ക്രിസ്മസ് ധ്യാനം 17: നക്ഷത്രം

കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു (മത്തായി 2:9).

ക്രിസ്തുമസ് നമ്മെ നക്ഷത്രങ്ങളെക്കുറിച്ച് ധ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ കാലത്താണ് നമ്മള്‍ ജീവക്കുന്നത്. സിനിമാ സ്റ്റാറുകള്‍, ടിവി സ്റ്റാറുകള്‍, സ്റ്റാര്‍ സിങ്ങേഴ്‌സ്, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍… ഇങ്ങനെ പോകുന്നു അവയുടെ നിര. സ്റ്റാറുകള്‍ – നക്ഷത്രങ്ങള്‍ കുലീനതയുടെയും ഔന്നത്യത്തിന്റെയും പ്രതീകമാണ്. ശ്രേഷ്ഠതയുടെയും ഉയര്‍ച്ചയുടെയും ചിഹ്നമാണ് നക്ഷത്രങ്ങള്‍.

സ്റ്റാറാകാന്‍ ആഗ്രഹിക്കാത്തവരാരും നമ്മുടെ ഇടയിലില്ല. എല്ലാവര്‍ക്കും സ്റ്റാര്‍ ആകാനാണ് താല്‍പര്യം. ക്ലാസിലെ സ്റ്റാര്‍, പാട്ടിലെ സ്റ്റാര്‍, അഭിനയത്തിലെ സ്റ്റാര്‍, ജോലിസ്ഥലത്തെ സ്റ്റാര്‍, വീട്ടിലെ സ്റ്റാര്‍, ഇടവകയിലെ സ്റ്റാര്‍… ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി നമ്മുടെയിടയില്‍ ആരുണ്ട്?

സ്റ്റാര്‍ ആകുന്നത് നല്ലതാണു താനും. സ്റ്റാറാകാന്‍ പോകും മുമ്പേ, എന്താണ് യഥാര്‍ത്ഥ സ്റ്റാറിന്റെ ലക്ഷ്യമെന്നുകൂടി മനസിലാക്കേണ്ടതുണ്ട്. വഴികാട്ടിയാവേണ്ട ആളാണ് സ്റ്റാര്‍. യഥാര്‍ത്ഥ സ്റ്റാര്‍ – നക്ഷത്രം – വഴികാട്ടിയാകേണ്ട ആളാണ്. രക്ഷകന്‍ പിറന്നുവീണ സ്ഥലത്തേയ്ക്ക് ജ്ഞാനികള്‍ക്ക് വഴികാട്ടിയാവുകയാണ് കിഴക്കുദിച്ച നക്ഷത്രം. ജറുസലേമിലെ ഹേറോദേസിന്റെ കൊട്ടാരത്തിലേയ്ക്ക് നയിക്കാതെ, ബത്‌ലഹേമിലെ പുല്‍ക്കൂട്ടിലേയ്ക്ക് മൂന്നു ജ്ഞാനികളെയും നയിക്കുന്ന നക്ഷത്രം. നമ്മള്‍ നക്ഷത്രങ്ങളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റുള്ളവരെ വഴിതെറ്റാതെ നയിക്കുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോകുന്നു എന്നുകൂടി ഓര്‍മ്മിക്കുക.

നക്ഷത്രങ്ങള്‍ അടയാളങ്ങളാണ്. ക്രിസ്തുമസ് കാലം വന്നെത്തി എന്നതിന്റെ അടയാളമായി നമ്മള്‍ വീടുകളിലും കടകളിലും പള്ളികളിലും നക്ഷത്രങ്ങള്‍ തൂക്കുന്നു. യേശുവിന്റെ ജനനത്തിന്റെ അടയാളമായി നക്ഷത്രങ്ങള്‍ മാറുന്നു. നമ്മള്‍ സ്റ്റാര്‍ ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ക്രിസ്തുവിന്റെ അടയാളങ്ങളായി മാറുന്നതിന്റെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോകുന്നു എന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.

നക്ഷത്രങ്ങള്‍ – സ്റ്റാറുകള്‍ ചിരഞ്ജീവികളല്ല, എല്ലാക്കാലത്തും നിലനില്‍ക്കുന്നവരുമല്ല. പുല്‍ക്കൂട് വരെ കൊണ്ടുചെന്നെത്തിക്കാനുള്ള ദൗത്യമാണ് നക്ഷത്രത്തിനുള്ളത്. പുല്‍ക്കൂട്ടിലെത്തിയാല്‍ രാജാക്കന്മാര്‍ പിന്നീട് അനുഗമിക്കുന്നത് പുല്‍ക്കൂട്ടിലുള്ളവനെയാണ്. ഇനിയും തന്നെ അനുഗമിക്കാന്‍ നക്ഷത്രം ജ്ഞാനികളെ നിര്‍ബന്ധിക്കരുത്. അത് അപകടത്തിലേ എത്തിനില്‍ക്കൂ. സ്റ്റാറുകള്‍ വഴിമാറി കൊടുക്കേണ്ടവരാണ്. ഒരുകാലത്ത് നമ്മെ സ്റ്റാറുകളായി കാണുന്നവര്‍, നമ്മേക്കാള്‍ വലിയവരുടെ മഹത്വത്തിലും, നമ്മളേക്കാള്‍ ഉയര്‍ന്നവരുടെ നന്മയിലും പങ്കുചേര്‍ന്ന് നമ്മെ വിസ്മരിക്കുമ്പോള്‍ സങ്കടമരുത്. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള നമ്മുടെ ദൗത്യം പൂര്‍ത്തിയായി എന്ന്  സമാധാനത്തോടെ ആശ്വസിച്ച് പിന്മാറുക.

നക്ഷത്രങ്ങള്‍ വെളിച്ചമാണ്. എപ്പോഴും തെളിഞ്ഞുനില്‍ക്കുന്നവ. എപ്പോഴും കത്തിനില്‍ക്കുന്നവ, എപ്പോഴും കത്തിത്തീര്‍ന്നുകൊണ്ടിരിക്കുന്നവ. വെളിച്ചം നല്‍കുന്നതെന്തും, അത് ആകാശത്തിലെ നക്ഷത്രമായാലും ഭൂമിയിലെ മെഴുകുതിരിയായാലും സ്വയം ഇല്ലായ്മ ചെയ്തുകൊണ്ടാണ് പ്രകാശം പരത്തുന്നത്. നമ്മള്‍ സ്റ്റാര്‍ ആകുന്നത് അപരന് വെളിച്ചം നല്‍കാനായിരിക്കണം. വെളിച്ചം നല്‍കുമ്പോള്‍ സ്വയം കത്തിത്തീരും, ഇല്ലാതായിത്തീരും. അപ്പോള്‍ സ്റ്റാര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം ഇല്ലാതായിത്തീരാന്‍ കൂടി ഉള്ളവരാണ്.

നക്ഷത്രങ്ങളെ തമോഗര്‍ത്തങ്ങള്‍ വിഴുങ്ങുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറയുകയുണ്ടായി. നക്ഷത്രങ്ങളിലെ വെളിച്ചം ഇല്ലാതാക്കാന്‍ വേണ്ടി, അല്ലെങ്കില്‍ മറയ്ക്കാന്‍ വേണ്ടി വലിയ തമോഗര്‍ത്തങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നമ്മിലെ നന്മയെ മറയ്ക്കാനും ഇല്ലാതാക്കാനും വേണ്ടി തിന്മയുടെ ഘടകങ്ങള്‍ നമുക്കു ചുറ്റും ഉണ്ടെന്ന വസ്തുത എപ്പോഴും മനസിലുണ്ടാകണം. സ്റ്റാര്‍ ആകാന്‍ പോകുമ്പോള്‍ നമ്മെ വിഴുങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം അനുസ്മരിക്കേണ്ടതുണ്ട്.

സ്റ്റാര്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നിലെ വെളിച്ചം വര്‍ദ്ധിപ്പിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്, ശ്രമിക്കേണ്ടതുണ്ട്. സമയവും കാലവും കൂടുന്നതിനനുസരിച്ച് വെളിച്ചത്തിന്റെ അളവും കൂട്ടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ ആകാനും സ്റ്റാറായി നില്‍ക്കാനുമൊന്നും അത്ര എളുപ്പല്ല. അതിലേയ്ക്കുള്ള വഴികള്‍ ദുര്‍ഘടവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. സ്റ്റാറാകാന്‍ ശ്രമിക്കുമ്പോള്‍, ചുറ്റുമുള്ള മറ്റ് സ്റ്റാറുകളെ കാണുകയും അംഗീകരിക്കുകയും ചെയ്യുക. ക്രിസ്തുമസ്‌ കാലം മാത്രമല്ല; ജീവിതകാലം മുഴുവന്‍ വെളിച്ചം നിറഞ്ഞതാകും.

ഫാ. വിന്‍സന്റ് ശ്രാമ്പിക്കല്‍

പ്രാര്‍ത്ഥന:

ദൈവമേ, യഥാര്‍ത്ഥത്തില്‍ ഒരു സ്റ്റാര്‍ ആകാന്‍ ഞാനും ആഗ്രഹിക്കുന്നു. സ്റ്റാര്‍ ആകുന്നതിലെ വെല്ലുവിളികള്‍ ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. എങ്കിലും അങ്ങേയ്ക്ക് യഥാര്‍ത്ഥ സാക്ഷിയാകാനുള്ള ആവേശത്തോടെ, സ്റ്റാറാകാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ മുമ്പോട്ടു കൊണ്ടുപോകുന്നു. ദൈവമേ, ആഘോഷിക്കുന്ന ക്രിസ്തുമസ്സുകളുടെ എണ്ണം അനുസരിച്ച് എന്നിലെ നക്ഷത്രത്തിന്റെ വെളിച്ചവും വര്‍ദ്ധിപ്പിക്കണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.