വി. സ്‌നാപകയോഹന്നാന്റെ തിരുനാള്‍ അഥവാ ജൂണിലെ ക്രിസ്തുമസ്

ജൂണ്‍ 24 – വി. സ്‌നാപകയോഹന്നാന്റെ ജനനത്തിരുനാള്‍. സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും വി. സ്‌നാപകയോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്.

മറ്റുള്ളവര്‍ വിശുദ്ധരും ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോടു കൂടി ജനിച്ചിട്ടുള്ളവരുമാണ്. എന്നാല്‍, പരിശുദ്ധ മാതാവ് മൂലപാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വി. സ്‌നാപകയോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ മൂലപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് തിരുനാളിനുള്ള വിശദീകരണം.

വി. സ്‌നാപകയോഹാന്നാന്റെ ഈ തിരുനാളിനെക്കുറിച്ച് വി. ഓഗസ്റ്റിന്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്: ‘നമ്മുടെ രക്ഷകന്റെ ഏറ്റവും ഭക്തിപൂര്‍വ്വമായ ജനനതിരുനാളിനു പുറമേ തിരുസഭ വി. സ്‌നാപകയോഹന്നാന്റെ അല്ലാതെ മറ്റൊരു വ്യക്തിയുടെയും ജനനത്തിരുനാള്‍ ആഘോഷിക്കുന്നില്ല. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ തിരുനാള്‍ അവരുടെ ജീവിതത്തിന്റെ അവസാനദിനമാണ്. ഭൂമിയിലെ സേവനം അവര്‍ അവസാനിപ്പിച്ച ദിനത്തെയാണ് അവരുടെ തിരുനാളായി ആദരിക്കുന്നത്. എന്നാല്‍ സ്‌നാപകയോഹന്നാനെ സംബന്ധിച്ചിടത്തോളം അവന്റെ ജന്മദിനത്തെയാണ് നാം ആദരിക്കുന്നത്. അവന്റെ നശ്വരമായ ജീവിതം ആരംഭിച്ച ദിവസം പരിശുദ്ധമാണ്.

ഡിസംബര്‍ 25-ന് മഞ്ഞുകാലത്താണ് യേശുവിന്റെ ജനനത്തിരുനാള്‍ കൊണ്ടാടുന്നത്. എന്നാല്‍, ക്രിസ്തുവിന്റെ പാതയൊരുക്കുവാന്‍ വന്നവന്റെ തിരുനാള്‍ ക്രിസ്തുമസ്സിനും ആറ് മാസങ്ങള്‍ക്കു മുമ്പാണ് കൊണ്ടാടുന്നത്. ക്രിസ്തുമസ് ഒരു ‘പ്രകാശത്തിന്റെ’ ആഘോഷമാണ്. ഇന്നും അങ്ങിനെ തന്നെയാണ്. വി. സ്‌നാപകയോഹന്നാന്‍ വെളിച്ചം നല്‍കി കത്തിക്കൊണ്ടിരുന്ന ഒരു വിളക്കായിരുന്നു. ക്രിസ്ത്യാനികളായ നമ്മള്‍ ലോകത്തിന്റെ വെളിച്ചമായിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ തിരുനാള്‍ നല്‍കുന്ന സൂചനയും.