ക്രിസ്ത്യന്‍-മുസ്ലീം സംഭാഷണം ക്രിസ്ത്യാനിയുടെ സ്നേഹജീവിതത്തിന്‍റെ ഉദാത്തമാതൃക

Noble Thomas Parackal

(ഇസ്ലാംമതത്തെ വെറുക്കുന്നവര്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടി ഈ വിഷയത്തില്‍ തിരുസ്സഭയുടെ ചില ചിന്തകള്‍)

“നീച്ചേ ഓഫ് ട്രൂത്ത്” എന്ന ഇസ്ലാമികസംഘടനയുടെ സുഹൃദ് സംഭാഷണവേദിയില്‍ മതസൗഹാര്‍ദ്ദത്തെ പ്രതി പ്രസംഗിച്ച വൈദികനെ പ്രസംഗത്തിന് മുന്പും ശേഷവും മുസ്ലീം തീവ്രവാദികള്‍ (ക്രിസ്ത്യന്‍ തീവ്രവാദികളും) വേട്ടയാടിയതിന്‍റെ/വേട്ടയാടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം. പ്രസ്തുത സംഘടനയുടെ നിഷ്കളങ്കത്വമോ വൈദികന്‍ നടത്തിയ പ്രസംഗത്തിനുള്ള ന്യായീകരണമോ അല്ല ഇതെന്ന് ആദ്യമേ സൂചിപ്പിക്കുന്നു. സമീപകാലത്ത് ഇസ്ലാം മതവുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെയിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ നേരനുഭവങ്ങളെ ക്രൈസ്തവവീക്ഷണത്തില്‍ നോക്കിക്കാണാനുള്ള എളിയ ശ്രമം മാത്രമാണിത്.

കത്തോലിക്കാസഭയുടെ പുരോഗമനപരമായ കാഴ്ചപ്പാടുകളെ തികച്ചും വിമര്‍ശനാത്മകമായിക്കാണുകയും വത്തിക്കാന്‍ സൂനഹദോസിനെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയുമെല്ലാം ക്രൈസ്തവമതത്തിന്‍റെ അന്തകരായി ചിത്രീകരിക്കുകയും ചെയ്യുന്ന “മനോവ” എന്ന പ്രസ്ഥാനവും, ഇസ്ലാംമതത്തെ താത്വികമായി എതിരിട്ടുകൊണ്ടിരിക്കുന്ന – സ്വയം അപ്പോളോജെറ്റിക്സ് എന്നു വിശേഷിപ്പിക്കുന്ന – ചില ഗ്രൂപ്പുകളും, തീവ്രകരിസ്മാറ്റിക് ചിന്താഗതിയുള്ള കുറേപ്പേരും മേല്പറഞ്ഞവരുടെ കണ്ണും പൂട്ടിയുള്ള തെറിവിളിയില്‍ അച്ചനെന്തോ മഹാപരാധം ചെയ്തുവെന്ന് വിശ്വസിക്കുന്ന കുറേ ശുദ്ധഗതിക്കാരും ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് ക്രൈസ്തവചൈതന്യത്തിന് നിരക്കാത്തവിധം ഇസ്ലാമിനെ തേജോവധം ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു. ഇസ്ലാമിനെയും ഇസ്ലാമികമുന്നേറ്റങ്ങളേയും ആക്രമിക്കാന്‍ ആവശ്യമായതിലുമധികം കാരണങ്ങള്‍ ക്രൈസ്തവരുടെ പക്കലുണ്ട്. ഇസ്ലാം പുലര്‍ത്തുന്ന തീവ്രചിന്താഗതികളും അതിനുള്ളിലെ ധാര്‍മ്മികഅപചയങ്ങളും ദൈവശാസ്ത്രപരവും താത്വികവുമായ തെറ്റുകളും പരസ്പരവിരുദ്ധമായ നിലപാടുകളും കൂടാതെ നൂറ്റാണ്ടുകളിലൂടെ വിവിധദേശങ്ങളില്‍ ക്രൈസ്തവരെ വംശഹത്യ ചെയ്തും നിഷ്കരുണം തുടച്ചുനീക്കിയും മതംപ്രചരിപ്പിച്ചതിന്‍റെ ക്രൂരവും കിരാതവുമായ നടപടിക്രമങ്ങളും ക്രൈസ്തവമനസ്സാക്ഷിയില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലൗജിഹാദും ക്രിസ്തീയദൈവശാസ്ത്രത്തോടുള്ള പുച്ഛംകലര്‍ന്ന സമീപനവും കേരളക്രൈസ്തവരെ ഇസ്ലാംവിരുദ്ധരാക്കാന്‍ ഇനിയും മതിയായ കാരണങ്ങളാണ്.

ക്രിസ്ത്യന്‍-മുസ്ലീം ബന്ധത്തില്‍ ക്രിസ്തുമതം എന്നും നഷ്ടങ്ങളുടെ മാറാപ്പ് വഹിച്ച് പുറപ്പെട്ടുപോവുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തില്‍ അത് സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് മേല്‍പ്പറഞ്ഞവരില്‍ മനോവയൊഴികെയുള്ള എല്ലാ ക്രൈസ്തവസഭാവിശ്വാസികളും. എന്നാല്‍, ഇസ്ലാം മതത്തോട് ക്രിസ്ത്യാനിയെന്ന നിലയില്‍ ഇടപെടേണ്ടതെങ്ങനെയെന്ന് തിരുസ്സഭ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. അവസാനം വരെ നിശബ്ദനായി സഹിക്കുകയും കുരിശിന്‍റെ വഴിയെ ക്രൈസ്തവന്‍റെ ജീവിതപാതയാക്കി പരിചയപ്പെടുത്തിതരികയും ചെയ്ത യേശുക്രിസ്തുവിനെ പിഞ്ചെല്ലുന്ന യഥാര്‍ത്ഥക്രൈസ്തവന് തന്നെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും അടിച്ചോടിക്കുകയും ചെയ്യുന്നവരോടുപോലും ക്രിസ്തുവിന്‍റെ മനോഭാവമാണുണ്ടായിരിക്കേണ്ടത്. “ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുന്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു മനുഷ്യപുത്രന്‍റെ ആഗമനത്തിനു മുന്പ് നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടിപ്പൂര്‍ത്തിക്കുകയില്ല” (മത്താ 10,23). പ്രതിരോധങ്ങളില്ലാതെ കീഴടങ്ങാനും എതിര്‍പ്പുകളില്ലാതെ സഹിക്കാനും കുരിശിലെ ക്രിസ്തുവിന്‍റെ സ്നേഹം ക്രൈസ്തവനെ നിര്‍ബന്ധിക്കുന്നു. “നിന്നോട് വ്യവഹരിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കുന്നവന് മേലങ്കി കൂടി കൊടുക്കുക. ഒരു മൈല്‍ ദൂരം പോകാന്‍ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോവുക. . .” (മത്താ 5,40-41). “എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (മത്താ 5, 43-44).

ക്രിസ്തീയസ്നേഹം ജീവിക്കുന്നവര്‍ക്ക് ശത്രുക്കളില്ല എന്നു മാത്രമല്ല, ആശയപരമോ ദൈവശാസ്ത്രപരമോ ആയ വ്യത്യസ്തതകളെ കൂടുതല്‍ തുറന്ന ചര്‍ച്ചകളിലേക്കും ആഴമായ ബന്ധങ്ങളിലേക്കുമുള്ള കുറുക്കുവഴിയാക്കി മാറ്റിയെടുക്കാനും അവര്‍ക്കു സാധിക്കും. സഭാപിതാക്കന്മാരുടെ വിശ്വാസസംരക്ഷണയത്നങ്ങള്‍ ഇത്തരുണത്തിലാണ് ശ്രദ്ധേയമായിരുന്നത്. എത്ര കൊടിയ പീഡനങ്ങളുടെ മദ്ധ്യത്തിലും ആദരവോടെ സംസാരിക്കാനും ബോധ്യങ്ങള്‍ ജനിപ്പിക്കുംവിധം പരിശുദ്ധാത്മചൈതന്യത്തോടെ സംവദിക്കാനും പിതാക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നു. സ്നേഹത്തിന്‍റെയും ആദരവിന്‍റെയും ക്രൈസ്തവശൈലിയും പിതാക്കന്മാരുടെ ആത്മീയമൂല്യങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും അടിസ്ഥാനത്തില്‍ നടത്തുന്ന ആക്രമണങ്ങളും താത്വികസംഭാഷണങ്ങളും ക്രിസ്തീയമല്ല എന്ന് നാം തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. വെറുപ്പ് ക്രിസ്തീയമല്ല, വിദ്വേഷം ക്രിസ്തീയമല്ല, ആക്രമണങ്ങള്‍ ക്രിസ്തീയമല്ല, രൂക്ഷവും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ പദപ്രയോഗങ്ങള്‍ ക്രിസ്തീയമല്ല, അവരുടെ വിശ്വാസങ്ങളോടുള്ള അനാദരവുകള്‍ ക്രിസ്തീയമല്ല . . .

ക്രിസ്തീയമായ കുലീനജീവിതത്തിന്‍റെയും പീഡനങ്ങളോടു പോലുമുള്ള സ്നേഹനിര്‍ഭരമായ ക്രിസ്തീയപ്രതികരണങ്ങളുടെയും പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍-മുസ്ലീം ബന്ധത്തെ വളര്‍ത്തിയെടുക്കണമെന്ന് തിരുസ്സഭാമാതാവ് അതിയായി ആഗ്രഹിക്കുന്നുണ്ട്. അതിനാണ് മുസ്ലീം മതവുമായുള്ള സംഭാഷണത്തിന്‍റെ വേദി തിരുസ്സഭ തുറന്നിട്ടിരിക്കുന്നത്. അനേകകോടി മനുഷ്യന് സമാധാനത്തിന്‍റെ മതമായ ഇസ്ലാം ദൈവത്തിലേക്കെത്തിച്ചേരാനുതകും വിധം ധാര്‍മ്മികസമഗ്രതയില്‍ പൂര്‍ണ്ണതപ്രാപിക്കാനും തെറ്റിദ്ധാരണകളുടെ ക്രൈസ്തവപീഡനങ്ങള്‍ക്ക് അറുതിവരാനും ഈ സംഭാഷണങ്ങള്‍ കാരണമാകുമെന്ന് തിരുസ്സഭ പ്രതീക്ഷിക്കുന്നുണ്ട്. സര്‍വ്വോപരി മാനവകുലത്തിന്‍റെ സമാധാനപൂര്‍വ്വകമായ സഹവര്‍ത്തിത്വത്തെ മുന്‍നിര്‍ത്തി ലോകനന്മയ്ക്കായി കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കാനും തിരുസ്സഭ ഇഷ്ടപ്പെടുന്നു.

ക്രിസ്ത്യന്‍-മുസ്ലീം സംഭാഷണം: ഔദ്യോഗികസഭ ഇസ്ലാമിനോട് പുലര്‍ത്തുന്ന തുറവിയുടെ തെളിവുകള്‍

1. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍

ഇതരമതങ്ങളോടൊപ്പം ഈശ്വരനിലേക്കു യാത്രചെയ്യുന്ന മതമാണ് ക്രിസ്തുമതമെന്നും, ഏവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെട്ടാലേ ദൈവരാജ്യവളര്‍ച്ചയ്ക്കു സാരമായ സംഭാവന ചെയ്യാനാവൂ എന്നുമുള്ള ചിന്തയ്ക്കു പ്രാമുഖ്യം കിട്ടിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു (9, October, 1962 8, December 1965) ശേഷമാണ്. “അക്രൈസ്തവ മതങ്ങള്‍” എന്ന പ്രമാണരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള കത്തോലിക്കരുടെ ഇസ്ലാമിക വീക്ഷണം മുന്‍കാലത്തുണ്ടായിരുന്ന മനോഭാവവുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ വിപ്ലവാത്മകമാണ്. ഏക ദൈവാരാധന, അബ്രഹാത്തെപ്പോലെ വിശ്വാmത്തോടെ ദൈവത്തിന് കീഴ്പ്പെടാനുള്ള സന്നദ്ധത, കന്യകാമറിയത്തോടുള്ള ആദരവ്, പൊതു ഉയര്‍പ്പിലും അന്തിമവിധിയിലുമുള്ള വിശ്വാസം, ധാര്‍മ്മികത പരിപോഷിപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം പരിഗണിച്ച് ഇരു സമൂഹങ്ങള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്തിയ പഴയകാല സംഭവങ്ങള്‍ മറക്കാനും സാമൂഹിക നീതി, സമാധാനം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ക്കുവേണ്ടി പരസ്പരധാരണയോടെ പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനമാണ് കൗണ്‍സില്‍ നടത്തിയത്. (No.3)

1964-ല്‍ പോള്‍ ആറാമന്‍ പാപ്പ വത്തിക്കാനില്‍ സ്ഥാപിച്ച അക്രൈസ്തവര്‍ക്കായുള്ള തിരുസംഘവും അന്താരാഷ്ട്രതലത്തില്‍ രൂപീകരിക്കപ്പെട്ട ‘സഭകളുടെ അന്താരാഷ്ട്രതലത്തില്‍ രൂപീകരിക്കപ്പെട്ട ‘സഭകളുടെ അന്താരാഷ്ട്ര കൗണ്‍സിലും’ (WCC) മറ്റു ദേശീയ ക്രിസ്ത്യന്‍ സമിതികളും ഇസ്ലാമുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിരവധി രേഖകള്‍ പുറപ്പെടുവിച്ചു. വത്തിക്കാനില്‍ നിന്നു പ്രസിദ്ധീകരിച്ച “Guidelines for a Dialogue between Muslims and Christians (1969). Orientations pour un dialogue entre chretiens et Musulmans (1981), W.C.C തയ്യാറാക്കിയ Christians Meeting Muslims (1977), ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇറക്കിയ A New Threshold: Guidelines for the Churches in their Relations with Muslim Communities (1976). അമേരിക്കയില്‍ നിന്നിറങ്ങിയ Christian-Muslim Relations (1983) എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

2. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുഗം

മതാന്തര സൗഹൃദം ശക്തിപ്പെടുത്താന്‍ ഏറെ ആഗ്രഹിച്ച മാര്‍പ്പാപ്പയാണ് ജോണ്‍പോള്‍ രണ്ടാമന്‍. മിസ്ലീങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി അവസരം കിട്ടുമ്പോഴെല്ലാം മൂന്നു കാര്യങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ട്:
A) മുസ്ലീങ്ങളും ക്രിസ്ത്യാനികളും ദൈവത്തിന്‍റെ കീഴില്‍ സഹോദരങ്ങളാണ്.
B) നമ്മെ വേര്‍തിരിച്ച പഴയ യുദ്ധങ്ങളുടെ മുറിവുകള്‍ അതിജീവിക്കാനാകണം.
C) പരസ്പരം പൊറുക്കലിലൂടെ മാത്രമേ അത് സാധിക്കൂ.

1979 ല്‍ അന്‍ങ്കാരയില്‍ പാപ്പ പറഞ്ഞു: ‘ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ചരിത്രത്തിലെ ഒരു പുതിയ കാലഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ഇന്നത്തെ ലോകത്തില്‍ ധാര്‍മ്മികമൂല്യങ്ങളും സാമൂഹിക നീതിയും സമാധാനവും സമസ്തജനതകളുടെ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് ബൗദ്ധികവും ആത്മീയവുമായ കൂട്ടുകെട്ട് ശക്തിപ്പെടാവുന്ന വിധത്തില്‍ അവര്‍ പരസ്പരം അംഗീകരിക്കാനും വളര്‍ത്താനും മുന്നോട്ടുവരണം. 1980 നവംബര്‍ 17ന് ജര്‍മ്മനിയിലെ മയിന്‍സില്‍ മുസ്ലീങ്ങളോടായി പാപ്പ സംസാരിച്ചതിങ്ങനെയാണ്: ‘മാതൃരാജ്യത്തു നിന്നും സദുദ്ദേശത്തോടുകൂടി നിങ്ങളുടെ വിശ്വാസം ഈ അപരിചിത നാട്ടിലേക്കു കൊണ്ടുവരികയും ദൈവത്തെ തങ്ങളുടെ സ്രഷ്ടാവായും നാഥനായും ആരാധിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അബ്രാഹത്തിന്‍റെ കാലം മുതല്‍ ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും വേണ്ടി നാടുവിട്ട തീര്‍ത്ഥാടകരുടെ ഭാഗമായിത്തീരുകയാണ്. വിദേശനാട്ടില്‍ നിങ്ങളുടെ വിശ്വാസം ജീവിക്കുക. ഏതെങ്കിലും രാഷ്ട്രീയമോ, മാനുഷികമോ ആയ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കടിമപ്പെട്ട് ആ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തുവാന്‍ നിങ്ങള്‍ അനുവദിക്കരുത്.

കുരിശുയുദ്ധത്തിന്‍റെ സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന നൈജീരിയ 1982-ല്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പ ഇങ്ങനെ ഓര്‍മ്മിപ്പിച്ചു: ‘നമ്മളെല്ലാം കാരുണ്യവാരിധിയായ ദൈവത്തിന്‍റെ കീഴില്‍ ജീവിക്കുന്നവരാണ്. നമ്മള്‍ ഇരുവരും മനുഷ്യന്‍റെ സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുന്നു. അവിടുത്തെ ആധിപത്യം അംഗീകരിക്കുന്നു. അവിടുത്തെ ദാസരെന്ന നിലയില്‍ മനുഷ്യമഹിമ പ്രഘോഷിക്കുന്നു. ദൈവത്തെ ആരാധിക്കുന്നു. പൂര്‍ണ്ണവിധേയത്വം ഏറ്റുപറയുന്നു. അങ്ങനെ യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസത്തില്‍ നമുക്ക് പരസ്പരം സഹോദരീസഹോദരന്മാരായി കണക്കാക്കാം. മുസ്ലീങ്ങളെ ‘സഹോദരങ്ങള്‍’ എന്ന് മാര്‍പാപ്പമാര്‍ അഭിസംബോധന ചെയ്യാറില്ലായിരുന്നു. എന്നാല്‍ അസീസ്സിയിലേക്ക് 1986-ലും 1993-ലും പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ചപ്പോള്‍ ‘സഹോദരങ്ങള്‍’ എന്നാണ് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ അവരെ വിശേഷിപ്പിച്ചത്. അബ്രാഹത്തെ വിശ്വാസികളുടെ പിതാവായി കണക്കാക്കുന്ന യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തെറ്റിദ്ധാരണകള്‍ നീക്കി സമാധാനത്തിനുവേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കണമെ എന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു. 1990-91ലുണ്ടായ ഗള്‍ഫ് യുദ്ധത്തിനെതിരെ മാര്‍പ്പാപ്പയെടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു.

1996-ല്‍ റംസാന്‍ തിരുനാളിന്‍റെ സമാപനത്തില്‍ പോപ്പിനുവേണ്ടി കാര്‍ഡിനല്‍ അരിന്‍സ് ക്ഷമയുടെ സന്ദേശം നല്‍കി. കേവലം സഹിഷ്ണുതയേക്കാള്‍ ഉപരിയായ സ്നേഹത്തിലേക്കു ക്രിസ്ത്യന്‍-മുസ്ലീം ബന്ധം വളരണമെന്നാഗ്രഹിച്ച് പാപ്പ എഴുതി: ‘സഹോദരങ്ങള്‍ കേവലം സഹിഷ്ണുതകൊണ്ട് തൃപ്തിപ്പെടേണ്ടവരല്ല, അനുരഞ്ജനപ്പെടാനും സ്നേഹിക്കാനും നമ്മള്‍ക്കു കഴിയണം. അതിനു ബഹുദൂരം യാത്ര ചെയ്യാനുണ്ട്. പഴയകാല അനുഭവങ്ങള്‍ അവ എത്രമാത്രം അസ്വസ്തതയുളവാക്കുന്നതാണെങ്കിലും അതില്‍ നിന്ന് സ്വതന്ത്രരായി പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാം.”

3. The Secretariate for Non-Christians / The Pontifical Council for Inter-Religious Dialogue (അക്രൈസ്തവമതങ്ങള്‍ക്കുവേണ്ടിയുള്ള സെക്രട്ടറിയേറ്റ്)

മതാന്തരസംവാദങ്ങള്‍ക്കുവേണ്ടി 1964-ല്‍ പോള്‍ 6-ാമന്‍ മാര്‍പ്പാപ്പ സ്ഥാപിച്ചതാണ് അക്രൈസ്തവമതങ്ങള്‍ക്കുവേണ്ടിയുള്ള സെക്രട്ടറിയേറ്റ്. ഇസ്ലാമിനെപ്പറ്റി വസ്തുനിഷ്ഠമായി പഠിക്കാനുള്ള സംവിധാനങ്ങളാണ് ഈ കേന്ദ്രം ഒരുക്കുന്നത്. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ തീര്‍ക്കുകയാണ് സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും ആദ്യപടി. അതിനുതകുന്ന വിധത്തിലാണ് ഈ കാര്യാലയം പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്നത്. 1966 മുതല്‍ ബുള്ളറ്റിന്‍ എന്ന പേരില്‍ ഒരു ആനുകാലികവും ഈ കാര്യാലയം പ്രസിദ്ധീകരിക്കുന്നുണ്ട്. 1984-ല്‍ “മറ്റു മതവിശ്വാസികളോടുള്ള സഭയുടെ മനോഭാവം” (The Attitude of the Church towards the Followers of other Religions) എന്ന പേരില്‍ സുപ്രധാനമായ ഒരു രേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. 1988-ല്‍ അക്രൈസ്തവമതങ്ങള്‍ക്കുവേണ്ടിയുള്ള സെക്രട്ടറിയേറ്റ് “മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍” (The Pontifical Council for Inter-Religious Dialogue) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി. ദൈവശാസ്ത്രപരമായ പരിഗണനകള്‍ ഈ പേരുമാറ്റത്തിനു പിറകിലുണ്ട്. മതങ്ങളെ പൊതുവില്‍ ക്രൈസ്തവം അക്രൈസ്തവം എന്നു വേര്‍തിരിക്കുന്നതിനു പകരം മതങ്ങള്‍ തമ്മിലുള്ള സംഭാഷണവും സംവാദവും തുടരുകയാണ് വേണ്ടത് എന്ന ചിന്തയാണ് ഇതിനു പിറകിലുള്ളത്. മതാന്തരസംഭാഷണത്തിനുള്ള ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുസ്ലീങ്ങളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും, മുസ്ലീം-ക്രൈസ്തവബന്ധങ്ങള്‍ വളര്‍ത്താനുമായി പ്രത്യേകമായ ഒരു വിഭാഗമുണ്ട്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, അന്തര്‍ദേശീയതലത്തില്‍ ഈ വിഷയത്തില്‍ പ്രാഗത്ഭ്യമുള്ള വേറെ 8 പേര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ കമ്മിറ്റി.

ഒരുപക്ഷേ, 1974-ല്‍ ആണ് പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ക്രൈസ്തവരും മുസ്ലീംകളും തമ്മില്‍ ഏറ്റവും അധികം സംഭാഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത്. അക്രായിലും (Accra,12-24 ജൂലൈ) കൊര്‍ദോബായിലും (Cordoba,10-15 സെപ്റ്റംബര്‍) കയിറോയിലും (9-16 സെപ്റ്റംബര്‍) റോമിലും (24-27 ഒക്ടോബര്‍) ടുണീസിലും (11-17 നവംബര്‍) വച്ച് ഇരുമതങ്ങളുടെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടി ചര്‍ച്ചകള്‍ നടത്തുകയും പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കാവുന്ന രംഗങ്ങളെപ്പറ്റി ആലോചിക്കുകയും ചെയ്തു. ചരിത്രത്തില്‍ വന്നുപോയിട്ടുള്ള തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും അനുരജ്ഞനത്തിന്‍റെ അരൂപിയിലേക്ക് ഇരുകൂട്ടരും കടന്നുവരണമെന്നുമുള്ള ധാരണയുണ്ടായി. ന്യൂനപക്ഷങ്ങളെ കരുതലോടെ കാണാനും ലോകമെമ്പാടുമുള്ള ക്രൈസ്തവ-മുസ്ലീം സ്മാരകങ്ങളെ കാത്തുസൂക്ഷിക്കാനും ധാരണയായി.

4. Pontifical Institute for Arabic and Islamic Studies

റോമില്‍ അറബിയിലും ഇസ്ലാമികവിഷയങ്ങളിലുമുള്ള പഠനത്തിനായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന “ഇസ്ലാമോ ക്രിസ്ത്യാന” (Islamo Christiana) എന്ന മാസിക പണ്ഡിതതലങ്ങളില്‍ ഈ വിഷയങ്ങളിലുള്ള ആശയസംവേദനത്തിന്‍റെ വേദിയാണ്.

5. മാര്‍പാപ്പായുടെ റംസാന്‍ദിന സന്ദേശങ്ങള്‍

ഇസ്ലാംമതവിശ്വാസികളോടുള്ള കത്തോലിക്കാസഭയുടെ സമീനപത്തില്‍ വന്നിട്ടുള്ള വലിയ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന സുപ്രധാനമായ ഒരു രംഗമാണ് ഓരോ വര്‍ഷവും റംസാന്‍ മാസത്തിന്‍റെ അവസാനം മതാന്തരസംവാദങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് അയയ്ക്കുന്ന സന്ദേശം. 1982-ല്‍ തുടങ്ങിയതാണ് ഈ പതിവ്. പൊതുവായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന രംഗങ്ങളില്‍ കൂട്ടായിട്ട് നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചിന്തയും അതിനുള്ള ആഹ്വാനവുമാണ് ഈ സന്ദേശങ്ങളില്‍ കാണാന്‍ കഴിയുന്നത്.

6. ബനഡിക്ട് പാപ്പായുടെ “ആഫ്രിക്കെ മൂന്നൂസ്” (ആഫ്രിക്കയുടെ ഉത്തരവാദിത്വം) എന്ന അപ്പസ്തോലികപ്രബോധനം (നവംബര്‍ 19, 2011)

ഒരു മതമെന്ന നിലയില്‍ ഇസ്ലാമിനോടുള്ള കത്തോലിക്കാസഭയുടെ മനോഭാവം വിശദമാക്കുന്ന മറ്റൊരു ഔദ്യോഗിക രേഖയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനുവേണ്ടിയുള്ള പ്രത്യേകസിനഡിന്‍റെ (ഒക്ടോബര്‍ 4-25, 2009) അവസാനം ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച “ആഫ്രിക്കെ മൂന്നൂസ്” (ആഫ്രിക്കയുടെ ഉത്തരവാദിത്വം) എന്ന അപ്പസ്തോലികപ്രബോധനം (നവംബര്‍ 19, 2011). കത്തോലിക്കാസഭയും ഇസ്ലാംമതവും തമ്മിലുള്ള സംഭാഷണത്തിന്‍റെയും സഹകരണപ്രവര്‍ത്തനങ്ങളുടെയും ഒരു വിശകലനം എന്ന നിലയില്‍, ഈ സിനഡല്‍ പ്രമാണത്തിന്‍റെ 94-ാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ 21-ാം നൂറ്റാണ്ടിലെ അവസ്ഥാവിശേഷങ്ങളെ അംഗീകരിക്കുന്നതോടൊപ്പം രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ തുടങ്ങി വച്ച തുറവിയുടെയും ബഹുമാനത്തിന്‍റെയും അംഗീകാരത്തിന്‍റെയും വിവിധതലങ്ങളിലുള്ള സഹകരണത്തിന്‍റെയും ആവശ്യകത വീണ്ടും ഊന്നിപ്പറയുകയാണ് ചെയ്തിട്ടുള്ളത്. താഴെപ്പറയുന്ന കാര്യങ്ങളാണ് മുഖ്യമായും ഈ പ്രമാണരേഖയിലുള്ളത്. ഇസ്ലാംമതവുമായുള്ള ഡയലോഗിനെ സംബന്ധിച്ചിടത്തോളം:
A) ഇസ്ലാമുമായിട്ടുള്ള ബന്ധം സങ്കീര്‍ണ്ണത നിറഞ്ഞതാണ്. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും അന്തരീക്ഷം ചിലയിടങ്ങളില്‍ നിലനില്ക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ ക്രൈസ്തവര്‍ രണ്ടാംതരം പൗരന്മാരായിട്ടാണ് ഗണിക്കപ്പെടുന്നത്.
B) പല മുസ്ലീംപ്രദേശങ്ങളിലും മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം കാത്തു സൂക്ഷിക്കാത്തതുകൊണ്ട് ക്രൈസ്തവര്‍ക്ക് മതപരവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ വിവേചനം അനുഭവിക്കേണ്ടിവരുന്നുണ്ട്. അതോടൊപ്പം ശത്രുതാമനോഭാവത്തോടുകൂടി ക്രൈസ്തവര്‍ വീക്ഷിക്കപ്പെടുന്ന ഇടങ്ങളുമുണ്ട്.
C) ഏതൊരു സാഹചര്യത്തിലും ക്രൈസ്തവര്‍ മുസ്ലീങ്ങളോടുള്ള ആദരവ് കാത്തുസൂക്ഷിക്കണം. അതിന്‍റെ കാരണമായിട്ടു പറഞ്ഞിരിക്കുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. “അവരും ഏകദൈവാരാധകരാണ്. സ്വയംസ്ഥിതനും കരുണാര്‍ദ്രനും സര്‍വ്വശക്തനും ഭൂസ്വര്‍ഗ്ഗസൃഷ്ടാവും മനുഷ്യനോട് സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണവര്‍ ആരാധിക്കുന്നത്.”
D) അനുരജ്ഞനവും നീതിയും സമാധാനവും കൈവരിക്കണമെങ്കില്‍ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും അസഹിഷ്ണുതയും മതമൗലികവാദവും ഇല്ലായ്മ ചെയ്യാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
E) സഭയുടെ സാമൂഹ്യശുശ്രൂഷാരംഗങ്ങളില്‍ മതപരമായ യാതൊരു വിവേചനവും അവള്‍ ചെയ്യുന്നില്ല. അവശതയനുഭവിക്കുന്നവര്‍ ആരായാലും മതത്തിന്‍റെ വ്യത്യാസം നോക്കാതെ സഭ ഏതൊരുവന്‍റെയും സഹായത്തിനെത്തുന്നു.
F) ദൈവസ്നേഹത്തിന് സഭ സാക്ഷ്യം വഹിക്കുന്നത് ഈ വിധത്തിലാണ്. അതോടൊപ്പം മറ്റു മതാനുയായികളെയും പരസ്പരബഹുമാനത്തിന്‍റെ മനോഭാവത്തിലേക്ക് കടന്നുവരാന്‍ സഭ ക്ഷണിക്കുന്നു.
G) ക്ഷമയോടെ തുടരേണ്ട പ്രക്രിയയാണ് ഡയലോഗിന്‍റേത്. നൈയ്യാമികവും പ്രായോഗികവുമായ രീതിയില്‍ മതസ്വാതന്ത്ര്യവും മനഃസാക്ഷിസ്വാതന്ത്ര്യവും ഓരോ മനുഷ്യനും സാധിതമാക്കാന്‍ എല്ലാവരും ശ്രമിക്കണം.
H) മതസ്വാതന്ത്ര്യം സമാധാനത്തിനുള്ള മാര്‍ഗ്ഗമാണ്.

സമാപനം

ക്രിസ്തുവിന്‍റെ സമാധാനത്തില്‍ ജീവിക്കുന്നവരും അവന്‍റെ സ്നേഹത്തിന്‍റെ ചുടുരക്തത്തില്‍ പങ്കുപറ്റുന്നവരുമായ പ്രിയ ക്രൈസ്തവസഹോദരങ്ങളെ, മേല്‍പ്പറഞ്ഞവയെല്ലാം തിരുസ്സഭാമാതാവ് ഇതരമതങ്ങളോട് പ്രത്യേകിച്ച് ഇസ്ലാംമതത്തോട് കാണിക്കുന്ന തുറവിയുടെ ഉത്തമദൃഷ്ടാന്തങ്ങളാണ്. സഭയോളം തുറവിയോ ആദരവോ മര്യാദകളോ അതേസമയം മുസ്ലീംസഹോദരങ്ങളില്‍ ഭൂരിഭാഗവും കാണിക്കുന്നില്ലെന്നതും വ്യക്തം. നീച്ചേ ഓഫ് ട്രൂത്തിന്‍റെ സംഭാഷണവേദിയില്‍ സംഭവിച്ചത് ഉദാഹരണം. എങ്കിലും തിരുസ്സഭക്ക് അവള്‍ക്ക് ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സാധിക്കില്ല. ആദരവിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും ആദര്‍ശങ്ങളെ കൈവിടാനും കഴിയില്ല.

നമ്മോടു ചെയ്യുന്നപോലെയല്ല, നാം ചെയ്യേണ്ടതുപോലെ നമുക്ക് ചെയ്യാം. . . സഭയാകുന്ന കുടുംബത്തില്‍ സ്നേഹത്തിന്‍റെ സുവിശേഷം നമുക്ക് ജീവിച്ചുകൊണ്ടേയിരിക്കാം. . . നമ്മുടെ സ്നേഹസംഭാഷണങ്ങളില്‍ എന്നും ഇസ്ലാമിനും ഒരു സ്ഥാനം നല്കാം. . . കാരണം,(ക്രിസ്ത്യാനികളെന്ന നിലയില്‍) നമുക്ക് മറ്റൊന്നാവുക വയ്യ. . . അതിനാല്‍, നമ്മുടെ കുലീനത്വവും ഉന്നതധാര്‍മ്മികമൂല്യങ്ങളും നമുക്ക് മുറുകെപ്പിടിക്കാം. . . വിശ്വാസത്തെപ്രതി ജീവന്‍ ത്യജിച്ച രക്തസാക്ഷികളെ, രാജാക്കന്മാരെ ആരാധിക്കാത്തതിന്‍റെ പേരില്‍ അവരുടെ പൂന്തോട്ടങ്ങളില്‍ പന്തങ്ങളായി കത്തിയെരിഞ്ഞ ആദിമക്രിസ്ത്യാനികളെ നമുക്കനുകരിക്കാം. . . അവരാരും തങ്ങളുടെ പീഡകരെ തിരിച്ചാക്രമിച്ചിട്ടില്ലെന്ന് നമുക്കോര്‍ക്കാം . . . കുരിശില്‍ മരിച്ച ക്രിസ്തുവിനെപ്പോലെ, “പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ” എന്നു പ്രാര്‍ത്ഥിച്ച് നമുക്കും യഥാര്‍ത്ഥ ക്രിസ്ത്യാനികളാകാം. . . ഒപ്പം ശ്രദ്ധയും ജാഗ്രതയും ഉള്ളവരാകാം. . . ആക്രമിക്കുന്നവരെ നിന്ദിക്കാതെ പിന്‍വാങ്ങാനും അധിക്ഷേപിക്കുന്നവരെ അക്രമിക്കാതെ സ്നേഹപൂര്‍വ്വം തിരുത്താനും നമ്മില്‍ കുടികൊള്ളുന്ന ക്രിസ്തുചൈതന്യം നമ്മെ പ്രേരിപ്പിക്കട്ടെ!

NB: പകരത്തിന് പകരം ഹമുറാബിയുടെ നിയമമാണ്. മോശയുടെ കല്പനയാണ്. ക്രിസ്തുവിന്‍റെ നിയമം സ്നേഹമാണ്. . . സ്നേഹം മാത്രമാണ്. 
കണ്ണീരോടെ . . .

(തിരുസ്സഭാപഠനങ്ങളെപ്പറ്റിയുള്ള ഭാഗങ്ങള്‍ ബഹു. വിന്‍സെന്‍റ് കുണ്ടുകുളമച്ചന്‍റെ ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ അച്ചന്‍റെയും ബഹു. ജോസഫ് തൊണ്ടിപ്പറന്പിലച്ചന്‍റെയും ലേഖനങ്ങളില്‍ നിന്ന് എടുത്തിരിക്കുന്നതാണ്. ഇരുവര്‍ക്കും നന്ദി)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.