ക്രിസ്മസ് ഭക്ഷണത്തിനു മുന്‍പുള്ള പ്രാര്‍ത്ഥന 

കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കുന്നു. കുടുംബ നാഥന്‍ പ്രാര്‍ത്ഥന നയിക്കുന്നു.

കുടുംബ നാഥന്‍: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

എല്ലാവരും ചേര്‍ന്ന്: ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു,  ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു (2 പ്രാവശ്യം)

കുടുംബ നാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…(എല്ലാവരും ചേര്‍ന്ന് തുടരുന്നു).

കുടുംബനാഥന്‍ തുടങ്ങുന്നു ബാക്കി എല്ലാവരും കൂടെചേരുന്നു: പരിശുദ്ധ അമ്മയുടെ കുപ്പായതുമ്പില്‍ തൂങ്ങി നടക്കുകയും തിരുവെഴുത്തുകള്‍ വായിക്കുകയും പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്ത ഉണ്ണീശോയോട് ചേര്‍ന്ന് പിതാവായ ദൈവത്തോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഉണ്ണീശോയെ പ്രത്യേക സ്‌നേഹത്തിനും പരിപാലനയ്ക്കും കീഴില്‍ വളര്‍ത്തിയ പരിശുദ്ധ അമ്മയോട് ഞങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നു. ജീവിതത്തിന്റെ കഠിനാധ്വാനത്തിനിടയിലും പരിശുദ്ധ മറിയത്തെയും ഉണ്ണീശോയെയും സംരക്ഷിച്ച വി. യൗസേപ്പിതാവിനോടും ഞങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നു. വിനയവാനും അന്യരുടെ വികാരങ്ങളെ മാനിക്കുന്നവനും അനുസരണയുള്ളവനും ഏറെ നല്ല കുട്ടിയുമായ ഉണ്ണീശോയോട് ചേര്‍ന്ന് ഞങ്ങളുടെ മക്കളെ സമര്‍പ്പിക്കുന്നു.

പ്രായം ചെന്ന ഞങ്ങളുടെ മാതാപിതാക്കളേയും അകലെയായിരിക്കുന്ന സഹോദരി സഹോദരന്മാരെയും അയല്‍പ്പക്കത്തുള്ളവരെയും മനസ്സോട് ചേര്‍ത്ത് പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ഈ ക്രിസ്മസ് ഭക്ഷണം കഴിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഈ ക്രിസ്മസ് ദിനത്തില്‍ തിരുപിറവിയുടെ സന്തോഷവും സമാധാനവും അനുഭവിക്കാന്‍ കഴിയാത്തവരെയും ദാരിദ്ര്യമനുഭവിക്കുന്നവരെയും പട്ടിണി കിടക്കുന്നവരെയും പുല്‍ക്കൂടിന്റെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും, ആമ്മേന്‍

ഉണ്ണീശോയെ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

സുരക്ഷിതനായ ഉണ്ണീശോയെ, ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

സ്‌നേഹിതനായ ഉണ്ണീശോയെ, ഞങ്ങളുടെ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.