ക്രിസ്തുമസ്‌ ഒരുക്കം: 12 മടക്കം

ഫാ. ഷിജോ പനക്കപതാലിൽ

വിശുദ്ധ ഗ്രന്ഥം ഒരുപാട് പേരുടെ മടക്കയാത്രകൾക്ക് വേദിയാകുന്നുണ്ട്. ദൈവത്തെ കണ്ടു മുട്ടിയപ്പോൾ പുതിയ സൃഷ്ടികൾ ആയവരുടെ മടക്കയാത്രകൾ.  ഈശോയുടെ ജനനത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ രണ്ടു  മടക്കയാത്രകൾ വളരെ ചിന്തനീയമാണ്. ഒന്നാമത്തേത് കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോയെ ആദ്യമായി കാണുവാൻ ഭാഗ്യം ലഭിച്ച ആട്ടിടയരുടെ മടക്കയാത്ര. തങ്ങളോട് മാലാഖമാർ വഴി പറയപ്പെട്ട എല്ലാകാര്യങ്ങളും ആ കാലിത്തൊഴുത്തിൽ അവർക്ക് കാണാൻ സാധിച്ചു. അതിന്റെ സന്തോഷത്തിൽ ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടാണ് അവരുടെ മടക്കം. രണ്ടാമത്തേത് ജ്ഞാനികളുടെ മടക്കം. പൗരസ്ത്യ ദേശത്തുനിന്നും യൂദന്മാരുടെ രാജാവിനെ അന്വേഷിച്ചുവന്നവർക്ക് രാജാവിനെ കൺകുളിർക്കെ കാണുവാനും ആരാധിക്കുവാനും സാധിച്ചു. അവർക്ക് തമ്പുരാൻ മടക്കയാത്രക്ക്  മറ്റൊരുവഴി കാണിച്ചുകൊടുക്കുന്നു.

ദൈവം അയക്കുന്നവരെ വിശ്വസിക്കുക, വിശ്വസിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങളെ ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുക. ആഗ്രഹത്തോടെ, വിശുദ്ധകുർബാനയിൽ പങ്കെടുക്കുക, ആഗ്രഹത്തോടെ ഈശോയെ സ്വീകരിക്കുക, ആഗ്രഹത്തോടെ ജപമാല ചൊല്ലുക, ആഗ്രഹത്തോടെ സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുക്കുക, ആഗ്രഹത്തോടെ കുമ്പസാരിക്കുക, അങ്ങനെ  തമ്പുരാനെ കണ്ടുമുട്ടിയശേഷമുള്ള, അനുഭവിച്ചശേഷമുള്ള ജീവിതവഴികൾ മുമ്പത്തേതിത്തെക്കാൾ മനോഹരമാവട്ടെ. അപ്പോൾ നമ്മുടെ മടക്കയാത്രകൾ അനുഗ്രഹീതമാവും. മുൻപോട്ടുള്ള ജീവിതവും.

നിയോഗം

വിശുദ്ധ കൂദാശകളുടെ സ്വീകരണം ലാഘവത്തോടെ കാണുന്നവർക്ക് വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, തിരുവചനത്തിൽ നിന്നെ കണ്ടുമുട്ടിയവരുടെ ജീവിതങ്ങൾക്കെല്ലാം രണ്ട് ഭാഗം ഉണ്ടായിരുന്നു നിന്നെ കാണുന്നതിന് മുൻപും ശേഷവും. ദൈവികജീവൻ പ്രദാനം ചെയ്യുന്ന പ്രാർത്ഥനകളിലും കൂദാശകളിലും ഉത്സാഹത്തോടെ പങ്കെടുക്കാനും ജീവിതം നവീകരിക്കാനും എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, കൂദാശകൾ ഒരുക്കത്തോടെ സ്വീകരിക്കാൻ എന്നെ അനുഗ്രഹിക്കണമേ.

വചനം

തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്‌ത സകല കാര്യങ്ങളെയുംകുറിച്ച്‌ ദൈവത്തെ മഹത്വപ്പെടുത്തുകയും സ്‌തുതിക്കുകയും ചെയ്‌തുകൊണ്ട്‌ ആ ഇടയന്‍മാര്‍ തിരിച്ചുപോയി. (ലൂക്കാ 2:20)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.