ദക്ഷിണാഫ്രിക്കയിൽ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ സ്ത്രീകൾ

ദക്ഷിണാഫ്രിക്കയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിനിടെ 581 സ്ത്രീകൾ കൊല്ലപ്പെട്ടതായി രാജ്യത്തെ ഏറ്റവും പുതിയ കുറ്റകൃത്യ കണക്കുകൾ വെളിപ്പെടുത്തുന്നു. ജൊഹാനസ്ബർഗും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന ഗൗട്ടെങ് പ്രവിശ്യയിൽ മാത്രം 131 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ജൊഹാനസ്ബർഗിലെ പൊതുസ്ഥലങ്ങളിൽ അർധനഗ്നരായ നിലയിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട 13 സ്ത്രീകളുടെ കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ലോകത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതക നിരക്കും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ ഈ കണക്കുകൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ മൂന്ന് മാസത്തിനിടെ രാജ്യത്ത് ആകെ 5,590 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് കൊലപാതകങ്ങളിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴും പ്രതിദിനം ശരാശരി 60 കൊലപാതകങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ 13 സ്ത്രീകളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ഗൗട്ടെങ് പ്രവിശ്യാ പൊലീസ് മേധാവി ജനറൽ ടോമി എംതോംബെനി അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ആക്ടിംഗ് പൊലീസ് മന്ത്രി ഫിറോസ് കച്ചാലിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.