പശ്ചിമാഫ്രിക്കൻ തെരുവുകളിൽ ഭിക്ഷാടനത്തിനായി നിർബന്ധിതരാകുന്നത് ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും

നൈജറിലെ ദാരിദ്ര്യവും സംഘർഷങ്ങളും കാരണം നാടുവിട്ട ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലെ തെരുവുകളിൽ ഭിക്ഷാടനത്തിന് നിർബന്ധിതരാകുന്നു. സെനഗൽ, ഘാന, ഐവറി കോസ്റ്റ്, അൾജീരിയ എന്നീ രാജ്യങ്ങളിലെ തെരുവുകളിലാണ് ഇവർ പ്രധാനമായും ഭിക്ഷയെടുക്കുന്നത്. മനുഷ്യക്കടത്ത് സംഘങ്ങളാണ് വർഷങ്ങളായി ഈ മേഖലയിൽ വൻതോതിലുള്ള ഭിക്ഷാടന ശൃംഖലകൾ പ്രവർത്തിപ്പിക്കുന്നതെന്ന് പൊലീസും സന്നദ്ധ സംഘടനകളും വ്യക്തമാക്കുന്നു.

ഈ മേഖലയിലെ മനുഷ്യക്കടത്തിന് ഇരയാകുന്നവരിൽ 60 ശതമാനത്തിലധികവും കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. നല്ല ഭാവി വാഗ്ദാനം ചെയ്ത് കുടുംബങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് എത്തിച്ച ശേഷം യാത്രാക്കൂലി തിരിച്ചുപിടിക്കാനെന്ന പേരിൽ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണ് സംഘങ്ങൾ ചെയ്യുന്നത്. പ്രധാന ഗതാഗത കവലകളിൽ വാഹനങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന കുട്ടികളെ നിരീക്ഷിക്കാൻ മുതിർന്നവർ എപ്പോഴും സമീപത്തുണ്ടാകുമെന്നും ഭക്ഷണത്തിന് പകരം പണം മാത്രം വാങ്ങാനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു.

അൾജീരിയയും ഘാനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരത്തിൽ ഭിക്ഷാടനം നടത്തുന്ന ആയിരക്കണക്കിന് ആളുകളെ നൈജറിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. കുട്ടികളെ ഭിക്ഷാടനത്തിന് അയക്കുന്ന മാതാപിതാക്കൾക്ക് അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ നൽകുന്ന പുതിയ നിയമം നൈജർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം കർശന നടപടികൾക്ക് പകരം ഭിക്ഷാടന മാഫിയകളെ തകർക്കാനും ഇരകൾക്ക് സംരക്ഷണം നൽകാനുമാണ് സർക്കാരുകൾ ശ്രമിക്കേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.