
വരും ദിവസങ്ങളിൽ ലോകം മുഴുവൻ ഉറ്റുനോക്കാനിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഉറുഗ്വേ. ലെയോ പതിനാലാമൻ പാപ്പ, മാർപാപ്പ ആയതിനു ശേഷമുള്ള തന്റെ ആദ്യ ലാറ്റിനമേരിക്കൻ സന്ദർശനം നടത്തുന്നത് ഉറുഗ്വേയിലേക്കാണ്. ഈ രാജ്യത്ത് വളരെ സവിശേഷമായ രീതിയിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു രൂപമുണ്ട്. ‘മുപ്പത്തിമൂന്നിന്റെ നാഥ’ (Our Lady of the Thirty-Three) എന്നറിയപ്പെടുന്ന ആ രൂപത്തിന്റെ പിന്നിലെ ചരിത്രത്തിലൂടെ നമുക്കും ഒന്ന് കടന്നുപോകാം.
ഉറുഗ്വേയുടെ മധ്യസ്ഥയായ മാതാവിനെ കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി വണങ്ങുന്ന ‘നൂവേസ്ട്രാ സെന്നോറ ഡി ലോസ് ട്രെയിന്റ വൈ ട്രെസ്’ (Nuestra Señora de los Treinta y Tres) കത്തീഡ്രൽ ബസിലിക്ക സ്ഥിതിചെയ്യുന്നത് ഫ്ലോറിഡയിലാണ്. ഇവിടെയാണ് ‘മുപ്പത്തിമൂന്നിന്റെ നാഥ’ (Our Lady of the Thirty-Three) എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപമുള്ളത്.
ഈ രൂപം വളരെ ചെറുതാണ്. കഷ്ടിച്ച് 16 ഇഞ്ച് മാത്രം ഉയരമുള്ള ഒരു മരപ്രതിമ. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊത്തിയെടുത്ത ഈ പ്രതിമ, ഫ്രാൻസിസ്കൻ മിഷനറിമാരാണ് റിയോ ഡി ലാ പ്ലാറ്റ പ്രദേശത്തേക്ക് കൊണ്ടുവന്നത്. ഉറുഗ്വേ നദിയുടെ കിഴക്കൻ തീരത്തുള്ള ലാസ് വിബോറാസ് നഗരത്തിലാണ് ഈ രൂപം ആദ്യമായി വണങ്ങപ്പെട്ടിരുന്നത്. അവിടത്തെ തദ്ദേശീയ സമൂഹങ്ങൾക്കും സ്പാനിഷ് കുടിയേറ്റക്കാർക്കുമിടയിൽ ഇത് അതിവേഗം വലിയ ഭക്തിയുടെ കേന്ദ്രമായി മാറി. ഈ മാതാവിന്റെ അടുത്തുവന്ന് പ്രാർഥിച്ചവർക്കൊക്കെ അവരുടെ നിയോഗങ്ങൾ നടന്നുകിട്ടിയതോടെ വലിയൊരു തീർഥാടനകേന്ദ്രമായി ആ സ്ഥലം മാറി.
‘മുപ്പത്തിമൂന്ന്’ എന്ന പേര് മാതാവിന് ലഭിക്കുന്നത് അതിനും രണ്ട് നൂറ്റാണ്ടുകൾക്കു ശേഷമാണ്. 1825 ഏപ്രിൽ 19 ന്, 33 ഉറുഗ്വേൻ രാജ്യസ്‌നേഹികൾ – ‘ട്രെയിന്റ വൈ ട്രെസ് ഓറിയന്റൽസ്’ (Treinta y Tres Orientales) – ജുവാൻ അന്റോണിയോ ലവല്ലേജയുടെ നേതൃത്വത്തിൽ ഉറുഗ്വേ നദി കടന്നു. ബ്രസീലിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലേക്കു നയിച്ച പോരാട്ടത്തിന് തുടക്കം കുറിച്ചത് അവിടെ നിന്നാണ്. ഈ യാത്ര തിരിക്കുന്നതിനു മുമ്പ്, ഈ 33 ആളുകൾ തങ്ങളുടെ ദൗത്യം പരിശുദ്ധ മാതാവിന് സമർപ്പിച്ചു. അവരുടെ നദികടക്കൽ വിജയകരമായി, ക്രമേണ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. അങ്ങനെ ആ ചെറിയ മരപ്രതിമ, ഒരു രാജ്യത്തിന്റെ ജനനത്തിന് കാവലായിരുന്ന മാതാവായി ദേശീയ ഓർമ്മകളിൽ ഇടം നേടി.
1857 ൽ പയസ് ഒൻപതാമൻ മാർപാപ്പ ‘മുപ്പത്തിമൂന്നിന്റെ നാഥ എന്ന പേരിൽ പ്രശസ്തിയാർജിച്ച പരിശുദ്ധ അമ്മയെ ഉറുഗ്വേയുടെ ഔദ്യോഗിക മധ്യസ്ഥയായി പ്രഖ്യാപിച്ചു. തുടർന്നുവന്ന മാർപാപ്പമാരും ഈ അംഗീകാരം സ്ഥിരീകരിച്ചു. ആ രൂപം പിന്നീട് ഫ്ലോറിഡയിലേക്ക് മാറ്റി. ഇന്ന് മാതാവിന്റെ പേരിലുള്ള കത്തീഡ്രലിലാണ് രൂപം സൂക്ഷിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മതേതര രാജ്യങ്ങളിലൊന്നായ ഉറുഗ്വേയിൽ, കത്തോലിക്കാ വിശ്വാസികൾ മാത്രമല്ല, രാജ്യത്തിന്റെ ചരിത്രത്തെയും സ്വത്വത്തെയും ബഹുമാനിക്കുന്ന എല്ലാ ജനങ്ങളും ഈ മാതാവിനെ തങ്ങളുടെ ഐക്യത്തിന്റെ പ്രതീകമായി വണങ്ങുന്നു.




