ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ ആശങ്കാജനകം: സീറോ മലബാര്‍ സിനഡ്

ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ സീറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളില്‍ നൈജീരിയായില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കുരുതി മനുഷ്യ മനഃസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. കേരളത്തിലും ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി സിനഡ് വിലയിരുത്തി. അടുത്ത നാളുകളില്‍ തന്നെ പ്രണയക്കുരുക്കില്‍പെട്ട് ജീവന്‍ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ദുരന്തം കേരളത്തിന്റെ മതേതര മനഃസ്സാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ് ആഴമുള്ളതാണ്.

കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ് എന്ന് സിനഡ് വിലയിരുത്തി. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ്. ഭീകരസംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

ഔദ്യോഗിക കണക്കുകളില്‍പ്പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്നതും ഗൗരവാര്‍ഹമായ വിഷയമാണ്. ലൗ ജിഹാദ് എന്നത് സാങ്കല്‍പികമല്ല എന്നതിന് ഈ കണക്കുകള്‍ തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികള്‍ കേരളത്തില്‍ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പോലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഃഖകരമാണ്.

മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസ്സിലാക്കി നിയമപാലകര്‍ സത്വര നടപടിയെടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി.