ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 17

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ ഭാര്യ മുംതാസ് മഹൽ മരണപ്പെട്ടത് 1631 ജൂൺ 17 നായിരുന്നു. പതിനാലാമത്തെ കുഞ്ഞായ ഗൗഹർ ആരാ ബീഗത്തിനെ പ്രസവിക്കുന്നതിനിടയിലായിരുന്നു മരണം. അർജുമാന്ദ് ബാനു ബീഗം എന്നായിരുന്നു മുംതാസ് മഹലിന്റെ യഥാർഥ പേര്. ഷാജഹാന്റെ പിതാവായ ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യ നൂർജഹാന്റെ മുതിർന്ന സഹോദരനായ അബ്ദുൾ ഹസന്റെ മകളായിരുന്നു അർജുമാന്ദ്. 1612 ലാണ് ഷാജഹാനുമായുള്ള അവരുടെ വിവാഹം നടന്നത്. ഭാര്യയുടെ രൂപഭംഗിയിലും അറിവിലും അനുരക്തനായ ഷാജഹാനാണ് കൊട്ടാരത്തിന്റെ രത്നം എന്ന അർഥത്തിൽ മുംതാസ് മഹൽ എന്ന പേര് അവർക്കു നൽകിയത്. പത്നിയുടെ വിയോഗം ഏൽപിച്ച മനഃപ്രയാസത്തെ മറികടക്കാനാണ് ഷാജഹാൻ താജ്മഹൽ എന്ന സ്മാരകം പണിതത്.

അമേരിക്കയുടെ പ്രതീകങ്ങളിലൊന്നായിത്തീർന്ന സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലെത്തിയത് 1885 ജൂൺ 17 നായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതിചെയ്യുന്ന നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്റ്റെ ബാർത്തോഡി രൂപകൽപന ചെയ്ത് ഗുസ്താവ് ഈഫൽ നിർമിച്ച ഈ ശിൽപം ഫ്രാൻസ് അമേരിക്കയ്ക്കു നൽകിയ സമ്മാനമായിരുന്നു. 214 പെട്ടികളിൽ പാക്ക് ചെയ്ത 350 കഷണങ്ങളായാണ് പ്രതിമ ന്യൂയോർക്ക് തുറമുഖത്തെത്തിയത്. നാലു മാസങ്ങളെടുത്താണ് അവയെ 151 അടി ഉയരമുള്ള പ്രതിമയായി കൂട്ടിയോജിപ്പിച്ചത്. 1886 ഒക്ടോബർ 28 നാണ് സ്റ്റാച്യു രാഷ്ട്രത്തിനു സമർപ്പിച്ചത്.

വിജയകരമായ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് 1950 ജൂൺ 17 നായിരുന്നു. 49 വയസ്സുണ്ടായിരുന്ന റൂത്ത് ടക്കർ എന്ന ചിക്കാഗോക്കാരിയായ സ്ത്രീയുടെ ശരീരത്തിലാണ് മറ്റൊരാളുടെ വൃക്ക വച്ചുപിടിപ്പിച്ചത്. ഡോ. റിച്ചാർഡ് ലോലർ ആണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. നാൽപതോളം ഡോക്ടർമാർ ശസ്ത്രക്രിയ വീക്ഷിക്കുന്നുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചുവർഷങ്ങൾ കൂടി റൂത്ത് ടക്കർ ജീവിച്ചു.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.