ക്രിസ്മസ് ധ്യാനം: 11 സ്‌നാപക യോഹന്നാന്‍

”നീ അവന് യോഹന്നാന്‍ എന്ന് പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയും ഉണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കുകയും ചെയ്യും… അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും.” (ലൂക്കാ 1: 14-15)

ദൈവം കനിഞ്ഞിരിക്കുന്നു’ എന്നാണ് യോഹന്നാന്‍ എന്ന പേരിന്റെ അര്‍ത്ഥം. നല്‍കപ്പെടുന്നതൊക്കെ ദൈവകൃപയാണെന്ന് ധ്യാനിക്കുന്നവര്‍ക്കേ യോഹന്നാന്‍ ആകാനാകൂ, യോഹന്നാന്റെ ജീവിതത്തെ മനസ്സിലാക്കാനാവൂ.

ഒരു പേരിലെന്തിരിക്കുന്നുവെന്ന് പലരും ചോദിച്ചേക്കാം. സഖറിയായുടെ നാവിന്റെ ബന്ധനമകറ്റുന്നത് യോഹന്നാന്‍ എന്ന പേരാണ്. ശബ്ദം നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് അതു തിരിച്ചു നല്‍കാന്‍ മക്കള്‍ക്കാകും. മക്കളിലൂടെ ഇനിയും അവര്‍ സംസാരിക്കും. മറ്റൊരര്‍ത്ഥത്തില്‍, കുടുംബത്തിനു നഷ്ടമാകുന്നതൊക്കെ തിരിച്ചു നല്‍കുന്ന ‘ദൈവകൃപ’യാണ് യോഹന്നാന്‍. ശിശുക്കളിലേക്കു നോക്കുക, അവിടെ ദൈവകൃപ വെളിവാകുന്നതു കാണാം. ‘അത്യുന്നതന്റെ പ്രവാചക’രാണ് കുഞ്ഞുങ്ങള്‍.

‘ഈ കുഞ്ഞ് ആരായിത്തീരും’ എന്ന ജനങ്ങളുടെ ചോദ്യത്തിന് പല അര്‍ത്ഥങ്ങളുണ്ടാകാം. ഇസ്രായേലിനെ രക്ഷിക്കാന്‍ വന്ന രാജാവായിട്ടാണോ അവനെ കണ്ടത്? അല്ലെങ്കില്‍ നാട്ടിലെ ആധിയും വ്യാധിയും ഇല്ലാതാക്കുന്ന അത്ഭുത പ്രവര്‍ത്തകനാണോ ഇവന്‍? പക്ഷേ സ്‌നാപകന്‍ ഇതൊന്നുമായിരുന്നില്ല. പ്രഥമദൃഷ്ട്യാ വൈരുദ്ധ്യങ്ങളുടെ ആള്‍രൂപം. സാമാന്യ ദൃഷ്ടിയില്‍ യുദ്ധം ചെയ്തു തോറ്റ ഒരു പോരാളി. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ സ്വന്തം തല പോലും നഷ്ടപ്പെട്ടവന്‍. ദൈവത്തിന്റെ കുഞ്ഞാടിനു വഴിയൊരുക്കാനെത്തിയവന്റെ തലതന്നെ വഴിയിലെറിയപ്പെടുന്നു.

കഠിനമായിരുന്നു അവന്റെ പദപ്രയോഗങ്ങള്‍; ബലിഷ്ഠമായിരുന്നു അവന്റെ കരങ്ങള്‍; താപസന്റെ മരുഭൂമിയായിരുന്നു അവന്റെ ജീവിതം. ക്രിസ്തുവിന്റെ ശൈലിയില്‍ നിന്നും ഏറെ വ്യത്യസ്തനായ ഒരു മുന്നോടി. ഒരൊറ്റ വാക്യം മാത്രം മതി, അവനാരെന്ന ക്രിസ്തുസാക്ഷ്യം വെളിവാക്കാന്‍: ”സ്ത്രീകളില്‍ ജനിച്ചവരില്‍ സ്‌നാപകനെക്കാള്‍ വലിയവനായി ആരുമില്ല.” രക്ഷാകരവഴിയില്‍ തന്റെ ദൗത്യം നിര്‍വഹിച്ച് അണിയറയിലേക്ക് സ്‌നേഹപൂര്‍വ്വം പിന്‍വാങ്ങുന്ന ദൈവകൃപയാണ് യോഹന്നാന്‍.

ഒരു രാജാവ് മൂശാരിയെ മണിയുണ്ടാക്കാനേല്‍പിച്ചു. പക്ഷേ ശബ്ദം ശരിയാകുന്നില്ല. ഒരു പരീക്ഷണം കൂടി നടത്താന്‍ അനുവദിച്ചു. ഇത്തവണ മണി ശരിയായില്ലെങ്കില്‍ വധശിക്ഷയാണ് വിധി. ഇതറിഞ്ഞ കൊച്ചു മകള്‍ പ്രതിവിധി തേടി ഒരു സന്യാസിയെ സമീപിച്ചു. സന്ന്യാസി പറഞ്ഞു: ”ശബ്ദം നന്നാകാന്‍ അഴകും ചേരണം.” പിതാവ് ഉരുക്കിയൊഴിക്കുന്ന ലോഹക്കൂട്ടിലേക്ക് അവളെടുത്തു ചാടി. അയാള്‍ക്കവളെ രക്ഷിക്കാനായില്ല. അഴകു ചേര്‍ന്ന ആ മണി വാര്‍ത്തു. ശബ്ദം ഇമ്പമാര്‍ന്നതായി.

യോഹന്നാന്റെ അഴകെല്ലാം മരുഭൂമിയിലെ ചൂടില്‍ ഉരുക്കിവാര്‍ത്തപ്പോള്‍ ക്രിസ്തുവിന്റെ ശബ്ദത്തിന് ഇമ്പമേറി! മഹത്വമാര്‍ന്ന എന്തിന്റെ പിന്നിലും ചില ആത്മസമര്‍പ്പണത്തിന്റെ കഥകളുണ്ടെന്ന ചിന്തയാകട്ടെ ക്രിസ്തുമസിനുളള നല്ല ഒരുക്കം. യേശുവിന്റെ ശബ്ദം കേള്‍ക്കുന്നിടത്തൊക്കെ അവിടുത്തെ മുമ്പേ നടന്നവന്റെ വാക്ധ്വനിയുമുണ്ട്. അരങ്ങില്‍ നിന്നും അണിയറയിലേക്കു പിന്‍വാങ്ങാന്‍ നാം ഇനിയും പഠിച്ചിട്ടില്ല. രക്ഷകന്‍ വരുമ്പോഴും അരങ്ങില്‍ തകര്‍ത്തു മുന്നേറുന്ന അഭിനവ രക്ഷകരാകുന്നു, പലപ്പോഴും നാം.

യോഹന്നാനെക്കുറിച്ചുളള മനോഹരമായ വിശേഷണങ്ങളിലൊന്ന് കര്‍ത്താവിന്റെ കരം കൂടെയുണ്ടായിരുന്നവന്‍ എന്നാണ്. മനുഷ്യരുടെ കൈത്താങ്ങുകള്‍ ദൗര്‍ബല്യമാര്‍ന്നതാണ്, എന്നും മാറ്റാവുന്നവ. എന്നാല്‍ ദൈവകരം ശക്തമാണ്, ഒരിക്കലും മാറാത്തവ. അന്യഗൃഹങ്ങളിലെ ഒരായിരം വിരുന്നു സല്‍ക്കാരത്തെക്കാള്‍ ക്രിസ്തുവിന്റെ മേശയിലെ അത്താഴത്തിന് രുചിയേറുന്നത് അതൊരിക്കലും നമ്മില്‍ നിന്നും എടുക്കപ്പെടുകയില്ല എന്നതുകൊണ്ടല്ലേ? ദൃശ്യകരങ്ങള്‍ പലതും തിരിച്ചെടുക്കപ്പെട്ടപ്പോഴും അദൃശ്യകരത്തിന്റെ ശക്തമായ സംരക്ഷണയില്‍ സ്‌നാപകന്‍ മുന്നേറി. അറുത്തെടുക്കപ്പെട്ട ആ ശിരസ്സില്‍ അവസാനിച്ചില്ല ആ ജീവിതം. രാജകീയ ഭ്രാന്തിന്റെ വാള്‍മുനയ്ക്ക് ആ ജീവിതത്തെ നശിപ്പിക്കാനായില്ല, പൂര്‍ണ്ണമായും. യോഹന്നാന്‍ ഇന്നും ജീവിക്കുന്നു; ദൈവകൃപ ആഘോഷിക്കപ്പെടുന്ന ഏതൊരു ഹൃദയത്തിലും.

ഫലം ചൂടാത്ത കാത്തിരിപ്പില്ല എന്നൊരു വ്യാഖ്യാനവുമുണ്ട്  യോഹന്നാന്റെ ജീവിതത്തിന്. സഖറിയായും എലിസബത്തും ഏതുകാലത്തും ദൈവകൃപ കാത്തിരിക്കുന്ന മനുഷ്യരുടെ പ്രതിനിധികള്‍ തന്നെ. ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയ ഞെട്ടല്‍ സഖറിയായെ മൗനിയാക്കി. അല്ലെങ്കില്‍ തന്നെ ദൈവകൃപയെയും സാന്നിധ്യത്തെയും കുറിച്ചു പറയുമ്പോള്‍ അതിഗാഢമായ മൗനത്തിനു വഴിമാറാതെ വയ്യ. ഫലം ചൂടാത്ത സന്ധ്യകളില്‍, അധ്വാനം പാഴാകുന്ന രാവുകളില്‍, പ്രതീക്ഷ കൈവിടാതിരിക്കാം. വന്ധ്യമാര്‍ന്ന ഉദരത്തില്‍ ജീവന്‍ നിക്ഷേപിച്ചവന്‍, ഇരുളടഞ്ഞ പ്രതീക്ഷകള്‍ക്ക് വസന്തം പകര്‍ന്നവന്‍ നമ്മുടെ ജീവിതത്തിലും കടന്നുവരും, യോഹന്നാനായി, ദൈവകൃപയായി. ജീവിതം യോഹന്നാനാണ്. മറ്റൊന്നുമല്ല ദൈവകൃപ മാത്രം!

ഫാ. റോയി പാലാട്ടി സി.എം.ഐ.

പ്രാര്‍ത്ഥന:

ദൈവമേ, സ്‌നാപകനെപ്പോലെ സത്യത്തിനു സാക്ഷ്യം വഹിക്കാനുള്ള സാഹചര്യങ്ങള്‍ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാകുമെന്ന് ഭയന്നും സ്വന്തം സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്തതുകൊണ്ടും സത്യത്തിനു യഥാര്‍ത്ഥ സാക്ഷ്യം വഹിക്കാന്‍ എനിക്കാവുന്നില്ല. എന്റെ ഹൃദയത്തിന് ഉറപ്പും നട്ടെല്ലിന് ബലവും മനസ്സിന് നിര്‍ഭയത്വവും നല്‍കണമേ. അങ്ങനെ സ്‌നാപകനെപ്പോലെ സാക്ഷിയാ കാന്‍ എന്നെയും അനുഗ്രഹിക്കണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.