ദൈവതിരുമനസ്സ് നടക്കും, നടത്തും

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് – കേരളമണ്ണില്‍ സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെ കാഹളമുതിര്‍ക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവന്‍. ദിവ്യകാരുണ്യ സന്നിധിയില്‍, തന്റെ മനസ്സിനെ ദൈവതിരുമനസ്സിനോട് ചേര്‍ത്തുവച്ച് കേരളക്കരയെക്കുറിച്ച് ദൈവത്തിന്റെ സ്വപ്നം ഹൃദയത്തിലേറ്റു വാങ്ങി, അത് നിവര്‍ത്തിക്കാന്‍ തുനിഞ്ഞിറങ്ങി, സമര്‍പ്പണത്തിന്റെ സന്യാസവീഥികളെ വിശുദ്ധിയുടെ സൗരഭ്യം തൂകി ആത്മീയതേജസ്സിനാല്‍ അടയാളപ്പെടുത്തിയവന്‍. ജീവിതത്തിന്റെ കര്‍മ്മവീഥികളില്‍ ദൈവഹിതം നിറവേറ്റുന്നവര്‍ക്ക് അവിടുന്നു സഹനങ്ങള്‍ സമ്മാനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചാവറപ്പിതാവിന്റെ ജീവിതം.

ചങ്കുപോലെ സ്‌നേഹിച്ച മാതാപിതാക്കളെ വിട്ട് സെമിനാരിയിലേക്ക് കുടിയേറിയ പതിനൊന്നാം വയസ്സിന്റെ ബാല്യത്തില്‍ തന്നെ ത്യാഗജീവിതത്തിന്റെ വിലയറിഞ്ഞവനാണ് വി. ചാവറ. കേവലം 12 വയസ്സില്‍ തന്റെ അപ്പനും അമ്മയും ജ്യേഷ്ഠനും മരണം പ്രാപിച്ച വിവരം കൊച്ചു കുര്യാക്കോസ് അറിയുന്നതു പോലും വേര്‍പാടിനും ഒരുമാസത്തിനു ശേഷം മാത്രമാണ്. സിമിത്തേരിയിലെ ഉയര്‍ന്നു നില്‍ക്കുന്ന മണ്‍കൂനക്കു മുകളില്‍ നാട്ടി നിറുത്തിയ കുരിശിന്റെ അര്‍ത്ഥം അന്നേ ആ മനസ്സില്‍ ഇടംപിടിച്ചു. മനുഷ്യബന്ധങ്ങളുടെ വില, കുടുംബബന്ധങ്ങളുടെ മഹത്വം, അനാഥത്വത്തിന്റെ അര്‍ത്ഥം, സ്വര്‍ഗീയപിതാവിനെ അപ്പാ എന്നു വിളിക്കുന്നതിലെ സ്വാതന്ത്ര്യം, ജീവിതാനുഭവങ്ങള്‍ കൊച്ചുകുര്യാക്കോസിനെ നൊമ്പരങ്ങളും വേദനകളും അനുഭവിക്കുന്നവരുടെ കൂടപ്പിറപ്പാക്കി. ആരോരുമില്ലാത്തവരെ കുറിച്ച് ചിന്തിക്കാനും അഗതികള്‍ക്കായി ആശ്രയമൊരുക്കാനും വേദന നിറഞ്ഞ തന്റെ തന്നെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കുര്യാക്കോസിനു തുണയായി എന്നതില്‍ സംശയമില്ല.

കേരളസംസ്‌ക്കാരത്തിന്റെ നവോത്ഥാന വീഥികളില്‍ ചാവറപ്പിതാവിന്റെ മുന്നേറ്റവും പോരാട്ടവും ഒട്ടും എളുപ്പമായിരുന്നില്ല. ‘ദൈവതിരുമനസ്സ് നടക്കും, നടത്തും’ എന്ന നിശ്ചയദാര്‍ഢ്യത്തിനും ഉറച്ചതീരുമാനത്തിനും മുന്‍പില്‍ നീണ്ട യാത്രകളും നിരന്തരമായ അലച്ചിലുകളും രോഗങ്ങളും മുട്ടുമടക്കി നിന്നു. അധികാരികളില്‍ നിന്നുണ്ടായ തെറ്റിദ്ധാരണകളും സ്വന്തം സഭാസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകളും സധൈര്യം നേരിട്ട് എളിമയെന്ന നാലാംവ്രതം സ്വമനസ്സാ സ്വീകരിച്ച് തന്റെ സഹനബലി പൂര്‍ത്തിയാക്കിയവനാണ് വി. ചാവറയച്ചന്‍. മണിക്കൂറുകള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ മുട്ടിന്മേല്‍നിന്ന് കണ്ണീരോടെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തിയിരുന്ന ആ മനസ്സിന്റെ വേദനകള്‍ തന്റേതു മാത്രമായിരുന്നില്ലല്ലോ?

സമൂഹത്തിന്റെ അധ:സ്ഥിതിക്കും അന്ധകാരത്തിനും മുന്‍പില്‍ ദൈവത്തിന്റെ സ്വപ്നം നിറവേറ്റുവാന്‍ നിയുക്തരായ പ്രവാചകന്മാരുടെ വഴികളെല്ലാം നിരന്തരമായ അലച്ചിലിന്റേയും നീണ്ട മാനസ്സിക സംഘര്‍ഷങ്ങളുടേതുമായിരുന്നല്ലോ? മലയാളനാടിനു സ്വന്തമായി ഒരു സന്യാസാശ്രമത്തിനു ജന്മം കൊടുക്കാന്‍ അനുഭവിച്ച പേറ്റു നോവ് എത്രമാത്രമായിരിക്കും! മാന്നാനം കൊവേന്തയുടെ നാളാഗമങ്ങളിലും കൂനമ്മാവ് മഠത്തിന്റെ നാള്‍ വഴികളിലും തീക്ഷ്ണതയോടെ ദൈവഹിതം നിറവേറ്റാന്‍ ഓടിപ്പാഞ്ഞു നടക്കുന്ന പിതാവിനോടൊപ്പം സഹനത്തിന്റെ എളിയദാസനെയും കഠിനാദ്ധ്വാനത്തിന്റെ കൂടപ്പിറപ്പിനെയും നാം കണ്ടുമുട്ടുന്നുണ്ട്. അവസാന വര്‍ഷങ്ങളില്‍ വാതരോഗവും അന്ധതയും തളര്‍ത്തിയപ്പോഴും ആ അധരങ്ങളില്‍ നിന്നു ഉതിര്‍ന്നത് ഒന്നു മാത്രം ‘ദൈവതിരുമനസ്സ് നടക്കും, നടത്തും.”

തിരുഹിതം നമുക്കായി തീര്‍ക്കുന്ന നിയോഗവീഥികളില്‍ പ്രിയപ്പെട്ടവര്‍ വേര്‍പിരിഞ്ഞാലും, നിരന്തരം കുരിശിന്റെ വഴിയിലൂടെ യാത്രചെയ്യേണ്ടി വന്നാലും മുടങ്ങാതെ പറയാന്‍ പിതാവ് നമ്മെ പഠിപ്പിക്കുന്ന വിശുദ്ധ മന്ത്രം ഇതാണ്; ‘ദൈവതിരുമനസ്സ് നടക്കും, നടത്തും.’ ഇരുള്‍ വീണ ജീവിതവീഥികളില്‍ ഒറ്റയ്ക്കു നടക്കുമ്പോഴും തെറ്റിദ്ധാരണകളും സംഘര്‍ഷങ്ങളും രോഗങ്ങളും അദ്ധ്വാനങ്ങളും അലച്ചിലുകളും ജീവിതത്തെ ഞെരുക്കുമ്പോഴും തിരുഹിതത്തിന്റെ വഴിയെ അടിതെറ്റാതെ മുന്നേറാന്‍ വി. ചാവറ നമുക്ക് പ്രചോദനം നല്കുന്നു.

നമുക്ക് പ്രാര്‍ത്ഥിക്കാം, തിരുഹിതം മാത്രം നടക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.