അബോർഷൻ ക്ലിനിക്കുകൾക്കുമുന്നിൽ മൗനപ്രാർഥന നടത്തിയതിന് അറസ്റ്റിലായ യുവതിയോട് ക്ഷമാപണം നടത്തി യു.കെ പൊലീസ്

യു.കെയിൽ അബോർഷൻ ക്ലിനിക്കുകൾക്കുമുന്നിൽ മൗനപ്രാർഥന നടത്തിയതിന്റെപേരിൽ രണ്ടുപ്രാവശ്യം അറസ്റ്റിലായ യുവതിക്ക് മാപ്പ് നൽകി പൊലീസ്. കുറ്റവിമുക്തയാക്കപ്പെട്ട പ്രോ-ലൈഫ് ആക്ടിവിസ്റ്റ് ഇസബെൽ വോൺ-സ്പ്രൂസ് എന്ന സ്ത്രീയോട് പൊലീസ്, ക്ഷമാപണവും പ്രാദേശിക ‘ബഫർസോൺ’ സംരക്ഷണ ഉത്തരവ് ലംഘിച്ചതിന് കുറ്റംചുമത്തില്ലെന്ന ഉറപ്പും നൽകി.

മാർച്ച് 6 -ന്, ബർമിംഗ്ഹാമിലെ സ്റ്റേഷൻ റോഡിലെ ഗർഭച്ഛിദ്ര ക്ലിനിക്കിനുപുറത്തുള്ള ‘ബഫർസോണി’ൽ പ്രാർഥിച്ചതിന് വോൺ-സ്പ്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുമുൻപ് 2022 ഡിസംബറിലും ഇവർക്കെതിരെ സമാനമായ കുറ്റം പൊലീസ് ചുമത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രസ്താവനയിൽ ‘നിശ്ശബ്ദപ്രാർഥന ഒരിക്കലും കുറ്റകരമല്ല’ എന്ന് വോൺ-സ്പ്രൂസ് ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ അവസാനത്തെയും പൊലീസ് ക്ഷമാപണത്തെയും വോൺ-സ്പ്രൂസ് സ്വാഗതംചെയ്തു. എങ്കിലും തനിക്കു സംഭവിച്ചത് മറ്റൊരാൾക്കും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും വോൺ-സ്പ്രൂസ് നൽകുന്നുണ്ട്.

ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധമറിയിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുമുന്നിൽ നിശ്ശബ്ദമായി പ്രാർഥന നടത്തിയവരെയാണ് പൊലീസ് അറസ്റ്റു ചെയ്തതിരുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുചുറ്റും 500 അടി ‘ബഫർസോണുകൾ’ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രാദേശികനിയമം മുൻനിർത്തിയാണ്  പൊലീസ് നിശ്ശബ്ദപ്രാർഥന നടത്തുന്നവരെ അറസ്റ്റു ചെയ്തിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.