ക്രിസ്തുരാജന്റെ തിരുനാളിൽ ഓർമ്മിക്കേണ്ട ഏഴ് പ്രധാനപ്പെട്ട കാര്യങ്ങൾ

നവംബർ 22 ഞായറാഴ്ച കത്തോലിക്കാ സഭ ക്രിസ്തുരാജന്റെ തിരുനാൾ ദിനമായി ആഘോഷിക്കുന്നു. ആരാധനാക്രമ വർഷത്തിലെ അവസാന ഞായറാഴ്ചയാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്. നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും രാജാവായി വാഴേണ്ടത് ക്രിസ്തുവാണെന്ന് ഈ മഹത്തായ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ തിരുനാളിനെക്കുറിച്ചുള്ള ഏഴ് പ്രധാന കാര്യങ്ങൾ

1. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഈ തിരുനാൾ സ്ഥാപിതമായി

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യയിലെ കമ്മ്യൂണിസത്തിന്റെ വളർച്ചയുടെ കാലത്ത് നിഖ്യാ കൗൺസിലിന്റെ 1600 -ാം വാർഷികാഘോഷത്തിന്റെ സന്ദർഭത്തിൽ പയസ് പതിനൊന്നാമൻ മാർപാപ്പ ഈ തിരുനാൾ സ്ഥാപിച്ചു.

2. ആദ്യ ആഘോഷം ഹാലോവീൻ ദിനത്തിൽ

ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയായിരുന്നു ഈ തിരുനാൾ ആദ്യം നിശ്ചയിച്ചിരുന്നത്. 1926 ഒക്ടോബർ 31 നാണ് ഈ തിരുനാൾ ആദ്യമായി ആഘോഷിച്ചത്. അന്നൊരു ഹാലോവീൻ ദിനം കൂടിയായിരുന്നു.

3. വി. പോൾ ആറാമൻ പാപ്പ ഈ തിരുനാളിന് നിലവിലെ പേരും തീയതിയും നൽകി

1969 – ൽ വി. പോൾ ആറാമൻ മാർപാപ്പയാണ് ഈ തിരുനാളിന് ഇന്നു പ്രചാരത്തിലുള്ള പേര് നൽകിയത്. ‘പ്രപഞ്ചത്തിന്റെ രാജാവായ യേശുക്രിസ്തുവിന്റെ തിരുനാൾ’. കൂടാതെ അത് ആരാധനാക്രമ വർഷത്തിന്റെ അവസാന ഞായറാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു.

4. മതേതരത്വം, നിരീശ്വരവാദം, കമ്മ്യൂണിസം എന്നിവയ്ക്കുള്ള സഭയുടെ മറുപടിയാണ് ഈ തിരുനാൾ

ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തെ പൊതുജീവിതത്തിൽ നിന്ന് അകറ്റണമെന്ന് ലോകം ആവശ്യപ്പെട്ട കാലത്ത് ക്രിസ്തു നമ്മുടെ ബുദ്ധിയിലും ഇച്ഛാശക്തിയിലും ഹൃദയത്തിലും രാജാവായിരിക്കണം എന്ന് പയസ് പതിനൊന്നാമൻ മാർപാപ്പ പ്രതികരിച്ചത് ഈ തിരുനാൾ സ്ഥാപനത്തോടെയാണ്.

5. മറ്റ് ക്രൈസ്തവ സഭകളും ഈ തിരുനാൾ ആഘോഷിക്കുന്നു

കത്തോലിക്ക സഭയാണ് ഈ തിരുനാൾ ആരംഭിച്ചതെങ്കിലും ചില ആംഗ്ലിക്കൻ, ലൂഥറൻ, മെത്തഡിസ്റ്റ്, പ്രെസ്ബിറ്റേരിയൻ സഭകളും ഈ തിരുനാൾ ആഘോഷിക്കുന്നു.

6. സ്വീഡനിൽ ‘ശിക്ഷാവിധി ഞായറാഴ്ച’ എന്നറിയപ്പെടുന്നു

സ്വീഡനിൽ ഈ ദിവസം ക്രിസ്തുവിന്റെ രണ്ടാം വരവും അന്തിമ ന്യായവിധിയും കേന്ദ്രീകരിച്ചുള്ള ആഘോഷമായാണ് നടത്തുന്നത്.

7. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുരാജന്റെ രൂപം പോളണ്ടിൽ

പോളണ്ടിലെ സ്വീബോഡ്സിൻ പട്ടണത്തിലാണ് ക്രിസ്തുരാജന്റെ പേരിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രൂപം ഉള്ളത്. 33 മീറ്റർ ഉയരമാണ് ഈ രൂപത്തിനുള്ളത്.

വിവർത്തനം: സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.