നോര്‍വേയിലെ ക്രിസ്തുമസ് ആഘോഷം

വളരെ ലളിതവും പരമ്പരാഗതവുമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നവരാണ് നോര്‍വെയിലെ ക്രിസ്ത്യാനികള്‍. സന്തോഷത്തോടെ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നതിനുള്ള അവസരമാണ് നോര്‍വേക്കാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്. ക്രിസ്തുമസ് സന്തോഷം പങ്കുവയ്ക്കുന്നതിന്റെ സൂചനയായിട്ടാണ് ഇവര്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക. ചില അവസരങ്ങളില്‍ സാന്താക്ലോസിലൂടെയാവും സമ്മാനങ്ങള്‍ കൈമാറുന്നത്.

സമ്മാനങ്ങള്‍ കൊണ്ടുവരുന്നത് ‘നിസ്സെ’ എന്നു വിളിക്കപ്പെടുന്ന ഭൂതങ്ങളാണ് എന്ന് ഇവര്‍ വിശ്വസിക്കുന്നു. കുട്ടികള്‍ക്കായുള്ള സമ്മാനങ്ങള്‍ ക്രിസ്തുമസ് ട്രീയുടെ അടിയില്‍ സൂക്ഷിച്ചിരിക്കും. കുട്ടികള്‍ അവ എടുക്കുകയും അതിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ഡിലെ ആശംസ ഉറക്കെ വായിക്കുകയും ചെയ്യും. ഫിന്‍ലന്‍ഡില്‍ ക്രിസ്തുമസ് സമയത്ത് പക്ഷികള്‍ക്ക് കഴിക്കുന്നതിനായി കതിര്‍കുലകളും ഭൂതങ്ങള്‍ക്കായി പാല്‍ക്കഞ്ഞിയും തയ്യാറാക്കിവയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്‌താല്‍ ഭൂതങ്ങള്‍ മൃഗങ്ങളെയും പക്ഷികളെയും ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കും എന്ന വിശ്വാസമാണ് ഇതിനുപിന്നില്‍.

ക്രിസ്തുമസ് രാത്രികളില്‍ ബൈബിള്‍ കഥാപാത്രങ്ങളുടെ വേഷംകെട്ടി കുട്ടികള്‍ കരോളിനിറങ്ങും. സമീപത്തുള്ള വീടുകളില്‍ കയറി ക്രിസ്തുമസ് ഗാനങ്ങള്‍ പാടുകയും ആശംസകള്‍ നേരുകയും ചെയ്യുന്ന കുട്ടികളുടെ കൈവശം മിക്കപ്പോഴും പേപ്പര്‍ നിര്‍മ്മിതമായ നക്ഷത്രങ്ങള്‍ കാണാറുണ്ട്. ക്രിസ്തുമസ് രാത്രി മുതല്‍ പുതുവര്‍ഷം വരെയുള്ള രാത്രികളില്‍ തിരികള്‍ തെളിക്കുക നോര്‍വേക്കാരുടെയിടയിലെ മറ്റൊരു ആചാരമാണ്.

ക്രിസ്തുമസിനോടനുബന്ധിച്ച് നോര്‍വേയില്‍ നടക്കുന്ന ഒരു വലിയ ചടങ്ങുണ്ട്. അത് നോര്‍വേയില്‍ നിന്ന് യുകെ-യിലേയ്ക്കു സമ്മാനമായി ക്രിസ്തുമസ് ട്രീ നല്‍കുക എന്നതാണ്. എല്ലാ വര്‍ഷവും നടത്തിവരുന്ന ഈ പതിവിനു പിന്നില്‍ നന്ദിയുടേതായ ഒരു ഘടകമുണ്ട്. രണ്ടാം ലോകമഹായുദ്ധ സമയത്ത് യുകെ-യിലെ ജനങ്ങൾ നോർവെയ്ക്കു നൽകിയ സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ വര്‍ഷവും ഈ ട്രീ യുകെ-യ്ക്ക് കൈമാറുന്നത്. ലണ്ടൻ നഗരത്തിന്റെ നടുവിലെ ട്രഫ്രൽ സ്ക്വയറിൽ സ്ഥാപിക്കപ്പെടുന്ന അലംകൃതമായ ഈ ട്രീ കാണാന്‍ ആയിരക്കണക്കിന്‌ ആളുകളാണ് എത്തുന്നത്.

പരമ്പരാഗതമായ രീതിയിലാണ്‌ നോര്‍വേക്കാര്‍ ക്രിസ്തുമസ് ട്രീ അലങ്കരിക്കുക. പേപ്പറുകള്‍ കൊണ്ട് ഹൃദയത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ബാസ്കറ്റുകള്‍ കൊണ്ടാണ് ട്രീ അലങ്കരികുന്നത്. 1860-കളിൽ ആരംഭിച്ച ഈ രീതിക്കു പിറകിൽ എഴുത്തുകാരനായ ക്രിസ്റ്റിൻ ആൻഡേഴ്സ്ന്റെ കരങ്ങളായിരുന്നു. കൂടാതെ, രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന സമയവുമാണ് ക്രിസ്തുമസ്.  കേക്കുകളും ബിസ്കറ്റുകളുമൊക്കെ തയ്യാറാക്കുന്ന ക്രിസ്തുമസ് കാലത്തെ പ്രധാനഭക്ഷണം ആടിന്റെയോ പന്നിയുടെയോ വാരിയെല്ല് കൊണ്ടുണ്ടാക്കുന്ന ‘സുർക്കൽ’ എന്ന വിഭവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.