ക്രിസ്മസ് രാവിന് സാന്ദ്രതയേകി ബിനുവിന്റെ സംഗീതമഴ

ക്രിസ്മസ് കാലം തിരുപ്പിറവി ഗാനങ്ങളാല്‍ സമ്പന്നമായിരിക്കും. പ്രശസ്ത ഗാനരചയിതാക്കളും ആലാപകരും ചേര്‍ന്ന് ശ്രുതിമധുരമായി പുറത്തിറക്കുന്ന ഗാനങ്ങള്‍ ക്രിസ്മസിനെ ഭക്തി സാന്ദ്രമാക്കിത്തീര്‍ക്കുന്നത് പതിവാണ്. എന്നാല്‍ സംഗീത പാരമ്പര്യങ്ങളൊന്നുമില്ലാത്ത രണ്ടു സ്‌നേഹിതരുടെ ക്രിസ്മസ് ഗാനം ഈ ക്രിസ്മസ് രാവിനെ സംഗീത സാന്ദ്രമാക്കുന്നതാണ്. അച്ചടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടക്കൊച്ചി ചക്കാലക്കല്‍ ബിനു രചന നിര്‍വ്വഹിച്ച് ബാങ്ക് ഉദ്യോഗസ്ഥനായ സാബിന്‍ ഭുവന്‍ സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘തൂമഞ്ഞ് തൂവുന്ന രാവില്‍ നിലാവില്‍ രാപ്പാടി പാടിയ രാവില്‍ നിലാവില്‍’ എന്ന ഗാനം ഇതോടകം ഹിറ്റായിരിക്കുന്നു.

കഴിഞ്ഞ തിരുവോണത്തിനാണ് ഈ ഇരുവര്‍ സംഘം സംഗീത രംഗത്തേക്ക് ചുവടുവച്ചത്. ഇത്തവണ ക്രിസ്മസിനെ സാന്ദ്രസംഗീതമാക്കാന്‍ ഈ കൂട്ടുകെട്ടില്‍ നിന്നു പിറവികൊണ്ട ഗാനം ഈണങ്ങളില്‍ പൊതിഞ്ഞ വലിയൊരു ക്രിസ്മസ് സന്ദേശം തന്നെയാണ്. ക്രിസ്മസ് രാവില്‍ പുറത്ത് മഞ്ഞുപൊഴിയുമ്പോള്‍ മനുഷ്യമനസ്സുകളില്‍ സംഗീതത്തിന്റെ ഹിമസ്പര്‍ശമേല്‍ക്കുന്ന അനുഭവമാണ് ഈ ഗാനം പ്രദാനം ചെയ്യുന്നത്. ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷത അടിപൊളി ഓര്‍ക്കസ്‌ട്രേഷന്‍ ഇല്ലായെന്നുള്ളതാണ്. അതുതന്നെയാണ് തൂമഞ്ഞ് തൂവുന്ന രാവിന്റെ ഹൈലൈറ്റും. സാബിന്‍ തന്നെയാണ് ശാന്തവും ഇമ്പകരവുമായ ഓര്‍ക്കസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. മാക്‌സ് മീഡിയ ആനിമേഷനും വിതരണവും നിര്‍വ്വഹിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.