കുടുംബങ്ങൾക്കു വേണ്ടിയുള്ള കുരിശിന്റെ വഴി

സമൂഹത്തിന്റെ അടിസ്ഥാന ശിലയാണ് കുടുംബം. കുരിശിലെ ബലിയുടെ പുനരവതരണത്തിലാണ് കുടുംബം പിറവി കൊള്ളുന്നത്. കുടുംബമാകുന്ന ബലിവേദിയിൽ കുരിശിന്റെ വഴിത്താരകൾ നിരവധിയാണ്. വലിയ ആഴ്ച ക്രൂശിതന്റെ മായാത്ത മുദ്ര നമ്മുടെ ഭവനങ്ങളിലും വ്യക്തി ബന്ധങ്ങളിലും ആഴത്തിൽ പതിയേണ്ട സമയമാണ്. വലിയ ആഴ്ചയിൽ നമ്മുടെയും ലോകം മുഴുവന്റെയും കുടുംബങ്ങൾ ക്രൂശിതനു സമർപ്പിക്കാൻ കുടുംബങ്ങൾക്കായുള്ള ഒരു കുരിശിന്റെ വഴി.

പ്രാരംഭ പ്രാർത്ഥന

സ്വർഗ്ഗസ്ഥനായ പിതാവേ  ഈശോയും  പരിശുദ്ധ കന്യകാമറിയവും മാർ യൗസേപ്പു അടങ്ങുന്ന തിരുകുടുംബത്തിലൂടെ കുടുംബത്തിന്റെ മഹത്വം നീ ഉയർത്തിയല്ലോ. ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കു വേണ്ടി, പ്രത്യേകിച്ച് ദുരിതങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകുന്ന കുടുംബങ്ങൾക്കു വേണ്ടി  ഞങ്ങൾ പ്രാർത്ഥിക്കുന്നു. കൃപയുടെ ഈ കുരിശിന്റെ വഴിയിലൂടെ സഞ്ചരിച്ചു ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കാൻ നീ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഒന്നാം സ്ഥലം

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം : യോഹന്നാന്‍ 19:10 – 16

പീലാത്തോസ്‌ ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക്‌ അധികാരമുണ്ടെന്ന്‌ അറിഞ്ഞുകൂടെ? യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്‍െറ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചുതന്നവന്‍െറ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്‌. അപ്പോള്‍ മുതല്‍ പീലാത്തോസ്‌ അവനെ വിട്ടയ്‌ക്കാന്‍ ശ്രമമായി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്‌ഷം നീ സീസറിന്‍െറ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്‍െറ വിരോധിയാണ്‌. ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ്‌ യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്‌, കല്‍ത്തളം – ഹെബ്രായ ഭാഷയില്‍ ഗബ്‌ബാത്ത – എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത്‌ ന്യായാസനത്തില്‍ ഇരുന്നു. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്‌! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്‌ക്കൂ. പീലാത്തോസ്‌ അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.

വചന വിചിന്തനം

ശരിയായ കാര്യങ്ങൾ എപ്പോഴും  ചെയ്യുക അത്ര എളുപ്പവും വ്യക്തവുമല്ല. നമ്മുടെ അംഗീകാരത്തിനു മുറവിളി കൂട്ടുന്ന ബാഹ്യ സമ്മർദ്ധങ്ങളും കപട ന്യായങ്ങളും നിരവധി കണ്ടേക്കാം. ഒഴുക്കിനൊപ്പം നീന്താൻ എളുപ്പമാണ്. ആൾക്കൂട്ടത്തിന്റെ മനസ്സറിഞ്ഞു പോകാനും എളുപ്പം. ആധുനിക സംസ്കാരം നമ്മളോടു പറയുന്ന ചില എളുപ്പമാർഗ്ഗങ്ങളുണ്ട് ബഹുനില കൊട്ടാരങ്ങൾ പണിയുക, ജീവിതം ആസ്വദിക്കുക, മറ്റുള്ളവരെ ഉപയോഗിക്കുക, ഉപയോഗശേഷം വലിച്ചെറിയുക. കുടുംബ പ്രാർത്ഥന, പരിത്യാഗം, നോമ്പ്, ഉപവാസം, ഞായറാഴ്ച ആചരണം, കുടുംബാംഗങ്ങൾ തമ്മിലുള്ള തുറവി, പരോപകാരപ്രവർത്തികൾ തുടങ്ങിയ കുടുംബ നന്മകളൊക്കെ ഇത്തരക്കാർക്കു കുറച്ചിലാണ്. ദൈവത്തിന്നും മനസാക്ഷിയുടെ സ്വരത്തിനും വില കല്പിക്കാതാകുമ്പോൾ മനസ്സും കുടുംബവും മരവിച്ചു പോകുന്നു ജനക്കൂട്ടത്തിന്റെയും പുരോഹിത പ്രമുഖന്മാരുടെയും ഇംഗിതത്തിനു മുമ്പിൽ സത്യത്തെയും നീതിയെയും തമസ്കരിച്ച  ഭരാണാധിപനാണ് പീലാത്തോസ്. നാം ജീവിക്കുന്ന സംസ്കാരം വിശ്വാസത്തിനെതിരെയും കുടുംബത്തിനെതിരെയും മുറവിളി മുഴക്കുമ്പോൾ, ധാർമ്മിക നിയമങ്ങൾ തച്ചുടക്കുമ്പോൾ മനസ്സു പതറാതെ, കാലിടറാതെ ക്രൂശിതനെ നമുക്കാശ്ലഷിക്കാം.

നമുക്കു പ്രാർത്ഥിക്കാം

സർവ്വ ശക്തനായ ദൈവമേ, നിന്റെ രക്ഷാകര പദ്ധതിയിൽ പ്രത്യാശ അർപ്പിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഈ ലോകവും അതിന്റെ സുഖ സൗകര്യങ്ങളും ഞങ്ങളെ മാടി വിളിക്കുമ്പോൾ അവയിൽ മനമിടറാതെ  നിന്റെ തിരുഹിതത്തിനു  ഞങ്ങളുടെ ജീവിതത്തിൽ  സ്ഥാനം നൽകാനും പരിശുദ്ധാത്മ നിമന്ത്രണങ്ങൾക്കനുസരിച്ചു ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

രണ്ടാം സ്ഥലം

ഈശോ മിശിഹാ കുരിശു ചുമക്കുന്നു.

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം:  മര്‍ക്കോസ്‌ 8:34 – 36

അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്‍െറ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്‍െറ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്‌ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്‌ഷിക്കും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍െറ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട്‌ അവന്‌ എന്തു പ്രയോജനം?

വചന വിചിന്തനം

നമ്മുടെ ജീവിതത്തിന്റെ  ലക്ഷ്യമാണ് ഇവിടെ വിചിന്തന വിഷയം. നമ്മുടെ കുടുംബങ്ങളുടെയും ജീവിതങ്ങളുടെയും ലക്ഷ്യം എന്താണ്? പ്രശസ്തരും ബഹുമാന്യരും അധികാരം കൈയ്യാളുമാകുന്നവരും സ്വാധീന ശക്തിയുള്ളവരും ധനികരുമാകാനാണോ നമ്മുടെ  ശ്രദ്ധയും പരിശ്രമവും? വിശുദ്ധിയിൽ വളരാനും മറ്റുള്ളവരെ സഹായിക്കാനും ക്ഷമിക്കുവാനും പൊറുക്കുവാനും അവസാനം സ്വർഗ്ഗത്തിൻ എത്തിച്ചേരാനും നമ്മളിൽ തീവ്രമായ  ആഗ്രഹമുണ്ടോ? ക്രൂശിതന്റെ വഴിയിൽ കുരിശുമായി നാം മുന്നോട്ടു നീങ്ങുമ്പോൾ നിത്യജീവനായിരിക്കണം നമ്മുടെ ഏകവും അന്ത്യവുമായ ലക്ഷ്യം.

നമുക്കു പ്രാർത്ഥിക്കാം

ഈശോയെ, പൂർണ്ണ ഹൃദയത്തോടെ നിന്നെ അനുഗമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, കുരിശിനോടുള്ള ഭയം ഞങ്ങളെ പലപ്പോഴും പിന്നിലേക്കു വിളിക്കുന്നു.  ഞങ്ങളുടെ ഹൃദയങ്ങളിൽ സ്ഥൈര്യവും, നിന്റെ പ്രേഷിത മേഖലയിൽ പങ്കാളി ആകുവാനുമുള്ള തുറന്ന മനസ്സും നൽകണമേ. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

മൂന്നാം സ്ഥലം

ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം : ഏശയ്യാ 53:2 b- 5

ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്‌തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു. അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌  യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്‌. നമ്മുടെ ദുഃഖങ്ങളാണ്‌ അവന്‍ ചുമന്നത്‌. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്‍െറ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.

വചന വിചിന്തനം

കുടുംബമാകുമ്പോൾ ഇണക്കങ്ങളും, പിണക്കങ്ങളും സ്വഭാവികം. കാരണം അപൂർണ്ണരും ബലഹീനരുമായ വ്യക്തികൾ ഒന്നിച്ചു വസിക്കുകയും  ജോലി ചെയ്യുകയും ചെയ്യുന്ന ഇടമാണത്. അതുപോലെ  സ്നേഹവും  സമർപ്പണം അതിന്റെ പൂർണ്ണതയിൽ പ്രകാശമാനമാക്കുന്ന വേദി കൂടിയാണ് കുടുംബം. നമ്മുടെ പാപങ്ങൾ അവൻ ചുമലിലേറ്റി, നമ്മുടെ കുടുംബത്തിന്റെ ബലഹീനതകൾ ദൈവം അറിയുന്നു എന്നതാണ് നമ്മുടെ ആശ്വാസം. കുരിശിലെ തിരുനിണത്താൽ കുടുംബത്തിലെ ക്ഷതങ്ങളും വൈര്യൂപങ്ങളും അവൻ തുടച്ചു നീക്കുന്നു. ക്രൂശിതനോടു കുടുംബം അടുക്കുമ്പോൾ രക്ഷയുടെ തീരം അണയുകയാണു നമ്മൾ.

നമുക്കു പ്രാർത്ഥിക്കാം

ദൈവമേ, ഞങ്ങൾ വീഴുകയും പരാജയപ്പെടുകയും ചെയ്യുമ്പോൾ നഷ്ട ധൈര്യരാകാതെ നിന്നിൽ ആശ്രയിക്കുവാനും വീണ്ടും എഴുന്നേൽക്കുവാനും ഞങ്ങളുടെ കുടുംബങ്ങൾക്കു ശക്തി തരേണമേ. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ,  പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

നാലാം സ്ഥലം

ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചനഭാഗം : ലൂക്കാ: 2: 34 – 35

ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദ വിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയ വിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും.”

വചന വിചിന്തനം

മാതൃത്വത്തിലേക്കുള്ള വിളി വിശുദ്ധമായ ഒരു ഉത്തരവാദിത്വമാണ്. ഗർഭാവസ്ഥയിൽ ഒരമ്മ മാസങ്ങളോളം തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിച്ചു പോഷണം നൽകി പരിപോഷിപ്പിക്കുന്നു. മാതൃത്വത്തിലൂടെ ദൈവീകമായ സൃഷ്ടികർമ്മത്തിൽ സ്ത്രീ പങ്കു ചേരുന്നു. മാതൃത്വം ഭാരമായി കരുതുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഞാൻ ഒരു അമ്മയാണ് എന്നു പറയാൻ വിമുഖത കാണിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നു. അമ്മമാരെ ബഹുമാനിക്കുകയും അമ്മയാകുന്നതിൽ ബഹുമാനം കണ്ടെത്തുകയും ചെയ്യുന്ന ഒരു തലമുറ മനുഷ്യരാശിയുടെ നിലനിൽപ്പിനു അത്യാവശ്യമാണ്. ഒരമ്മ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് പരിശുദ്ധ കന്യകാമറിയം. വേദനകളും സങ്കടങ്ങളും ദുരിതങ്ങളും സന്തോഷങ്ങളോടൊപ്പം ആഘോഷമാക്കിയവൾ മറിയം. സഹനങ്ങളിൽ അവൾ ദൈവഹിതത്തിനു പുറം തിരിഞ്ഞില്ല, കൂടെ നടന്നു കാൽവരിയോളം. കുരിശോളം ഉയരേണ്ടതാണ് ഓരോ മാതൃത്വവും. അപ്പോൾ മാതൃത്വം രക്ഷയ്ക്കുള്ള ഉപാധി ആകും.

നമുക്കു പ്രാർത്ഥിക്കാം

ദൈവമാതാവായ പരിശുദ്ധ മറിയമേ, എല്ലാം അമ്മമാർക്കും വേണ്ടി ഞങ്ങൾ നിന്റെ മാധ്യസ്ഥ്യം യാചിക്കുന്നു. കുരിശുകൾ കാണുമ്പോൾ ഭയചകിതരാകാതെ കുടുംബത്തിന്റെയും സഭയുടെയും രക്ഷയെ പ്രതി അവയെ സ്വീകരിക്കുവാനും നിന്നോടു ചേർന്ന് കാൽവരിയിലേക്കു യാത്ര ചെയ്യാനും അവരെ പ്രാപ്തരാക്കണമേ. മക്കൾക്കും കുടുംബങ്ങൾക്കു വേണ്ടി കഷ്ടതകൾ അനുഭവിക്കുന്ന അമ്മമാർക്കു നിന്റെ മധ്യസ്ഥ്യം ശക്തിയും പ്രതീക്ഷയും നൽകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

അഞ്ചാം സ്ഥലം

ശിമയോൻ ഈശോയെ സഹായിക്കുന്നു.

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചനഭാഗം : മര്‍ക്കോസ്‌ 15:20-22

അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്‌ത്രം അഴിച്ചുമാറ്റി. അവന്റെ വസ്‌ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട്‌ അവര്‍ അവനെ കുരിശില്‍ തറയ്‌ക്കാന്‍ കൊണ്ടുപോയി. അലക്‌സാണ്ടറിന്‍െറയും റൂഫസിന്‍െറയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്‌, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്‍െറ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു.

വചന വിചിന്തനം 

അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായിരുന്ന ശിമയോൻ ഒരു നാട്ടിൻ പുറത്തുകാരനായിരുന്നു. നാഗരിക ജീവിതത്തിന്റെ സങ്കീർണ്ണതകൾ ഒരു പക്ഷേ അവനറിയത്തില്ലായിരിക്കും. വേദനിക്കുകുന്നവരെ സഹായിക്കുക എന്ന ദൈവീക നിയമം കുരിശിന്റെ യാത്രയിൽ അവൻ പൂർത്തീകരിക്കുന്നു. ജനക്കൂട്ടത്തിനു മുമ്പിൽ കുറ്റവാളിയായ ഒരു മനുഷ്യന്റെ കുരിശാണ് ശിമയോൻ ചുമക്കുന്നത്. അതു കണ്ടു ശിമയോന്റെ മക്കൾ ഒരു പക്ഷേ പരിതപിച്ചട്ടുകാണും. വേദനിക്കുന്ന ഈശോയുടെ കുരിശു താങ്ങാൻ ശിമയോൻ  സമ്മതമരുളുമ്പോൾ കാൽവരി യാത്രയിൽ മനുഷ്യത്വമുള്ള ഒരു പിതാവു പിറവിയെടുക്കുന്നു.

അപ്പന്മാർക്കു കുടുബത്തിന്റെയും മക്കളുടെയും മേൽ വലിയ ഉത്തരവാദിത്വമാണുള്ളത്. കുടുംബത്തിലെ കടമകളിൽ നിന്നു ഉഴിഞ്ഞുമാറി നടക്കുന്ന അപ്പന്മാർ ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്. കുടുംബത്തിനും മക്കൾക്കും സമൂഹത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട പിതാക്കന്മാർ ശിമയോനെപ്പോലെ അനുഗ്രഹീതരാണ്. സ്വർഗ്ഗസ്ഥനായ പിതാവിനൊപ്പം ചേർന്നു ഭൂമിയിലെ എല്ലാ പിതാക്കന്മാർക്കു വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം.

നമുക്കു പ്രാർത്ഥിക്കാം

സ്വർഗ്ഗസ്ഥനായ പിതാവേ, ഞങ്ങളുടെ പിതാക്കന്മാർക്കു വേണ്ടി ഞങ്ങൾ നന്ദി പറയുന്നു. അവർ പൂർണ്ണരല്ലങ്കിലും നിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഒരംശം ഞങ്ങൾ അവരിൽ ദർശിക്കുന്നു. കുടുംബത്തിനും മക്കൾക്കും വേണ്ടിയുള്ള അവരുടെ പരിശ്രമങ്ങളെ നീ ആശീർവ്വദിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ.

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ആറാം സ്ഥലം

വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചനഭാഗം: മത്തായി 25:37-40

അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്‌ ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട്‌ കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട്‌ സ്വീകരിച്ചതും നഗ്‌നനായിക്കണ്ട്‌ ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോ കാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത്‌ എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.

വചന വിചിന്തനം

വെറോനിക്കായുടെ ധീരമായ പ്രവർത്തി, അനുകമ്പയുള്ള വ്യക്തികളെയും കുടുംബങ്ങളെയും നമ്മുടെ മുമ്പിൽ പുനരവതരിപ്പിക്കുന്നു. കുടുംബത്തിൽ ആരെങ്കിലും രോഗബാധിതനോ/ രോഗബാധിതയോ ആയാൽ ആ കുടുംബം മുഴുവൻ ആ സഹനത്തിൽ പങ്കുചേരുന്നു. കുടുംബം രോഗമോചിതമാകുമ്പോഴേ സന്തോഷം വീണ്ടും അവിടെ വരുകയുള്ളു. കുടുംബത്തിനപ്പുറത്തേക്കു സഹായഹസ്തവുമായി ചെല്ലാൻ പലപ്പോഴും നമുക്കു മടിയാണ്. ക്രൈസ്തവർ എന്ന നിലയിൽ ക്രിസ്തുവിന്റെ  മൗതീക ശരീരത്തിലെ അംഗങ്ങൾ ആണു നമ്മൾ, വേദനിക്കുന്ന ഒരംഗത്തിനു വേണ്ടി സഹായം ചെയ്യുമ്പോൾ ക്രിസ്തുവിനെ ത്തന്നെയാണു നാം ശുശ്രൂഷിക്കുന്നതും ബഹുമാനിക്കുണതും. ദൈവകാരുണ്യത്തിന്റെ പ്രവർത്തികൾ നാം ചെയ്യുമ്പോൾ ക്രിസ്തുവിന്റെ  തിരു മുഖം തന്നെയാണു നാം തുടയ്ക്കുന്നത്.

നമുക്കു പ്രാർത്ഥിക്കാം

ഈശോയെ, നിന്റെ തീവ്ര വേദനയുടെ നിമിഷങ്ങളിൽ വെറോനിക്കായുടെ അനുകമ്പാർദ്രമായ കൈകൾ നിന്നെ ആശ്വസിപ്പിച്ചുവല്ലോ. സകലരും നിന്നെ പരിത്യജിച്ച ആ നിമിഷങ്ങളിൽ നിന്നെ സഹായിക്കാൻ വെറോനിക്കാ ധൈര്യം കാണിച്ചതു പോലെ ആവശ്യ നേരങ്ങളിൽ അയൽക്കാരെയും ഏറ്റവും സഹായം ആവശ്യമുള്ളവരെയും സഹായിക്കാൻ ഞങ്ങളുടെ കുടുബങ്ങളെ ഒരുക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ,  പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഏഴാം സ്ഥലം

ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചനഭാഗം: സങ്കീർത്തനം  22:15-18 a

എന്‍െറ അണ്ണാക്ക്‌ ഓടിന്‍െറ കഷണംപോലെ വരണ്ടിരിക്കുന്നു; എന്‍െറ നാവ്‌ അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു; അവിടുന്ന്‌ എന്നെ മരണത്തിന്‍െറ പൂഴിയില്‍ ഉപേക്‌ഷിച്ചിരിക്കുന്നു. നായ്‌ക്കള്‍ എന്‍െറ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്‍െറ കൈകാലുകള്‍ കുത്തിത്തുളച്ചു; എന്‍െറ അസ്‌ഥികള്‍ എനിക്ക്‌ എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചുനോക്കുന്നു; അവര്‍ എന്‍െറ വസ്‌ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്‍െറ അങ്കിക്കായി അവര്‍ നറുക്കിടുന്നു.

വചന വിചിന്തനം

സ്വാർത്ഥത സ്നേഹ ബന്ധങ്ങളുടെ ശത്രുവാണ്. ഇതു മറ്റുള്ളവരെ കെണിയിൽ വീഴ്ത്തുന്നു, മറ്റുള്ളവരുടെ ബലഹീനതയിൽ പ്രയോജനം കാണുന്നു, മറ്റുള്ളവരിൽ നിന്നു നമ്മുടെ ജീവിതത്തെ പിറകൊട്ടു വലിക്കുന്നു. സ്വാർത്ഥത പലപ്പോഴും പരാജയങ്ങൾ ക്ഷണിച്ചു വരുത്തുന്നു. എളിയവരെ കരം തന്നുയർത്തുന്ന യേശുവാണ് നമ്മുടെ മാതൃക. കുരിശിലെ യേശുവിന്റെ ബലി  നിസ്സാർത്ഥതയുടെ ഉദാത്ത മാതൃകയാണ്. ഇത്തരത്തിലുള്ള നിസ്വാർത്ഥതയാണ് ലോകത്തെ രൂപാന്തരപ്പെടുത്തുന്നത്. നമ്മുടെ കുടുംബങ്ങളും നിസ്വാർത്ഥതയുടെയും എളിമയുടെയും ഇരിപ്പിടമാകണം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധാത്മാവേ, ഗാഗുൽത്തായിലേക്കു ഈശോയുടെ കുരിശു യാത്രയിൽ  ശക്തിയായിരുന്നതു നിന്റെ സാന്നിധ്യമായിരുന്നല്ലോ. സ്വാർത്ഥതയുടെ വഴികളിൽ ഞങ്ങൾ ഇടറി വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ നീ വരണമേ. കുരിശിന്റെ വഴികളിലൂടെ യാത്ര ചെയ്തു മറ്റുള്ളവർക്കായി ഞങ്ങളെത്തന്നെ നിസ്വാർത്ഥമായി നൽകാൻ ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

എട്ടാം സ്ഥലം

ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു

വചന ഭാഗം: ലൂക്കാ 23:27-31

ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്‍െറ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും. അന്ന്‌ അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും. പച്ചത്തടിയോട്‌ അവര്‍ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും?

വചന വിചിന്തനം 

 ജറുസലേം നഗരിയിലെ സ്ത്രീകളുടെ കരച്ചിൽ കേട്ട് സ്വയം മറന്നു ഈശോ അവരെ ആശ്വസിപ്പിക്കുന്നു. ഒരു പ്രത്യേക പ്രദേശത്തിലെയോ കാലഘട്ടത്തിലെയോ സ്ത്രീകളുടെ മാത്രം കരച്ചിലിനുള്ള മറുപടിയല്ല  ക്രൂശിതൻ, മറിച്ച് ലോകാരംഭം മുതൽ അവസാനം വരെയുള്ള സ്ത്രീരോദനത്തിന്റെ മറുപടിയാണവൻ. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും അനാശാസ്യങ്ങളും വർദ്ധിച്ചു വരുമ്പോൾ ക്രൂശിതനിലേക്കു ദൃഷ്ടികൾ പായിക്കണം, സ്ത്രീകളെ ബഹുമാനിക്കുന്ന ആദരിക്കുന്ന അവരുടെ ആവലാതികൾക്കു ചെവി നൽകുന്ന രക്ഷകൻ അവിടെയുണ്ട്.  ക്രിസ്ത്യാനികൾ എന്ന നിലയിൽ വിശ്വാസികൾ എന്ന നിലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു നേരെ നാം മുഖം തിരിക്കരുത്. ഈശോയെപ്പോലെ അവരോടുള്ള  ബഹുമാനത്തിലും സ്നേഹത്തിലും നമുക്കു വളരാം.

നമുക്കു പ്രാർത്ഥിക്കാം

സ്നേഹനിധിയായ ദൈവമേ, ലോകമെമ്പാടുമുള്ള ദുർബലരായ സ്ത്രീകളെയും കുട്ടികളെയും നീ ആശീർവ്വദിക്കണമേ. നീ അവർക്കു കൊടുത്തിരിക്കുന്ന വിലയും മഹത്വവും നഷ്ട്ടപ്പെടുത്തുവാനോ നശിപ്പിക്കുവാനോ ആരെയും അനുവദിക്കരുതേ. സ്ത്രീകളെയും കുട്ടികളെയും ബഹുമാനിക്കുന്ന സംരക്ഷിക്കുന്ന തിരുകുടുബമായി ഞങ്ങളുടെ കുടുംബങ്ങളെ മറ്റേണമേ. ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഒൻപതാം സ്ഥലം

ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം: ഏശയ്യാ  50:6-7

അടിച്ചവര്‍ക്ക്‌ പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം തിരിച്ചില്ല.ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്‍െറ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്‌ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.

വചന വിചിന്തനം

മാനുഷികമായ ബലഹീനതകളും തഴക്കദോഷങ്ങളും തരണം ചെയ്യാൻ നാം നിരന്തരം പടവെട്ടുന്നവരാണ്. നിത്യയൗവ്വനം നിലനിർത്താനും പ്രായത്തിന്റെ ലക്ഷണങ്ങൾ മായ്ക്കാനും മനുഷ്യമനസ്സു  ആഗ്രഹിക്കുന്നു. നമ്മടെ ശാരീരിക ക്ഷമതയില്ലായ്മ നമ്മളെ നിരന്തരം അലട്ടുന്നു. എന്നിരുന്നാലും ദൈവകൃപ നമുക്കു പ്രതീക്ഷ നൽകുന്നു. നമ്മൾ നശ്വരാണെങ്കിലും ദൈവം അനശ്വരനും അവർണ്ണനീയമായ സ്നേഹത്തിന്റെയും ശക്തിയുടെയും ശ്രോതസ്സാണ്.  ദൈവകൃപ സ്വീകരിക്കുവാനും മാനുഷിക ബലഹീനതകളും തഴക്കദോഷങ്ങളും അതിലംഘിക്കുവാനും നമുക്കു കരുത്തു നൽകുന്നതു ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. ദൈവകൃപയിലാശ്രയിക്കുവോളം എതു വീഴ്ചകളിൽ നിന്നും നാം എഴുന്നേൽക്കും.

നമുക്കു പ്രാർത്ഥിക്കാം

ഈശോയെ ഒരു  മനുഷ്യന്റെ  പരിമിതികളും ബലഹീനതകളും നിനക്കറിയാമല്ലോ. എന്നിരുന്നാലും നീ ആ ബലഹീനതകളെയെല്ലാം തരണം ചെയ്തു ഒരു യഥാർത്ഥ മനുഷ്യനായി ഭൂമിയിൽ എങ്ങനെ ജീവിക്കാമെന്നു നീ കാണിച്ചു തന്നു. നിന്നിലുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് നല്ല മനുഷ്യരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പത്താം സ്ഥലം

ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം: യോഹന്നാൻ 19:23-24

പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്‍െറ വസ്‌ത്രങ്ങള്‍ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്‍െറ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്‌തുണ്ടാക്കിയതായിരുന്നു. ആകയാല്‍, അവര്‍ പരസ്‌പരം പറഞ്ഞു: നമുക്ക്‌ അതു കീറേണ്ടാ; പകരം, അത്‌ ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്‍െറ വസ്‌ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്‍െറ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌

വചന വിചിന്തനം

കുരിശു മരണം വേദനകളും പീഡനങ്ങളും മാത്രമായിരുന്നില്ല. അതു വലിയ അപമാനവുമായിരുന്നു. കുരിശിന്റെ വഴി പുരോഗമിക്കുമ്പോൾ യേശുവിന്റെ  വസ്ത്രമുരിയുന്നതായി നാം കേൾക്കുന്നു. ജനക്കൂട്ടത്തിനു മുമ്പിൽ അപഹാസ്യനായി നിൽക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. മനുഷ്യനു മഹത്വം നൽകാൻ വന്ന ദൈവപുത്രന്റെ മഹത്വം മനുഷ്യ പുത്രർ തച്ചുടക്കുന്നു. എന്നിരുന്നാലും  ശാപവാക്കുകളോ വെറുപ്പോ ആ  അധരങ്ങളിലില്ല, ക്ഷമയും സ്നേഹവു മാത്രമേ ഉള്ളു. മനുഷ്യരക്ഷയ്ക്കായി അപമാനങ്ങളും സഹനങ്ങളും സ്വമനസ്സാ ഏറ്റെടുത്ത യേശുവിനെപ്പോലെ  കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നമുക്കും അല്പം സഹിക്കുകയും മറ്റുള്ളവർക്കു അപമാനവും ദുഷ്കീർത്തിയും വരുത്താതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യാം.

നമുക്കു പ്രാർത്ഥിക്കാം

ഓ ദൈവമേ, മനുഷ്യരക്ഷക്കായി മനുഷ്യനായ നിന്നെ മനുഷ്യർ  നഗ്നനാക്കുന്നു. കുടുംബങ്ങളുടെ പരിശുദ്ധി ചോർന്നു പോകുമ്പോൾ ദൈവമേ നിന്നെ വീണ്ടും വീണ്ടും നഗ്നരാക്കുകയാണല്ലോ ഞങ്ങൾ ചെയ്യുക. പരിശുദ്ധി പ്രാപിക്കുന്നതിനു വിഘാതമായി ഞങ്ങളുടെ കുടുംബങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളെയും ബന്ധങ്ങളെയും ജീവിതാവസ്ഥകളെയും നീ തകർക്കണമേ. നിന്റെ ഹിതം മാത്രം അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഭവനങ്ങളായി ഞങ്ങളുടെ കുടുംബങ്ങളെ നീ മാറ്റണമേ . ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ,  പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിനൊന്നാം സ്ഥലം

ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചനഭാഗം: ഏശയ്യാ  53:11-12

തന്‍െറ കഠിനവേദനയുടെ ഫലം കണ്ട്‌ അവര്‍ സംതൃപ്‌തനാകും. നീതിമാനായ എന്‍െറ ദാസന്‍ തന്‍െറ ജ്‌ഞാനത്താല്‍ അനേകരെ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്‍മകളെ വഹിക്കുകയും ചെയ്യും. മഹാന്‍മാരോടൊപ്പം ഞാന്‍ അവന്‌ അവകാശം കൊടുക്കും. ശക്‌തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്‍െറ ജീവനെ മരണത്തിന്‌ ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്‌തു. എന്നിട്ടും അനേ കരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്‌ഥ്യം വഹിച്ചു.

വചന വിചിന്തനം

നമ്മുടെ പാപങ്ങൾ വ്യക്തമായ രൂപം സ്വീകരിക്കുന്നു. ചെറിയ മുറിപ്പെടുത്തലുകൾ, നുണകൾ വഞ്ചനകൾ, കുറ്റപ്പെടുത്തലുകൾ, നിന്ദനങ്ങൾ ഇവയെല്ലാം ഈശോയെ തകർക്കുന്ന ആണികളായി മാറ്റപ്പെടുന്നു. അവ ഈശോക്കു മരണ വേദന സമ്മാനിക്കുന്നു. ഈശോ കുരിശിൽ കിടന്നു കരയുന്നെങ്കിൽ അതു എതിർപ്പിന്റെ സ്വരമല്ല മറിച്ചു ദൈവഹിതത്തിനു വിധേയപ്പെടുന്നതിന്റെ ആത്മ രോദനമാണ്. ക്രൂശിതനിലേക്കുള്ള ഉറ്റുുനോട്ടം പാപങ്ങളിൽ നിന്നു നമ്മെ പിൻതിരിപ്പിക്കും.

നമുക്കു പ്രാർത്ഥിക്കാം

രക്ഷകനായ യേശുവേ, ഞങ്ങളുടെ പാപങ്ങളാൽ നീ കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ  അനുഭവിച്ച തീവ്ര വേദനക്കു ഞങ്ങൾ മാപ്പു ചോദിക്കുന്നു.  പാപങ്ങളെയും പാപ സാഹചര്യങ്ങളെയും അവ എത്ര ചെറുതാണങ്കിലും വെറുത്തുപേക്ഷിക്കാൻ ഞങ്ങൾക്കു  കൃപ തരണമേ. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പന്ത്രണ്ടാം സ്ഥലം

ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചനഭാഗം: മത്തായി  27:45-50

ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്‌മാ സബക്‌ഥാനി. അതായത്‌, എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു?അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു. അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന്‌ അവനെ രക്‌ഷിക്കുമോ എന്നു കാണട്ടെ. യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.

വചന വിചിന്തനം

രക്ഷകനും നാഥനുമായ നമ്മുടെ കർത്താവിന്റെ ശരീരം തൂക്കിയിരിക്കുന്ന മരക്കുരിശു കാണുക. ആ മരക്കുരിശിലാണ് നമ്മുടെ അവസാന പ്രതീക്ഷ, ആ ക്രൂശിതനിലാണ് നമ്മുടെ രക്ഷ. എങ്ങനെയാണ്  അപമാനത്തിന്റെയും പീഡനത്തിതിന്റെയും  അടയാളമായ കുരിശു രക്ഷയുടെ പ്രതീകമായത്? അതു ദൈവകൃപയുടെ രൂപാന്തരപ്പെടുത്തുന്ന ശക്തികൊണ്ടു  ഒന്നു മാത്രമാണ്. ഇതു പാപം നിറഞ്ഞ നമ്മുടെ ജീവിതങ്ങളെ വിശുദ്ധി ഉള്ളതാക്കും, കുടിപ്പകയുള്ള കുടുംബങ്ങളെ തിരുകുടുംബങ്ങളാക്കി മാറ്റും. നമ്മുടെ സ്വാർത്ഥതകളെ നിസ്വാർത്ഥതകളാാക്കി മാറ്റും. ദു:ഖത്തെ നിത്യം നിലനിൽക്കുന്ന ആനന്ദമാക്കി മാറ്റും.  കുരിശിലെ വ്യവസ്ഥകളില്ലാത്ത സ്നേഹത്തിനു മുമ്പിൽ തകർന്ന കുടുംബങ്ങളും, അടി ഉലയുന്ന വ്യക്തി ബന്ധങ്ങളും പുതു ജീവൻ പ്രാപിക്കും . ഈ വിശുദ്ധ കുരിശാണു നമ്മുടെ സങ്കേതം.

നമുക്കു പ്രാർത്ഥിക്കാം

പിതാവായ ദൈവമേ, നിന്റെ പ്രിയ  പുത്രന്റെ കുരിശിലെ, ബലിയിൽ ഞങ്ങളും പങ്കുചേരുന്നു. ക്രൂശിതനിലേക്കു നോക്കുമ്പോൾ ദൈവ സ്നേഹത്തിന്റെ പാരമ്യം ഞങ്ങൾ തിരിച്ചറിയുന്നു. ഈ സ്നേഹം തിരിച്ചറഞ്ഞാൽ ഒരു കുടുംബവും വിവാഹബന്ധങ്ങളും തകരില്ല എന്നു ഉറച്ചു വിശ്വസിക്കുന്നു. ദൈവമേ കുരിശിലെ വ്യവസ്ഥകളില്ലാത്ത സ്നേഹത്തിൽ ഞങ്ങളുടെ കുടുംബങ്ങളെ പുതുക്കി സൃഷ്ടിക്കണമേ. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിമൂന്നാം സ്ഥലം

ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം: മർക്കോസ്  15:43-45

അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ ജോസഫ്‌ ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്‍െറ അടുത്തെത്തി യേശുവിന്‍െറ ശരീരം ചോദിച്ചു. അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ്‌ വിസ്‌മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്‌, അവന്‍ ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന്‌ അന്വേഷിച്ചു. ശതാധിപനില്‍നിന്നു വിവരമറിഞ്ഞതിനുശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു.

വചന വിചിന്തനം

അരമത്തിയാക്കാരൻ ജോസഫ് പീലാത്തോസിനെ കാണുന്നു. ധൈര്യവും ഭീരുത്വവും കൂടിക്കാഴ്ച നടത്തുന്നു. ജോസഫ് ശിഷ്യത്വത്തിന്റെ ഉത്തരവാദിത്വവും വിലയും മനസ്സിലാക്കി പ്രവർത്തിക്കുന്നു. പീലാത്തോസ് അതിനു അനുമതി നൽകുന്നു. എന്താണു  ശിഷ്യത്വത്തിനു നാം കല്പിക്കുന്ന വില? ആദിമസഭയിൽ ശിഷ്യന്മാർ നൽകിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ നൽകുന്ന വില എത്ര നിസ്സാരം. യേശുവിനു വേണ്ടി ഭയം കൂടാതെ ജീവിക്കുന്നവരെയാണു കാലഘട്ടത്തിനാവശ്യം. അതിനു ഒരു വ്യക്തി നൽകുന്ന പ്രത്യുത്തരമാണല്ലോ ശിഷ്യത്വം. ക്രിസ്തു ശിഷ്യത്വം വിളയേണ്ട പാടങ്ങളാണ് കുടുംബങ്ങൾ. അവിടെ അതു വിളഞ്ഞാൽ ഏതു പ്രതിസന്ധികളെയും അവ തരണം ചെയ്യും.

നമുക്കു പ്രാർത്ഥിക്കാം

ഈശോയെ,  ധൈര്യത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറക്കണമേ. ക്രിസ്തീയ ജീവിത ദർശനങ്ങൾ മൊട്ടിട്ടു വളർന്നു പാകമായി ഫലം ചൂടി നിൽക്കുന്ന വൃക്ഷങ്ങളായി ഞങ്ങളുടെ കുടുംബങ്ങളെ രൂപാന്തരപ്പെടുത്തണമേ. ദൈവീക കാര്യങ്ങൾക്കു പ്രഥമ പരിഗണന കൊടുക്കുന്ന ഇടങ്ങളായി ഞങ്ങളുടെ ഭവനങ്ങളെ മാറ്റേണമേ.  ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിനാലാം സ്ഥലം

ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

വചന ഭാഗം: ലൂക്കാ  23:53-56

അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്‌, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു. അന്ന്‌ ഒരുക്കത്തിന്‍െറ ദിവസമായിരുന്നു; സാബത്തിന്‍െറ ആരംഭവുമായിരുന്നു.ഗലീലിയില്‍നിന്ന്‌ യേശുവിനോടൊപ്പം വന്നിരുന്ന സ്‌ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്‍െറ ശരീരം എങ്ങനെ സംസ്‌ കരിച്ചു എന്നും കണ്ടു. അവര്‍ തിരിച്ചുചെന്ന്‌ സുഗന്ധദ്രവ്യങ്ങളും ലേപനവസ്‌തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.

വചന വിചിന്തനം 

രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം പ്രതീക്ഷിക്കാത്ത സമയത്തു വരുന്നു.  ക്ഷണിക്കപ്പെടാത്ത സന്ദർശകനാണ് മരണം. എല്ലാ കുടുംബങ്ങളും അനുഭവിക്കുന്ന വേദനയാണ് വേർപാടിന്റേത്. അതു അകാലത്തിലാകുമ്പോൾ അതിന്റെ ആക്കം വലുതായിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളുമാണ് ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനു ഒരുവനെ പ്രാപ്തനാക്കുന്നത്. അവസാനമായി ഈശോയുടെ കാര്യത്തിലെന്ന പോലെ മരണം നമ്മുടെ ജീവിതത്തിലേയും അവസാന ഉത്തരമല്ല. നമ്മൾ പ്രതീക്ഷയുടെ ജനമാണ് ഉത്ഥാനത്തിലും നിത്യജീവനിലും പ്രത്യാശയുള്ള ദൈവജനം. നമ്മൾ നമ്മുടെ ജീവിതം ജീവിക്കുമ്പോഴും മരണമെന്ന യാഥാർത്ഥ്യവുമായി ഇടപഴകുമ്പോഴും ക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും നമ്മുടെ രക്ഷയുടെ ഉറവിടമായി മനസ്സിൽ ദൃഢമായി നിലനിർത്തണം.

നമുക്കു പ്രാർത്ഥിക്കാം

ഈശോയെ, നിന്റെ മൃതശരീരം കല്ലറയിൽ അടക്കം ചെയ്യപ്പെട്ടപ്പോൾ എത്രമാത്രം വേദന നിന്റെ കുടുംബവും സഹോദരങ്ങളും അനുഭവിച്ചു കാണും. ഞങ്ങളുടെ കുടുംബങ്ങളിലുണ്ടായ മരണങ്ങളും അത്യാഹിതങ്ങളും പലപ്പോഴും ഞങ്ങളുടെ കുടുംബങ്ങളെയും  ദു:ഖത്തിലാഴ്ത്തിയിട്ടുണ്ട്. ഈശോയെ പ്രിയപ്പെട്ടവരുടെ പെട്ടന്നുള്ള വേർപാടിൽ ദു:ഖിക്കുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും കൂടെ വസിക്കുകയും ചെയ്യണമേ. ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

സമാപന പ്രാർത്ഥന

രക്ഷകനായ യേശുവേ, കുരിശിന്റെ വഴികളിലൂടെ ഞങ്ങൾ നിനക്കൊപ്പം യാത്ര ചെയ്യുക ആയിരുന്നല്ലോ. പ്രത്യേകമായി ഞങ്ങളുടെ കുടുംബങ്ങളെയും വ്യക്തി ബന്ധങ്ങളെയും മനസ്സിൽ സൂക്ഷിച്ചു കൊണ്ടായിരുന്നല്ലോ കുരിശിന്റെ  ഈ യാത്ര. ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കുകയും വ്യക്തിബന്ധങ്ങളെ പവിത്രീകരിക്കയും ചെയ്യണമേ. ഈ പ്രാർത്ഥനയിൽ വന്ന പാകപ്പിഴകൾക്കു ഞങ്ങൾ മാപ്പു ചോദിക്കുന്നു. രക്ഷയുടെ പാതയായ കുരിശിന്റെ മാർഗ്ഗത്തിൽ നിന്നു ഞങ്ങളുടെ കുടുംബങ്ങൾ ഒരിക്കലും ദൃഷ്ടി മാറ്റാതിരിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

നന്മ നിറഞ്ഞ മറിയമേ

മനസ്താപ പ്രകരണം

ഫാ: ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.