പ്രതീക്ഷയുടെ യാത്ര 202: ബലഹീനതയിലെ സൗന്ദര്യം

നമ്മൾ എപ്പോഴും കരുത്തന്മാരായിരിക്കണമെന്നും ഒരിക്കലും തളരരുതെന്നുമാണ് ഈ ലോകം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ കുറവുകളെയും ബലഹീനതകളെയും മറച്ചുവയ്ക്കാൻ നാം എപ്പോഴും മുഖംമൂടികളണിയുന്നു. എന്നാൽ, മനുഷ്യന്റെ യഥാർഥ സൗന്ദര്യം കുടികൊള്ളുന്നത് അവന്റെ പൂർണ്ണതയിൽ മാത്രമല്ല, മറിച്ച് അവന്റെ അപൂർണ്ണതകളിലും ബലഹീനതകളിലും കൂടിയാണ്. തികഞ്ഞ കരുത്തിനേക്കാൾ, തകർച്ചകളെ നേരിടാനും അതിൽ നിന്ന് പുതിയ അർഥങ്ങൾ കണ്ടെത്താനും കഴിയുന്ന മനുഷ്യത്വത്തിലാണ് ജീവിതത്തിന്റെ ആഴം നിലനിൽക്കുന്നത്.

ഇംഗ്ലീഷ് കവി ജോൺ മിൽട്ടന്റെ ‘ഓൺ ഹിസ് ബ്ലൈൻഡ്‌നസ്’ (On His Blindness) എന്ന കവിത, ബലഹീനതയിലൂടെ തെളിയുന്ന ആന്തരിക വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നു. കാഴ്ച നഷ്ടപ്പെട്ടതോടെ തനിക്കു ലഭിച്ച കാവ്യപ്രതിഭയും സേവനവഴികളും എങ്ങനെ ഉപയോഗിക്കാനാകുമെന്ന ആശങ്ക കവിയെ അലട്ടി. എന്നാൽ, നിശ്ശബ്ദമായി സഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതിലൂടെയും ദൈവത്തെ സേവിക്കാനാകുമെന്ന തിരിച്ചറിവിലേക്ക് മിൽട്ടൺ എത്തുന്നു. “നിൽക്കുകയും കാത്തിരിക്കുകയും ചെയ്യുന്നവരും ദൈവത്തെ സേവിക്കുന്നു” എന്ന വരികൾ, നമ്മുടെ പരിമിതികൾ പ്രവർത്തനത്തിന്റെ അവസാനമല്ല, മറിച്ച് പുതിയൊരു ഉൾക്കാഴ്ചയിലേക്കുള്ള വാതിലുകളാണെന്ന് ഓർമ്മിപ്പിക്കുന്നു.

പുറംകാഴ്ചകൾ അസ്തമിക്കുമ്പോൾ ഉള്ളിലെ വെളിച്ചം തെളിയുന്ന അനുഭവമാണിത്; കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ട ശേഷമാണ് മിൽട്ടൺ തന്റെ ഏറ്റവും വലിയ കാവ്യമായ ‘പാരഡൈസ് ലോസ്റ്റ്’ (Paradise Lost) രചിച്ചത്. നമ്മുടെ പരിമിതികളിൽ ഒതുങ്ങാതെ മുന്നോട്ടുപോകാനുള്ള പ്രത്യാശ നൽകുന്ന ഒന്നാണിത്. കാഴ്ചയില്ലാതിരുന്നിട്ടും ഓർമ്മയുടെയും ഭാവനയുടെയും കരുത്തിൽ അദ്ദേഹം ഈ കൃതി പൂർത്തിയാക്കി. ആദ്യം പത്ത് പുസ്തകങ്ങളായി 1667 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ മഹാകാവ്യം, പിന്നീട് 1674 ൽ പന്ത്രണ്ട് പുസ്തകങ്ങളായി വികസിപ്പിക്കപ്പെട്ടു. പതിനായിരത്തിലധികം വരികളുള്ള ഈ കൃതി, ഇംഗ്ലീഷ് സാഹിത്യത്തിലെ അതുല്യമായ മഹാകാവ്യങ്ങളിൽ ഒന്നാണ്. മനുഷ്യന്റെ വീഴ്ചയും പാപവും മോചനവും പ്രമേയമാക്കുന്ന ഈ രചന, ഗഹനമായ ദൈവശാസ്ത്ര ചിന്തകളും ഗംഭീരമായ ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമാണ്. സ്വന്തം കണ്ണുകളുടെ വെളിച്ചം നഷ്ടപ്പെട്ടിട്ടും, അന്ധകാരത്തിനുള്ളിൽ നിന്ന് ലോകത്തിന് വെളിച്ചം പകർന്ന ഈ സൃഷ്ടി, ബലഹീനതകളെ സർഗാത്മകതയുടെയും ആത്മീയ ഉൾക്കാഴ്ചയുടെയും ശക്തിയായി മാറ്റാൻ കഴിയുമെന്ന് തെളിയിക്കുന്നു.

അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ലൂയിസ് ബോർഹെസിന്റെ (Jorge Luis Borges) ജീവിതവും ഇതുപോലെയായിരുന്നു. പൂർണ്ണമായ കാഴ്ച നഷ്ടപ്പെട്ടപ്പോഴും, വായനയും എഴുത്തും ചിന്തയും അദ്ദേഹം അവസാനിപ്പിച്ചില്ല. പൂർണ്ണമായി കാഴ്ച നഷ്ടപ്പെട്ട ശേഷമാണ് അദ്ദേഹം നിരവധി കവിതകളിലേക്കും പുതിയ ഗദ്യ-പദ്യ സമാഹാരങ്ങളിലേക്കും തിരിഞ്ഞത്. ‘എൽ ഹസെദോർ’ (El Hacedor, 1960), ‘ദ ബുക്ക് ഓഫ് സാൻഡ്’ (The Book of Sand), ‘സെവൻ നൈറ്റ്സ്’ (Seven Nights/ Siete Noches) തുടങ്ങിയ കൃതികൾ കാഴ്ച നഷ്ടപ്പെട്ട കാലത്തും പിന്നീടുമായി പിറന്നവയാണ്. അദ്ദേഹത്തിന്റെ അമ്മയായിരുന്നു പലപ്പോഴും അദ്ദേഹം പറഞ്ഞുകൊടുത്തിരുന്നത് എഴുതിയിരുന്നത്.

“നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിന് ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും” (2 കൊറി. 12:9) എന്ന, വി. പൗലോസിന്റെ വാക്കുകൾ നമ്മൾ ഓർമ്മിക്കേണ്ടതാണ്.

വി. പൗലോസ് അപ്പസ്തോലൻ തന്റെ ജീവിതത്തിലെ ‘മുള്ളിനെ’ – ബലഹീനതയെ – നീക്കിക്കളയാൻ മൂന്നുതവണ ദൈവത്തോട് പ്രാർഥിച്ചു. എന്നാൽ, ദൈവം ആ ബലഹീനതയെ മാറ്റുന്നതിനു പകരം, ആ ബലഹീനതയിലൂടെ തന്റെ ശക്തി വെളിപ്പെടുത്തുകയാണ് ചെയ്തത്. നാം ബലഹീനരാകുമ്പോഴാണ് നാം മറ്റുള്ളവരോട് കൂടുതൽ കരുണയുള്ളവരായി മാറുന്നത്. സ്വന്തം അപൂർണ്ണതകളെ അംഗീകരിക്കുമ്പോൾ, മറ്റുള്ളവരുടെ കുറവുകളെ വിധിക്കാതെ ഉൾക്കൊള്ളാനുള്ള വിശാലത നമുക്ക് ലഭിക്കുന്നു.

പ്രായോഗികം

നിങ്ങൾ ഒരു ബലഹീനതയായി കാണുന്ന നിങ്ങളുടെ ഒരു സ്വഭാവത്തെയോ, ജീവിതാനുഭവത്തെയോ ഇന്ന് പോസിറ്റീവായി നോക്കിക്കാണുക. ആ ബലഹീനത നിങ്ങളെ എങ്ങനെയാണ് കൂടുതൽ വിനയമുള്ളവനോ, മറ്റുള്ളവരെ മനസ്സിലാക്കുന്നവനോ ആക്കി മാറ്റിയതെന്ന് ചിന്തിക്കുക.

ചിന്ത

നിങ്ങളുടെ മുറിവുകളിലൂടെയാണ് മറ്റുള്ളവരുടെ വേദനകളെ മനസ്സിലാക്കാനുള്ള വെളിച്ചം നിങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.