ക്രിസ്മസ് ധ്യാനം: 1. മംഗളവാര്‍ത്ത

ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ”ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ!” (ലൂക്കാ 1: 28).

മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ കരുതലും സ്‌നേഹവും അതിന്റെ സര്‍വ്വ ആവരണങ്ങളും നീക്കി വെളിപ്പെടുത്തപ്പെട്ട സുദിനമാണ് മംഗളവാര്‍ത്ത. ലോകരക്ഷയ്ക്കായി അനാദിയിലേ നിശ്ചയിച്ചുറപ്പിക്കപ്പെട്ട്, പഴയ നിയമഗ്രന്ഥങ്ങളിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു വലിയ രക്ഷാകര പദ്ധതിയുടെ പരിസമാപ്തിയായിട്ടാണ് മംഗളവാര്‍ത്തയെ നാം കാണേണ്ടത്. വി. ഗ്രന്ഥത്തിന്റെ സാരസംഗ്രഹവും ഈശോയുടെ ജനനത്തിലൂടെ യാഥാര്‍ത്ഥ്യവുമായ ദൈവിക പദ്ധതിയുടെ വിളംബരവുമാണ് മംഗളവാര്‍ത്ത.

രക്ഷാകര ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവമല്ല മംഗളവാര്‍ത്ത. മറിയത്തെ സംബന്ധിച്ചിടത്തോളം മാലാഖയുടെ സന്ദര്‍ശനം വെറും യാദൃശ്ചികമായിരുന്നെങ്കിലും അത് സംഭവിച്ചത് ദൈവിക പദ്ധതിയുടെ ‘ആറാം മാസത്തി’ലായിരുന്നു. ദൈവം മനുഷ്യരക്ഷയ്ക്കായി ഒരുക്കിയ രക്ഷാകര പദ്ധതിയിലെ ഒരു കണ്ണിയാണ് മംഗളവാര്‍ത്തയെന്ന് ലൂക്കാ സുവിശേഷകന്റെ (ലൂക്കാ 1:26) ‘ആറാം മാസം’ എന്ന പ്രയോഗം ഉറപ്പുനല്‍കുന്നുണ്ട്.

ദൈവകുമാരന്റെ പരസ്യജീവിതത്തിനു വേണ്ട പശ്ചാത്തലമൊരുക്കാന്‍ ദൈവത്താല്‍ നിയോഗിതനായവന്റെ ജനനവാര്‍ത്ത അറിയിക്കുന്ന മംഗളവാര്‍ത്തയും അതേ തുടര്‍ന്ന് യഥാര്‍ത്ഥ രക്ഷകനായ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്തയും ഉള്‍പ്പെടുത്തിയാണ് ലൂക്കാ സുവിശേഷകന്‍ മംഗളവാര്‍ത്തയെ അവതരിപ്പിക്കുന്നത്.

മംഗളവാര്‍ത്തയെക്കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ചിന്ത, ദൈവം മനുഷ്യന്റെ മഹത്വത്തെ അംഗീകരിച്ച അവസരമാണ് മംഗളവാര്‍ത്ത എന്നതായിരിക്കും. മാലാഖയുടെ ‘നന്മ നിറഞ്ഞവളേ’ എന്ന സംബോധന മനുഷ്യമഹത്വത്തോടുള്ള ദൈവത്തിന്റെ ആദരവിന്റെ തെളിവാണ്. അനന്തനന്മയായ ദൈവം തന്റെ സൃഷ്ടിയിലെ നന്മയുടെ സാന്നിദ്ധ്യത്തെ ഏറ്റുപറയുന്നു. മനുഷ്യകുലത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രതീക്ഷകളും പ്രത്യാശകളും ഈ സംബോധനയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ദൈവം മനുഷ്യന്റെ സഹകരണം, സമ്മതം തേടിയതിന്റെ ഓര്‍മ്മകള്‍ കൂടി മംഗളവാര്‍ത്ത പങ്കുവയ്ക്കുന്നുണ്ട്. സര്‍വ്വ പ്രതാപിയും സര്‍വ്വശക്തനുമായ ദൈവത്തെയാണ് നാം പഴയ നിയമഗ്രന്ഥഭാഗങ്ങളില്‍ കണ്ടുമുട്ടുന്നത്. കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിച്ച് ഇടിമുഴക്കത്തിലൂടെ സംസാരിച്ച്, വനപര്‍വ്വതങ്ങളെ നിശ്വാസത്താല്‍ ചുട്ടുചാമ്പലാക്കുന്ന ദൈവം. തിന്മയ്ക്കു പകരം ശാപവും നന്മയ്ക്കു പകരം പുണ്യങ്ങളും നല്‍കി ഒരു പരിധിവരെ പച്ചമനുഷ്യനില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അധികാരി ദൈവം. അനന്തമായ അനുസരണയും വിശ്വസ്തതയും ആവശ്യപ്പെടുന്ന ഈ അധികാരി ദൈവത്തില്‍ നിന്ന് തന്റെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി തന്റെ സൃഷ്ടിയുടെ സഹകരണം, സമ്മതം തേടുന്ന വ്യത്യസ്തനായൊരു ദൈവത്തെയാണ് ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്.

ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും യാദൃശ്ചികമല്ലെന്നും അവയ്‌ക്കെല്ലാം പിറകില്‍ ദൈവകരങ്ങള്‍ ദര്‍ശിക്കാനാവുമെന്നും തിരിച്ചറിയുമ്പോള്‍ മറിയം ദാസ്യഭാവത്തില്‍ തലകുനിക്കുകയാണ്. അബ്രാഹത്തില്‍ തുടങ്ങി ക്രിസ്തുവില്‍ എത്തിനില്‍ക്കുന്ന 42 തലമുറകള്‍ നീളുന്ന വംശാവലിയിലൂടെ മത്തായിയും ആദം വരെയെത്തി നില്‍ക്കുന്ന വംശാവലിയിലൂടെ ലൂക്കാ സുവിശേഷകനും മംഗളവാര്‍ത്ത ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അനാദിയിലെ നിശ്ചയിച്ചുറപ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ മുഹൂര്‍ത്തങ്ങളിലൊന്നായി മംഗളവാര്‍ത്തയെ കാണണം.

സത്യമായും ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും യാദൃശ്ചികങ്ങളല്ല. നിന്നെക്കുറിച്ചും മാനവരാശിയെക്കുറിച്ചും അനാദിയിലേ നിശ്ചയിക്കപ്പെട്ട രക്ഷാകര പദ്ധതി പരമ്പരയിലെ കണ്ണികളാണ് അവയോരോന്നും. ജീവിതത്തിലെ ഓരോ സംഭവത്തേയും നിമിഷത്തേയും ഈ ഉള്‍ക്കാഴ്ചയോടെ കാണാന്‍ കഴിയണം. അതിനു നമുക്കു സാധിക്കുന്നുണ്ടെങ്കില്‍ നമ്മില്‍ രക്ഷകന്റെ വളര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം തിരിച്ചറിഞ്ഞ് അതിന്റെ പൂര്‍ത്തീകരണത്തെ ഒരു ദൗത്യമായി മറിയത്തെപ്പോലെ നാമും സ്വന്തമാക്കുമ്പോള്‍ നമ്മള്‍ ലോകത്തിനു രക്ഷ പ്രദാനം ചെയ്യുന്നവരായി മാറും.

മംഗളവാര്‍ത്ത, ഒരു രക്ഷകന്റെ ജനനത്തോടെ അവസാനിക്കുന്നില്ല. ഓരോ ജനനത്തിലൂടെയും, കര്‍ത്തവ്യനിര്‍വ്വഹണത്തിലൂടെയുംഅതിന്നും തുടരുന്നുണ്ട്. ഈ മംഗളവാര്‍ത്തയുടെ വിളംബരത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ദൈവമിന്ന് നമ്മെ പ്രതീക്ഷയോടെ നോക്കുന്നു. നമ്മുടെ സഹായം തേടുന്നു. നമ്മുടെ സമ്മതമൊഴി തേടി, നമ്മില്‍ നിറഞ്ഞുതുളുമ്പുന്ന നന്മയുടെ ശേഷിപ്പുകളെ അംഗീകരിച്ചുകൊണ്ട് ദൈവം നമ്മുടെ നേര്‍ക്കൊരു മാലാഖയെ അയയ്ക്കുന്ന ദിനമായി ഓരോ മംഗളവാര്‍ത്താ ദിനത്തെയും കാണാന്‍ നമ്മള്‍ ശ്രമിക്കണം.

മറിയത്തെപ്പോലെ ഇതാ കര്‍ത്താവിന്റെ ദാസന്‍/ദാസി എന്ന വിധേയത്വത്തോടെ മന്ത്രിക്കാന്‍ ശീലിക്കണം നാം ഓരോരുത്തരും.

ഫാ. ബേബി കരിന്തോളില്‍

പ്രാര്‍ത്ഥന:
ദൈവമേ, എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിനെയെല്ലാം എല്ലായ്‌പ്പോഴും മംഗളവാര്‍ത്തയായി കരുതാന്‍ എനിക്ക് സാധിക്കുന്നില്ല. എന്നാല്‍ കാലങ്ങള്‍ക്കുശേഷം തിരിഞ്ഞുനിക്കുമ്പോള്‍ സംഭവിച്ചതെല്ലാം മംഗളമാകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാകുന്നു. ഇനിയുള്ള കാലം ജീവിതത്തില്‍ സംഭവിക്കുന്നവയെ എല്ലാം നിന്റെ ഹിതമായി കരുതാനും മറിയത്തെപ്പോലെ വിനയപൂര്‍വ്വം സ്വീകരിക്കാനും എന്നെ പ്രാപ്തനാക്കണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.