഒന്നിച്ചുചേരും. ഇത് പലപ്പോഴും പാര്‍ക്കുകളിലും മറ്റുമാണ് നടക്കുന്നത്. അതിനാല്‍ നൂറുകണക്കിനാള്‍ക്കാര്‍ക്ക് അതില്‍ സംബന്ധിക്കാന്‍ സാധിക്കും. മറ്റുചിലര്‍ ചെറിയ പരിപാടികള്‍ തങ്ങളുടെ സാധാരണ സമൂഹത്തില്‍ നടത്തി ഒന്നിച്ചുകൂടും. അതോടൊപ്പം പരമ്പരാഗത ഭക്ഷണപാനീയങ്ങളും ഉണ്ടായിരിക്കും.

സന്ധ്യയ്ക്ക്‌ശേഷം ഒരു പ്രത്യേക ക്രിസ്തുമസ്സ് കേക്ക് മുറിക്കുന്ന ചടങ്ങാണ്. അതില്‍ ഒരു നാണയം ഒളിപ്പിച്ച് വച്ചിരിക്കുന്നത് എല്ലാവരുമായും പങ്കുവയ്ക്കപ്പെടും. എല്ലാവരും ഒരോ കഷണം കേക്ക് എടുക്കും. ആര്‍ക്ക് നാണയം ലഭിക്കുന്നുവോ അയാളുടെ അടുത്ത വര്‍ഷം ഭാഗ്യപൂര്‍ണമായിരിക്കും. (കൂടാതെ ഈ വ്യക്തി അടുത്ത വര്‍ഷം ബോണിഫെയര്‍ (തീ കൂട്ടി അതിനു ചുറ്റും സമ്മേളിക്കുന്നത്) നടത്തുവാന്‍ കടപ്പെട്ടിരിക്കും.

ക്രിസ്മസ് രാത്രി (ജനുവരി 6) ജനങ്ങളെല്ലാവരും ഒരു പ്രത്യേക ക്രിസ്മസ് ഭക്ഷണം പ്രതീക്ഷിച്ചിരിക്കും. അത് വൈകുന്നേരമാണ് കഴിക്കുന്നത്. ഈ വിഭവം ‘posna’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതില്‍ പാല്‍ ഉല്‍പന്നങ്ങളോ, മാംസ- മൃഗവിഭവങ്ങളോ ഒന്നും അടങ്ങിയിട്ടില്ല. വിഭവങ്ങള്‍ കടല, വൃത്തിയുള്ളതും ഉണങ്ങിയതുമായ പഴങ്ങള്‍, കടല്‍മത്സ്യം , ബ്രഡ്, വന്‍പയര്‍ സൂപ്പ്, ഉരുളക്കിഴങ്ങ് സലാഡ് തുടങ്ങിയവ അടങ്ങിയതായിരിക്കും. നാണയം അടങ്ങിയ ബ്രഡ് അല്ലെങ്കില്‍ ക്രിസ്മസ് കേക്ക് ഭക്ഷണത്തിനവസാനമാണ് കഴിക്കുന്നത്.

ക്രിസ്തുമസ് രാത്രി പരമ്പരാഗതമായ ഓക്ക് മരംകൊണ്ടുള്ള വിറക് ബഡ്‌നിക് വീടുകളില്‍ കൊണ്ടുവന്ന് കത്തിക്കും. അതിനാല്‍ ക്രിസ്തുമസ് രാത്രിയിലെ ഭക്ഷണം ബഡ്‌നിക് ഡിന്നര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഭവനങ്ങള്‍ ഓക്കു മരങ്ങളുടെ ചില്ലകളാലും ക്രിസ്തുമസ് ട്രീകളാലും അലങ്കരിക്കപ്പെട്ടിരിക്കും. ചിലപ്പോള്‍ ഉണക്കപ്പുല്ലുകള്‍ (കച്ചി) തറയിലും അല്ലെങ്കില്‍ മേശവിരിക്കടിയിലും മറ്റും വിരിച്ചിരിക്കും.

ക്രിസ്തുമസ് ദിനം (ജനുവരി 7) എല്ലാ ക്രിസ്ത്യാനികളും രാവിലെ ദൈവാലയ ശുശ്രൂഷയ്ക്ക് പോകുകയും അതിനുശേഷം തിരിച്ചുവന്ന് വീട്ടില്‍ വലിയ ക്രിസ്തുമസ് വിരുന്ന് ഭക്ഷിക്കുകയും ചെയ്യും. പരമ്പരാഗതമായ ക്രിസ്തുമസ് അഭിവാദനം ഇങ്ങനെയാണ് (‘Hristos se rodi’ -christ is born) അതിനു പ്രത്യുത്തരമായി (Navistina se rodi- He truly is born).

മാസിഡോണിയന്‍ ഭാഷയില്‍ Happy Christmas എന്ന് പറയുന്നത് ‘Sreken Bozik’ എന്നാണ്.

ക്രിസ്തുമസ് ദിനത്തെ വിഭവങ്ങള്‍ പൊരിച്ച ഇറച്ചി, ചീസ്, സലാഡുകള്‍ കുറെയധികം ബ്രഡ്, കേക്ക്, മധുരപലഹാരങ്ങള്‍ ഇവ അടങ്ങിയതായിരിക്കും. ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടര്‍ന്നു വരുന്ന മൂന്നുദിവസങ്ങള്‍ക്കൂടി നീണ്ടു നില്‍ക്കുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.