റൊമാനിയായിലെ ക്രിസ്മസ്

റൊമാനിയായില്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി 7 വരെയാണ് ക്രിസ്മസിന്റെയും മഞ്ഞുകാലത്തിന്റെയും ആഘോഷങ്ങള്‍ നടത്തുന്നത്. വിശുദ്ധ ഇഗ്നേഷ്യസിന്റെ തിരുനാള്‍ അവര്‍ ഡിസംബര്‍ 20-ാം തീയതി ആഘോഷിക്കുന്നു. പരമ്പരാഗതമായി ഒരു കുടുംബത്തില്‍ വളര്‍ത്തുപന്നികള്‍ ഉണ്ടെങ്കില്‍ അതിലൊരെണ്ണത്തിനെ അവര്‍ ഈ ദിവസം കൊല്ലും. പന്നിമാംസം ക്രിസ്മസ് ദിനത്തില്‍ അവര്‍ ഭക്ഷിക്കുന്നു.

ഡിസംബര്‍ ആറാം തീയതി അവര്‍ വിശുദ്ധ നിക്കോളാസിന്റെ ദിനം ആചരിക്കുന്നു. തലേദിവസം രാത്രി കുട്ടികള്‍ തങ്ങളുടെ ചെരുപ്പും ഷൂവും വൃത്തിയാക്കി വാതിലിന്റെ മുമ്പില്‍ വയ്ക്കും. വിശുദ്ധ നിക്കോളാസ് സമ്മാനങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷ കുട്ടികള്‍ക്കിടയിലുണ്ട്.  അപ്പൂപ്പന്‍ – മോസ് നിക്കോളാസ്- എന്നാണ്  വിശുദ്ധ നിക്കോളാസ് ഇവിടെ  അറിയപ്പെടുന്നത്. ഡിസംബര്‍ ആറാം തീയതി വിശുദ്ധ നിക്കോളാസിന്റെ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമല്ല. ഈ ദിവസം മഞ്ഞുപെയ്യുന്നുണ്ടെങ്കില്‍ അത് അപ്പൂപ്പന്‍ തലകുലുക്കുമ്പോള്‍ താടിപൊഴിയുന്നതായിട്ടാണ് അവര്‍ വിശ്വസിക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങള്‍ 24- ന് വൈകുന്നേരം ക്രിസ്മസ് മരങ്ങള്‍ അലങ്കരിച്ച് അവര്‍ ആരംഭിക്കും. റൊമാനിയയില്‍ ക്രിസ്മസ് അറിയപ്പെടുന്നത് അജുനുള്‍ ക്രാസിയുനുലുയി (Ajunul Craciunlui) എന്നാണ്. റൊമാനിയോയില്‍ കരോള്‍ ഗാനങ്ങള്‍ വളരെയധികം ജനപ്രിയമാണ്. ക്രിസ്മസ് സായാഹ്നത്തില്‍ കുട്ടികള്‍ കരോള്‍ ഗാനങ്ങളും നൃത്തവുമായി വീടുകള്‍ തോറും കയറി, മുതിര്‍ന്നവരുടെ മുമ്പില്‍ അവതരിപ്പിച്ച് കടന്നുപോകും. എല്ലാ വീടുകളില്‍ നിന്നും കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും ഒപ്പം നന്നായി പാടുന്നതിന് പണവും ലഭിക്കും. ക്രിസ്മസ് ദിനത്തില്‍ അവര്‍ക്കു കിട്ടുന്ന കേക്കിന്റെ പേരാണ് കൊസൊനാചി (Cozonaci). മുതിര്‍ന്നവര്‍ ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരവും രാത്രിയും കരോള്‍ ഗാനവുമായി പാടി നടക്കും.

പരമ്പരാഗതമായ റൊമാനിയായിലെ ഒരു കരോള്‍ ഗാനമാണ് ”സ്റ്റാര്‍ കരോള്‍” അഥവാ ‘നക്ഷത്ര കരോള്‍’. നക്ഷത്രം വര്‍ണ്ണക്കടലാസുകളാല്‍ അലങ്കരിച്ചിരിക്കും. നക്ഷത്രത്തിന്റെ നടുവില്‍ ഉണ്ണീശോയുടെ ഒരു ചിത്രവും ഉണ്ടായിരിക്കും. കരോള്‍ പാടുന്നവര്‍ ഈ നക്ഷത്രവുമായിട്ടാണ് യാത്ര ചെയ്യുന്നത്. അവര്‍ പാടുന്ന കരോള്‍ ഗാനത്തിന്റെ അര്‍ത്ഥം ഇങ്ങനെയാണ്.

”ഒരു മഹാരഹസ്യമായി മാനത്ത്

ഒരു താരകം പ്രത്യക്ഷമായി

ആ നക്ഷത്ര പ്രഭയാല്‍

നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ…”

മറ്റ് ജനപ്രിയ കരോള്‍ ഗാനങ്ങളാണ് ‘ഓ സെ വെസ്‌തെ മിനുനാത’ (o ce veste minunata) മറ്റൊരു ഗാനമാണ് ‘ട്രെയി ക്രായി ദെ ല രസാരിത്’ (Trei crai dela rasarit).

റൊമാനിയായിലെ പലയിടങ്ങളില്‍ ആളുകള്‍ മുഖംമൂടി ധരിച്ച്, ആടിന്റെ വേഷം ധരിച്ച് കരോള്‍ ഗാനത്തില്‍ പങ്കുചേരുന്നുണ്ട്. അവര്‍ ചാടുകയും നൃത്തം കളിക്കുകയും ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന ആടിന്റെ പേര് ‘കാപ്രാ’ എന്നാണ്.

വാദ്യോപകരണങ്ങളുടെ ഉപയോഗവും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാണ്. വിവാഹം കഴിക്കാത്ത ആണുങ്ങളാണ് വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നത്. 50 മുതല്‍ 60 പേര്‍ വരെ ഇതില്‍പ്പെടും. സാക്‌സ് ഫോണും വയലിനും പിന്നെ, ഡ്രമും ഇതിനുപയോഗിക്കുന്നു. ക്രിസ്മസിന്റെ ആഘോഷങ്ങള്‍ക്കായി ഒരുമാസത്തിനു മുമ്പുതന്നെ അവര്‍ പരിശീലനം ആരംഭിക്കും.

റൊമാനിയായിലെ ക്രിസ്മസ് ഭക്ഷണം പ്രധാനമായും പന്നിമാംസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പന്നിമാംസത്തിന്റെ വിവിധ വിഭവങ്ങളാണ് അവരുടെ ഭക്ഷണം. നെയ്യ് ഉപയോഗിച്ചുള്ള കേക്ക് (ചീസ് കേക്ക്) അവരുടെ മറ്റൊരു ഭക്ഷണമാണ്. റോസ്റ്റ് ഗാമ്മോണ്‍ (Roast Gammon), സികുര്‍ബ ദെ പേരി സോ ആരെ (Ciorba de perisoare) തുടങ്ങിയവയാണ് അവരുടെ ഭക്ഷണത്തിന്റെ പേരുകള്‍.

പുതുവത്സരവും റൊമാനിയായിലെ ഒരു പ്രധാന ആഘോഷമാണ്. പുതുവത്സരത്തിന്റെ സായാഹ്നത്തില്‍ അവര്‍ അലങ്കരിച്ച പണി ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കും. വരും വര്‍ഷത്തില്‍ ധാരാളം വിളവുകള്‍ ലഭിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു.

കുട്ടികള്‍ പുതുവത്സരത്തില്‍ പൂച്ചെണ്ടുകളുമായി മുതിര്‍ന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കും. ആപ്പിള്‍ മരത്തിന്റെ ചില്ലകള്‍ ഉപയോഗിച്ചാണ് അവര്‍ പൂച്ചെണ്ടുകള്‍ ഉണ്ടാക്കുന്നത്. നവംബര്‍ 30-ാം തീയതി അവര്‍ ചില്ലകള്‍ മുറിച്ച് വെള്ളത്തില്‍ ഇടുകയും ചെയ്യുന്നു. ഇപ്പോള്‍ സാധാരണ ഒരു ചില്ലയാണ്  ഉപയോഗിക്കുന്നത്. അത് വര്‍ണ്ണാലംകൃതമായ കടലാസുകളാല്‍ മനോഹരമായി അലങ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.