ചിലിയിലെ ക്രിസ്തുമസ്സ് ആഘോഷം

വേനല്‍ക്കാലത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചിലി. ചിലിയിലെ ക്രിസ്തുമസ്സ് ആഘോഷത്തിന് യു.എസിലെ ക്രിസ്തുമസ് ആഘോഷങ്ങളോട് ഒരുപാട് സാമ്യമുണ്ട്.

ചിലിയിലെ ആളുകളുടെ അലങ്കാരങ്ങള്‍ പുറത്തു വരുന്നത് ക്രിസ്തുമസ് രാവുകളിലാണ്. വീടും പരിസരവും ക്രിസ്തുമസ് ട്രീയുമെല്ലാം ലൈറ്റും മറ്റ് വസ്തുക്കളുമൊക്കെ വച്ച് അലങ്കരിക്കാന്‍ പരസ്പരം മത്സരം കാണിക്കുന്നവരാണ് ചിലിയിലെ ആളുകള്‍.

പ്രത്യേകമാം വിധത്തില്‍ നേറ്റിവിറ്റി ചിത്രീകരിക്കാനും അലങ്കരിക്കാനും ഇവിടുത്തുകാര്‍ക്ക് പ്രത്യേകം ശ്രദ്ധയുണ്ട്. കത്തോലിക്കാ ദേവാലയങ്ങളില്‍ ക്രിസ്തുമസ്സിന് ഒരുക്കമായി 9 ദിവസത്തെ നൊവേന പ്രാര്‍ത്ഥനകളുണ്ട്.

ക്രിസ്തുമസ് രാത്രിയിലാണ് പ്രധാന ആഘോഷം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഒരുമിച്ചിരുന്നുള്ള ഭക്ഷണം അവരുടെ ആഘോഷങ്ങളില്‍ പ്രധാനമാണ്. രാത്രി 9 മുതല്‍ 10 മണി വരെയാണ് ഭക്ഷണസമയം. അന്നേ ദിവസത്തെ പ്രധാന ഭക്ഷണങ്ങള്‍ അസാഡോ, ചിക്കന്‍, ടര്‍ക്കി, പോര്‍ക്ക് എന്നിവയാണ്. ചിലിയിലെ പ്രധാന കേക്ക് ‘പാന്‍ദേ പാസ്‌കുവ’ എന്ന് പേരുള്ളതാണ്. ‘പാനറ്റോണ്‍’ കേക്കിനോട് ഇതിന് വലിയ സാമ്യമുണ്ട്

ചിലിയിലെ പ്രധാന ക്രിസ്തുമസ്സ് പാനിയം ‘കോളദെ മോനെ’ അഥവാ ‘മങ്കീസ് ടെയില്‍’ ആണ്. കോഫി, പാല്, മദ്യം, സിന്നമണ്‍, പഞ്ചസാര എന്നിവയുപയോഗിച്ച് ഇവ ഉണ്ടാക്കുന്നു. ഭക്ഷണത്തിനുശേഷം കുറേ പേരെങ്കിലും ദേവാലയത്തില്‍ പോകാന്‍ തയ്യാറാകും.

ചിലിയിലെ മറ്റൊരു പ്രധാന കാര്യം ക്രിസ്തുമസ്സ് സമ്മാനമാണ്. രാത്രിയില്‍ തന്നെ എല്ലാവരും തങ്ങള്‍ക്ക് കിട്ടിയ ക്രിസ്തുമസ് സമ്മാനം തുറന്ന് നോക്കും. കുട്ടികള്‍ രാത്രിയില്‍ തന്നെ തനിക്കു കിട്ടിയ സമ്മാനം സുഹൃത്തുക്കളെ കാണിക്കാന്‍ അയല്‍പ്പക്കങ്ങളിലേക്ക് ഓടും.

”വീജീതോ പംസ്‌കുയേരോ” അഥവാ ”പാപ്പ നോയല്‍” എന്നാണ് ചിലിയില്‍ സാന്താക്ലോസിന് അറിയപ്പെടുന്നത്. ക്രിസ്തുമസ് ദിനത്തില്‍ എല്ലാവരും തന്റെ കുടുംബവുമൊത്തും സുഹൃത്തുക്കളുമായും വിശ്രമിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു. തീരപ്രദേശത്തുള്ളവര്‍ ക്രിസ്തുമസ് ആഘോഷത്തിനായി അടുത്തുള്ള ബീച്ചില്‍ പോകാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.