പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 12 – സുരക്ഷിതരല്ലാത്ത പാക്കിസ്ഥാനിലെ ക്രൈസ്തവര്‍

മരിയ ഷബാസ് എന്ന 14 വയസുകാരി ക്രിസ്ത്യന്‍ പെൺകുട്ടിക്കെതിരായി വിധി വന്നപ്പോള്‍ കുടുംബസുഹൃത്തും അഭിഭാഷകനുമായ വക്കീല്‍ പറഞ്ഞു: “ഈ വിധിയോടെ ഇവിടെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയും സുരക്ഷിതയല്ല.”

പാക്കിസ്ഥാനിലെ ക്രിസ്തീയ പീഡനങ്ങളുടെ നാള്‍വഴി വായിക്കുക… 

പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിക്കൊപ്പം പെൺകുട്ടിയെ അയയ്ക്കാനുള്ള കോടതിവിധി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏറെ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒരു പെൺകുട്ടിയോട് ചെയ്യാവുന്ന ക്രൂരതകളൊക്കെ ചെയ്തിട്ടും ഇസ്ലാം മതസ്ഥനായ പ്രതിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച കോടതിയോട് ലോകം ചോദിക്കുകയാണ്: “ഇത് നീതിയോ?” എന്നാൽ അത് കേൾക്കാൻ തയ്യാറല്ലാത്തവിധം നീതിന്യായ വിഭാഗം ചെവിയടച്ചിരിക്കുകയാണ് മതന്യൂനപക്ഷങ്ങൾക്കു നേരെ.

പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയിലാക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതിവിധിയെ മറികടന്നു കൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ്‌ ഷാഹിദ് അബ്ബാസി ഈ വിചിത്രമായ വിധി പ്രഖ്യാപിച്ചത്. മരിയ ഷബാസ് എന്ന 14 വയസുകാരി ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നതിന് തെളിവുണ്ട്; സാക്ഷികളുമുണ്ട്. പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ രേഖകളും മറ്റും മാതാപിതാക്കൾ കോടതിയിൽ സമർപ്പിച്ചു. നേരത്തെ വിവാഹം നടത്തിക്കൊടുത്തതായി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മുസ്ലീം പുരോഹിതന്‍, തനിക്ക് ഈ വിവാഹത്തില്‍ യാതൊരു പങ്കുമില്ലെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇത്രയൊക്കെ തെളിവുകൾ നകാഷിന് എതിരായിട്ടും അയാൾക്ക്‌ അനുകൂലമായി വിധി പ്രഖ്യാപിച്ച കോടതിയുടെ നീതിബോധത്തെ പരിശോധിക്കേണ്ടത് ആവശ്യമാണ്. വിധി കേട്ടശേഷം കണ്ണീർ വാർത്ത ആ പെൺകുട്ടിയുടെ കണ്ണുനീരിന് ആര് ഉത്തരം പറയും.

കുടുംബസുഹൃത്തും അഭിഭാഷകനുമായ ലാല റോബിൻ ഡാനിയേൽ കോടതിവിധി കേട്ടശേഷം വെളിപ്പെടുത്തിയത് “ഈ വിധിയോടെ പാക്കിസ്ഥാനിലെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയും സുരക്ഷിതയല്ല” എന്നാണ്. പ്രതിക്കെതിരെയുള്ള തെളിവുകളെല്ലാം ശക്തമായിരുന്നിട്ടും നകാഷിന് അനുകൂലമായി വിധി പ്രഖ്യാപിച്ച കോടതിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും ഉയരുന്നത്.

പിന്നീട് ഈ പെണ്‍കുട്ടി അയാളുടെ കൈയില്‍ നിന്നും രക്ഷപെട്ട വാര്‍ത്തകളും പുറത്തു വന്നു. എന്നാൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണവും വിവേചനവും പാക്കിസ്ഥാനില്‍ തുടരുകയാണ് എന്നതാണ് വാസ്തവം.

പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം

പാക്കിസ്ഥാനിലെ മൊത്തം ക്രിസ്ത്യാനികളുടെ എണ്ണം, ജനസംഖ്യയുടെ 1.6% മാത്രമാണ്. ഇതിൽ പകുതിയോളം കത്തോലിക്കരും പകുതി പ്രൊട്ടസ്റ്റന്റുകാരുമാണ്. കുറച്ച് ഈസ്റ്റെണ്‍ ഓർത്തഡോക്സ് ക്രിസ്ത്യാനികളും ഓറിയന്റൽ ഓർത്തഡോക്സ് ക്രിസ്ത്യാനികളും ഇവരിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയ്ക്ക് ക്രിസ്തുമതത്തിന്റെ വരവ് ക്രിസ്തുശിഷ്യനായ മാർത്തോമാ ശ്ലീഹായിലൂടെയാണ്. ഇപ്പോൾ പാക്കിസ്ഥാനിൽ ആയിരിക്കുന്ന ടെക്സിലയിൽ നിന്നും കണ്ടെടുത്ത കുരിശുകൾ വിരൽചൂണ്ടുന്നത് പാക്കിസ്ഥാനിലെ ക്രിസ്തീയതയുടെ വേരുകളിലേയ്ക്കാണ്. ഇന്ത്യ – പാക്ക് വിഭജനത്തിനുശേഷവും പാക്കിസ്ഥാനിൽ ക്രൈസ്തവ വിശ്വാസം വളർന്നുവന്നു.

ക്രൈസ്തവപീഡനങ്ങളുടെ തുടക്കം

പാക്കിസ്ഥാന്റെ ക്രിസ്ത്യൻ വിരുദ്ധതയ്ക്കും ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിനും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തോളം പഴക്കമുണ്ട്. 1947 മുതൽ 1970-കളുടെ പകുതി വരെ പാക്കിസ്ഥാനിലെ സർക്കാരുകൾ നയത്തിലും വിധിന്യായത്തിലും മതേതരസ്വഭാവം പുലർത്തിയിരുന്നു. 1971-ൽ കിഴക്കൻ പാക്കിസ്ഥാൻ, ബംഗ്ളാദേശ് ആയി സ്വതന്ത്രമായി. ബംഗ്ലാദേശിൽ താമസിക്കുന്ന പാക്കിസ്ഥാനിലെ ഭൂരിപക്ഷം ഹിന്ദുക്കളെയും പാക്കിസ്ഥാനിൽ നിന്ന് വേർപെടുത്തി. അതോടെ പാക്കിസ്ഥാൻ ഇസ്ലാമിക രാഷ്ട്രമായി വളർന്നുതുടങ്ങി. അതോടെ മറ്റ്  ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളും ആരംഭിക്കുകയായിരുന്നു.

സുൽഫിക്കർ അലി ഭൂട്ടോയുടെയും സിയാ ഉൽ ഹഖിന്റെയും സർക്കാരുകൾക്കൊപ്പം പാക്കിസ്ഥാനിൽ കൂടുതൽ കർശനമായ ഇസ്ലാമിക നിയമങ്ങൾ വളർന്നുവന്നു. ഇസ്ലാം ഒഴികെയുള്ള മറ്റ് മതങ്ങളിലേയ്ക്ക് പരിവർത്തനം ചെയ്യുന്നത് അന്ന് നിയമപ്രകാരം നിരോധിച്ചിട്ടില്ലായെങ്കിലും അമുസ്ലിങ്ങളുമായുള്ള സഹവാസവും അവരുടെ വിശ്വാസത്തിലേയ്ക്ക് മാറുന്നതും കൂടുതൽ പ്രയാസകരമായ ഒന്നാക്കി അവർ മാറ്റിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് എത്തുന്നവരാണ് അന്ന് കൂടുതൽ പീഡനങ്ങൾക്ക് ഇരയായത്. ക്രൈസ്തവരെ കുടുക്കിലാക്കാൻ പ്രധാനമായും അവർ ഉപയോഗിച്ച നിയമമായിരുന്നു മതനിന്ദാ കുറ്റം.

പാക്കിസ്ഥാനിലെ മതപീഡനങ്ങളും മതനിന്ദാ കുറ്റവും 

ക്രൈസ്തവരുടെ മേലുള്ള അതിക്രമങ്ങൾക്ക് ആക്കം കൂട്ടാൻ മതനിന്ദാ കുറ്റത്തിന്റെ വശംപിടിച്ചു നടത്തിയ ശ്രമങ്ങളില്‍ ലോകശ്രദ്ധയിലേയ്ക്ക് കൂടുതൽ എത്തിയത് ആസിയ ബീബിയുടെ സംഭവത്തോടെയാണ്. എങ്കിൽത്തന്നെയും അതിനു മുമ്പേ തന്നെ വ്യാജ മതനിന്ദാകുറ്റം ചുമത്തി പീഡിപ്പിക്കപ്പെട്ട നിരവധി ക്രൈസ്തവർ ഉണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവാത്ത ഒരു യാഥാർത്ഥ്യം  തന്നെ.

1990 മുതൽ ഇതരമതസ്ഥർക്കുമേൽ വ്യക്തിവൈരാഗ്യം തീർക്കാൻ പോലും മതനിന്ദാ കുറ്റം മുസ്ലീങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അടുത്തിടെ ക്രിസ്ത്യാനിയായ ഒരു ഫാക്ടറി ജീവനക്കാരൻ അസിഫ് പെർവെയ്സിനുമേൽ മതനിന്ദാ കുറ്റം ചുമത്തി ലാഹോർ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇസ്ലാമിനെ നിന്ദിച്ചുകൊണ്ട് ടെക്സ്റ്റ് മെസേജ് അയച്ചു എന്നായിരുന്നു കുറ്റം. എന്നാൽ ഈ കുറ്റാരോപണം വ്യാജമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വെളിപ്പെടുത്തയിട്ടും അത് അംഗീകരിക്കുവാൻ തയ്യാറായില്ല. ആസിയ ബീവിക്കുവേണ്ടി ഹാജരായ വക്കീൽ തന്നെയാണ് ഈ കേസിലും വാദിച്ചത്.

2000 മുതൽ വർദ്ധിച്ച ക്രിസ്തീയ പീഡനങ്ങൾ

2000-നു ശേഷം ക്രിസ്ത്യൻ ന്യൂനപക്ഷത്തിനു മേലുള്ള പാക്ക് മുസ്ലീങ്ങളുടെ ആക്രമണം വർദ്ധിച്ചതായിട്ടാണ് റിപ്പോർട്ട്. 2001-ൽ ടാക്‌സില നഗരത്തിലെ ഒരു ക്രിസ്ത്യൻ മിഷൻ ആശുപത്രിയ്ക്കുള്ളിലെ ചാപ്പലിനുനേരെ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. അതിന് ഏതാനും മാസങ്ങൾക്കുശേഷം തോക്കുധാരികൾ ഏതാനും ക്രിസ്ത്യൻ ചാരിറ്റി പ്രവര്‍ത്തകരെ കറാച്ചിയിലെ ഓഫീസിൽ വച്ച് കൊലപ്പെടുത്തി. അടുത്ത ആക്രമണം നടക്കുന്നത് 2005-ലാണ്. ഫൈസലാബാദിൽ ഖുറാന്റെ പേജുകൾ കത്തിച്ചു എന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ക്രൈസ്തവർക്കാണ് തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നത്. അന്നത്തെ ആക്രമണത്തിൽ ക്രിസ്ത്യൻ സ്‌കൂളും ദൈവാലയവും തീവ്ര മുസ്ലിം വിശ്വാസികൾ അഗ്നിക്കിരയാക്കിയിരുന്നു.

2009-ൽ പഞ്ചാബിലെ ഗോജ്ര പട്ടണത്തിൽ 40-ഓളം വീടുകളും പള്ളിയും തീവ്ര മുസ്ലിം വിഭാഗങ്ങൾ കത്തിച്ചപ്പോൾ ജീവനോടെ ചുട്ടെരിച്ചത് എട്ടു ക്രൈസ്തവരെയാണ്. ലോകം കണ്ണീർ വാർത്ത സംഭവങ്ങളിലൊന്നായി അതും അവശേഷിച്ചു. എന്നാൽ അതുകൊണ്ടും അവസാനിച്ചില്ല പാക്കിസ്ഥാനിലെ അതിക്രമങ്ങൾ. 2013-ൽ പെഷ്‌വാറിലെ ദൈവാലയത്തിൽ നടന്ന ഇരട്ടസ്‌ഫോടനത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും ഭരണപക്ഷം സ്വീകരിച്ചില്ല. 2015 മാർച്ചിൽ ലാഹോറിലെ പള്ളികളിൽ നടന്ന രണ്ട് ബോംബ് സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 70-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2016 മാർച്ചിൽ ലാഹോർ കളിസ്ഥലത്ത് ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ചാവേർ ആക്രമണത്തിൽ 70 പേർ മരിക്കുകയും 340-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ക്രൈസ്തവരുടെ സംരക്ഷണത്തിനായുള്ള മുറവിളി രാജ്യമെമ്പാടും ഉയർന്നു. ഏറ്റവും അടുത്തായി 2017 ഡിസംബറിൽ ക്വറ്റയിലെ ഒരു പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, മതനിന്ദാ കുറ്റം ചുമത്തി ധാരാളം നിരപരാധികളായ ക്രൈസ്തവർ പാക്ക് ജയിലുകളിൽ കഴിയുന്നുണ്ട് എന്നുള്ളതായ റിപ്പോർട്ടുകളും പുറത്തുവന്നത് അടുത്തിടെയാണ്.

2010-ലാണ് വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി ആസിയ ബീബിയെ വ്യാജകേസിൽ കുടുക്കിയത്. ആസിയയ്ക്കായി ലോകം ഉയർത്തിയ ശബ്ദം ഫലം കണ്ടു എന്നുമാത്രമല്ല, സമാനമായ സാഹചര്യത്തിൽ പലരും ജയിലുകളിൽ കഴിയുന്നുണ്ട് എന്ന കണ്ടെത്തലിലേയ്ക്കും അത് വഴിതെളിച്ചു. പാക്ക് നിയമത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ പാക്കിസ്ഥാൻ ന്യൂനപക്ഷകാര്യ മന്ത്രിയും ക്രിസ്ത്യൻ നേതാവുമായ ഷഹബാസ് ഭട്ടിയെ 2011-ൽ താലിബാൻ കൊലപ്പെടുത്തി.

മേല്‍പറഞ്ഞവ ചില പ്രധാന സംഭവങ്ങളാണെന്നിരിക്കെ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം പാക്കിസ്ഥാനിൽ അരങ്ങേറുന്നുണ്ട്. പലപ്പോഴും അത് ഭരണകൂടത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയുള്ള പീഡനവും നിർബന്ധിത മതപരിവർത്തനവും

ഏതാനും വര്‍ഷങ്ങളായി ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലമായി വിവാഹം കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുന്ന പ്രവണതകൾ ഏറിവരുന്നുണ്ട്. അതിന് ഉദാഹരണമാണ്‌ മരിയ എന്ന പതിനാലുകാരിയുടെ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെയുള്ള പാക്കിസ്ഥാനിലെ മുസ്ലീങ്ങളുടെ അതിക്രമങ്ങളും പീഡനങ്ങളും ഇതിനു മുമ്പും നിരവധി നടന്നിട്ടുണ്ട് എങ്കിലും മരിയ എന്ന കുട്ടിയുടെ ദുരനുഭവത്തോടെയാണ് ലോകശ്രദ്ധയിലേയ്ക്ക് ഈ വിഷയം എത്തുന്നത്.

മുമ്പ് പതിനാലുകാരിയായ ഹുമ യൂനിസ് എന്ന പെൺകുട്ടിയെ ഇത്തരത്തിൽ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും നിർബന്ധിച്ച് മതം മാറ്റുകയും ചെയ്തിരുന്നു. മരിയ ഷഹബാസിന്റെ സംഭവത്തിനുശേഷവും മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടിയെ മധ്യവസ്കനും വിവാഹിതനുമായ മുസ്ലീം തട്ടിക്കൊണ്ടു പോയിരുന്നു. പലപ്പോഴും ഇത്തരം പരാതികളുമായി എത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിന്മേൽ യാതൊരു നടപടിയുമെടുക്കാതെ പോലീസ് കാണിക്കുന്ന അലംഭാവം രാജ്യത്തെ ഭൂരിപക്ഷ സമുദായമായ ഇസ്ലാമീയർക്കു വളമായി മാറുകയാണ്.

2014-ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ്‌ പീസ്‌ പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍, രാജ്യത്ത് ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായിക്കൊണ്ടിരിക്കുന്നതായി വെളിപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷസമൂഹത്തിന് അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പലപ്പോഴും ഇത്‌ തീവ്ര മുസ്ലീങ്ങളെ ഭയപ്പെട്ടിട്ടാണ് എന്നാണ് പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ നൽകുന്ന വിവരം.

അവസാനിച്ചു.

(പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ എന്ന പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.