മറിയം നമ്മുടെ ഹൃദയങ്ങളുടെ രാജ്ഞി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിമുപ്പതാം ദിനം,  സെപ്റ്റംബർ 13, 2022

പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയം നമ്മുടെ ഹൃദയങ്ങളുടെ രാജ്ഞിയാകുന്നു എന്നുപറഞ്ഞാൽ പരിശുദ്ധ മറിയത്തിന് നമ്മുടെ ഹൃദയത്തിന്മേൽ അധികാരവും അവകാശവും ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.

നാം ഓരോരുത്തരും മിശിഹായുടെ മൗതീകശരീരത്തിന്റെ അവയവങ്ങളാകുന്നു. മിശിഹായുടെ സ്വാഭാവിക ശരീരത്തിന്മേൽ മറിയത്തിനുള്ള ഉടമസ്ഥത അവന്റെ മൗതീകശരീരമായ സഭയിലും മറിയത്തിന് ഉടമസ്ഥതയും അധികാരവുമുണ്ടെന്ന് വ്യക്തമാക്കുന്നു. ഒരേ ശരീരത്തിലെ അവയവങ്ങൾ എന്ന നിലയിൽ വിശ്വാസവും ഉപവിയും വഴിയും ഈശോയോട് യോജിച്ചിരിക്കുന്ന എല്ലാ ഹൃദയങ്ങളുടെ മേലും മറിയത്തിന് അധികാരമുണ്ട്.

ഈശോ, സഭയുടെ രാജാവാകുന്നുവെങ്കിൽ മറിയം രാജ്ഞിയുമാണ്. മറിയത്തിന്റെ വിമലഹൃദയത്തിന് മറ്റെല്ലാ ഹൃദയങ്ങളുടെയും മേലുള്ള അധികാരം ഉണ്ടെന്നു പറയാനുള്ള മറ്റൊരു കാരണം മറിയത്തിന്റെ വിമലഹൃദയത്തിന്റെ പൂർണ്ണതയാകുന്നു. നമ്മുടെ ഹൃദയങ്ങളുടെ രാജ്ഞിയായ മറിയത്തിന് യോജിക്കാത്തതും അവൾ ശരിവയ്ക്കാത്തതുമായ യാതൊരു സ്നേഹബന്ധങ്ങൾക്കും നമ്മുടെ ഹൃദയത്തിൽ സ്ഥലം അനുവദിക്കുകയും വഴിതുറക്കുകയും ചെയ്യാൻ പാടില്ലെന്നുള്ള ഒരു ബാധ്യതയും നമ്മിൽ വന്നുചേരുന്നു. നമുടെ ഹൃദയങ്ങളുടെ രാജ്ഞിയായ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയും സ്നേഹവും നമ്മിൽ വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഉത്സാഹിക്കാം.

സകലഹൃദയങ്ങളുടെയും രാജ്ഞിയായ മറിയത്തിന്റെ വിമലഹൃദയമേ, നീ ഞങ്ങളുടെ സങ്കേതമായിരിക്കണമേ എന്ന് നമുക്കു പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.