സന്യാസാർത്ഥിനിയുടെ മരണത്തിന്റെ മറവിൽ സന്യസ്തർക്കെതിരെയുള്ള ആക്രമണങ്ങൾ അതിരുകടക്കുമ്പോൾ…

The Vigilant Catholic

കേരളസഭയിൽ പ്രവർത്തനനിരതരായിരിക്കുന്ന സന്യാസിനിമാരുടെ എണ്ണം ഏകദേശം മുപ്പത്തയ്യായിരത്തോളം വരും. ഏഴായിരത്തിൽപ്പരം അംഗങ്ങളുള്ള എഫ്‌സിസി, സിഎംസി തുടങ്ങി പരിമിതമായ അംഗങ്ങളുള്ള വിദേശ കോൺഗ്രിഗേഷനുകൾ വരെ ഒട്ടേറെ സന്യാസിനീ സമൂഹങ്ങളും അവരുടെ ആയിരക്കണക്കിന് സന്യാസ ഭവനങ്ങളും കേരളത്തിലുണ്ട്. നൂറുകണക്കിന് ചെറുതും വലുതുമായ ചികിത്സാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ ഇവരുടെ മാത്രം നേതൃത്വത്തിലും മറ്റാരുടെയും സഹായമില്ലാതെയും നമുക്കിടയിലുണ്ട്. കേരളത്തിലുള്ളതിലേറെ മറ്റ് സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമായി ഇവരുടെ നേതൃത്വത്തിൽ  മുന്നേറുന്നുണ്ട്. മാനുഷികമായ പോരായ്മകൾക്കും പരിമിതികൾക്കും പൂർണ്ണമായും അതീതമാണ് സന്യാസിനിമാരും അവരുടെ സേവന പ്രവർത്തനങ്ങളും എന്ന് അവകാശപ്പെടാൻ കഴിയില്ല എങ്കിലും അവരുടെ സേവനങ്ങൾ അതുല്യമാണ് എന്നതിൽ സംശയമില്ല.

ഈ സേവനമേഖലകളെ ഉയർത്തിക്കാണിച്ച് അനുകമ്പയും, പിന്തുണയും പിടിച്ചുപറ്റാൻ ഇവരിലാരുംതന്നെ സമൂഹമധ്യത്തിൽ ഇന്നോളം പ്രത്യക്ഷപ്പെട്ടിട്ടില്ല. അത്തരം യാഥാർത്ഥ്യങ്ങളെ വിസ്മരിച്ച് തെല്ലും കരുണയില്ലാതെ അധിക്ഷേപ ശരങ്ങൾ ഉയരുമ്പോൾ അതിനെതിരെ പ്രതികരിക്കാനും പലപ്പോഴും ഇവരിലാരും രംഗത്ത് വരാറില്ല. പറയാൻ ഒന്നുമില്ല എന്നതല്ല അതിനു കാരണം. അവരാരും വെറുതെയിരിക്കുന്നവരല്ല. നേരം വെളുക്കുമ്പോൾ മുതൽ പാതിരാവരെ നീണ്ട അധ്വാനത്തിന് ശേഷവും വേണ്ടവിധം വിശ്രമിക്കാൻ പോലും കഴിയാത്തവരാണ് അവരിൽ ഭൂരിഭാഗവും. ബഹുഭൂരിപക്ഷം വരുന്ന സന്യാസിനിമാർ ഫേസ്ബുക്കോ, വാട്ട്സാപ്പോ, തങ്ങൾക്കെതിരെ അവിടെ നടക്കുന്ന പ്രചാരണങ്ങളോ എന്താണെന്നു പോലും അറിയാത്തവരാണ്. 

സന്യാസത്തെ ഒറ്റുകൊടുക്കുന്ന ഒരാളോ, അല്ലങ്കിൽ, സമാന സ്വഭാവത്തിൽ മുഖ്യധാരയിലെത്തിച്ചേർന്ന വിരലിലെണ്ണാവുന്ന ചിലരോ അല്ല കേരളത്തിലെ സന്യാസിനീ സമൂഹങ്ങളുടെ പ്രതിനിധികൾ എന്ന് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് അറിയാം. കാരണം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഇതേ സന്യാസിനീ സമൂഹത്തിന്റെ സേവനത്തിന്റെയും സ്നേഹത്തിന്റെയും മാധുര്യം രുചിച്ചിട്ടുള്ളവരാണ് സകല മലയാളികളും. എല്ലാം തികഞ്ഞവരാണ് അവർ എന്നോ, ഒരിക്കലും ഒരുകുറവും കാണപ്പെടാത്തവരാണ് അത്തരം ഓരോ വ്യക്തികളും എന്നോ സ്ഥാപിക്കാനല്ല ഈ കുറിപ്പ്. മറിച്ച്, സന്യാസത്തിന്റെ നന്മകൾ നിസ്സീമമാണ് എന്ന് ഓർമ്മപ്പെടുത്താൻ മാത്രമാണ്.

കഴിഞ്ഞ ദിവസം നടന്ന തികച്ചും ദൗർഭാഗ്യകരമായ ഒരു സംഭവം, ഒരു സന്യാസാർത്ഥിനി മരണപ്പെടുവാൻ ഇടയായ സാഹചര്യത്തെ തുടർന്ന് ഒട്ടേറെ വ്യക്തികൾ സന്യാസത്തെയും, സന്യാസിനിമാരെയും, സന്യാസ സമൂഹത്തെയും കത്തോലിക്കാ സഭയെയും കുറ്റപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. വളരെ നികൃഷ്ടമായ രീതിയിൽ സന്യാസത്തെയും അതിന്റെ മറവിൽ കത്തോലിക്കാ സഭയെയും ആക്രമിക്കുവാനുള്ള അനേകം ശ്രമങ്ങളുണ്ടായി. കഴിഞ്ഞ ദിവസത്തെ ദാരുണമായ സംഭവത്തെക്കുറിച്ച് നിയമപാലകർക്കും, കേസിൽ ഇടപെട്ടവർക്കും, മറ്റ് വിദഗ്ധർക്കും ഒരു അപകട മരണം എന്നതിനപ്പുറമുള്ള സംശയങ്ങളൊന്നും ഇതുവരെയില്ല എങ്കിൽപ്പോലും, തങ്ങളുടെ വിഷലിപ്തമായ മുൻധാരണകളുടെപേരിൽ അനേകർ സഭാധികാരികളെ നിഷ്കരുണം കുറ്റവാളികളാക്കി ചിത്രീകരിച്ചു.

ഗുരുതരമായ അച്ചടക്ക ലംഘനങ്ങളെ തുടർന്ന് സഭ പുറത്താക്കിയ ഒരാൾ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയും വാട്ട്സാപ്പ് വഴിയും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത് വൈറലായിരുന്നു. കഴിഞ്ഞ മുപ്പത്തിമൂന്നു വർഷങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പതിനഞ്ചോളം അപകട/ അസ്വാഭാവിക മരണങ്ങളെയും തന്റെ പോസ്റ്റിൽ അവർ ചർച്ചാവിഷയമാക്കിയിരുന്നു. മറ്റുചില വ്യക്തികളും ഇത്തരത്തിലുള്ള അപമൃത്യുകൾ ചൂണ്ടിക്കാണിച്ചു സഭയെ പ്രതിക്കൂട്ടിൽ നിർത്തുവാൻ വ്യഗ്രത കാണിച്ചുകണ്ടു. അത്തരം മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും വിധത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട് എന്നുള്ളതിൽ സംശയമില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെയോ, സഭയുടെയോ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞിട്ടുള്ളവർ ശരിയായ മാർഗ്ഗത്തിലൂടെ അന്വേഷണം ആവശ്യപ്പെടുന്നത് യുക്തമാണ്. എന്നാൽ, അവസരം ലഭിക്കുമ്പോഴെല്ലാം, സഭാവിരോധികൾക്ക് ഉപയോഗിക്കാൻ ആയുധമായി നൽകുന്നതിന് വെമ്പൽക്കൊള്ളുന്നതിനുപിന്നിൽ സഭയോടുള്ള ശത്രുത മാത്രമെന്ന് വ്യക്തമാണ്. ഇത്തരത്തിൽ ശത്രുതാപരമായി സഭയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ നീക്കങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ളത് പുറത്താക്കപ്പെട്ട ഒരാൾക്കുവേണ്ടി എന്ന വ്യാജേന രൂപീകരിക്കപ്പെട്ട ഗ്രൂപ്പുമാണ് എന്ന് നിസംശയം പറയാൻ കഴിയും.

മൂന്ന് പതിറ്റാണ്ടിലേറെയുള്ള കാലയളവിനിടയിൽ, ചില അകാലമരണങ്ങൾ (ചിലർ പുറത്തുവിടുന്ന കണക്കുകളനുസരിച്ചാണെങ്കിൽ പതിനഞ്ച്)  പതിനായിരക്കണക്കിന് സന്യസ്തർക്കിടയിൽ സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. വ്യക്തിപരമായും, മാനസികമായും പൂർണ്ണതയുള്ളവർ മാത്രമല്ല സന്യാസ ജീവിതത്തിലേയ്ക്ക് എത്തിച്ചേരുന്നവർ. പുറംലോകത്തിന്റേതായ സംഘർഷങ്ങൾ ഒരു പരിധിവരെ സന്യാസിനികളെയും അവർ ഉൾപ്പെടുന്ന സമൂഹങ്ങളെയും സ്വാധീനിക്കുന്നുണ്ടാവാം. മാനുഷികമായ അത്തരം വശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ ഇത്തരം സംഭവങ്ങളെ വിലയിരുത്താൻ പാടുള്ളൂ. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ എന്ന നിലയിൽ ഇത്തരത്തിലുള്ള ഓരോ മരണങ്ങളും അന്വേഷണങ്ങൾക്ക് വിധേയമായിട്ടുള്ളതും, ചില കേസുകൾ അന്വേഷണം പുരോഗമിക്കുന്നവയുമാണ്. ഈ വിഷയങ്ങളിൽ ചിലർക്കുള്ള മനുഷ്യത്വപരമായ താത്പര്യം മനസിലാക്കാമെങ്കിലും, യാഥാർത്ഥ്യങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊണ്ടുകൊണ്ടല്ല ഇത്തരക്കാരുടെ ഇടപെടലുകൾ എന്ന് വ്യക്തമാണ്. അല്ലാത്തപക്ഷം വാസ്തവങ്ങളെ അത്തരക്കാർ തമസ്കരിക്കുകയാണ് ചെയ്യുന്നത്. അത് സഭയോട് മാത്രമല്ല, ഈ സമൂഹത്തോടും ചെയ്യുന്ന ഗുരുതരമായ പാതകമാണ്.

പോലീസ് അന്വേഷണങ്ങളിൽ നിന്നോ, മുഖ്യധാരാ മാധ്യമങ്ങളിലൂടെ പോലുമോ, കഴിഞ്ഞ ദിവസം സംഭവിച്ച അപകട മരണത്തെക്കുറിച്ച് സന്യാസിനീ സമൂഹത്തെ കുറ്റപ്പെടുത്തുന്ന വിധത്തിലുള്ള പരാമർശങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് കിണറ്റിൽ വീണതിനാൽ സംഭവിച്ച മരണം എന്നാണ്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരമൊരു ദുരന്തത്തെ സംയമനത്തോടെ ഉൾക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നതൊന്നുമല്ല സത്യം എന്ന് അവർ മനസിലാക്കുന്നതിനാലാണ് അത്. എന്നാൽ, സ്ഥാപിത താൽപ്പര്യങ്ങളോടെ ചില ഓൺലൈൻ മഞ്ഞപ്പത്രങ്ങളും സഭയോട് വ്യക്തമായ വിരോധം വച്ചുപുലർത്തുന്ന കുറെ വ്യക്തികളും ഒരുപക്ഷെ സത്യം മനസിലാക്കുന്നെങ്കിൽ പോലും അസത്യം പ്രചരിപ്പിക്കുകയും സഭയെയും സന്യാസത്തെയും അവഹേളിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തെ ദുരുപയോഗിച്ചുകൊണ്ട് സന്യസ്തരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പോലും കുറ്റക്കാരായി ചിത്രീകരിക്കുന്ന ക്രൂരമായ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. സന്യാസ സമൂഹങ്ങളിലേയ്ക്ക് മക്കളെ പറഞ്ഞയക്കുന്ന മാതാപിതാക്കളെ രൂക്ഷമായ ഭാഷയിൽ നിർദ്ദയം ചിലർ വിമർശിക്കുന്നു. കത്തോലിക്കാ സന്യാസത്തിന്റെ വില മനസിലാക്കിക്കൊണ്ടുതന്നെ അതിനെ അവഹേളനങ്ങളിലൂടെ തകർക്കാനുള്ള ചില സഭാവിരുദ്ധരുടെ ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട സന്യാസാർത്ഥിനിയുടെ വലിയ വേദനയിലായിരിക്കുന്ന മാതാപിതാക്കളെപ്പോലും അത്തരക്കാർ വെറുതെ വിടുന്നില്ല എന്നുള്ളതാണ് ഖേദകരം. ഇതുകൊണ്ടൊന്നും, സമർപ്പിതരുടെ ആത്മവീര്യത്തെ കെടുത്താൻ ആർക്കും കഴിയില്ല എന്നുറപ്പ്.

ഈ അവസരത്തെ മുതലെടുത്തുകൊണ്ട് ചിലർ ഉയർത്തുന്ന എണ്ണമറ്റ ആരോപണങ്ങൾക്ക് മറുപടി നൽകുക പ്രായോഗികമല്ല. അവർ അത് അർഹിക്കുന്നുമില്ല. സന്യാസത്തെയും, സന്യാസ സമൂഹങ്ങളെയും ചോദ്യം ചെയ്യാനും, അവഹേളിക്കാനും തിരക്കുകൂട്ടുന്നവർ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി കാര്യങ്ങൾ മനസിലാക്കുവാൻ മാത്രം അപേക്ഷിക്കുന്നു. സ്ഥാപിത താൽപ്പര്യങ്ങളോടെ ചിലർ പ്രചരിപ്പിക്കുന്നതല്ല വാസ്തവങ്ങൾ. അകാലത്തിൽ നമ്മെ വേർപിരിഞ്ഞ സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം, കർമ്മനിരതരായിരിക്കുന്ന എല്ലാ സമർപ്പിതർക്കും ഭാവുകങ്ങൾ നേരുന്നു.

The Vigilant Catholic

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.