ഉക്രൈനിൽ സാധാരണ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച നടപടി സ്വാഗതാർഹം: ലെയോ പാപ്പ

ഉക്രൈനിലെ ഖെർസൺ മേഖലയിലുള്ള ഒലേഷ്കി നഗരത്തിൽ നിന്നുള്ള പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ച നടപടികളെ ഊഷ്മളമായി സ്വാഗതം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. സംഘർഷഭരിതമായ മേഖലകളിൽ ജീവിക്കുന്ന സാധാരണക്കാരുടെ സുരക്ഷയ്ക്കായി ഇരുവിഭാഗവും തമ്മിൽ നടത്തിയ സഹകരണം ശ്ലാഘനീയമാണെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി.

“മനുഷ്യത്വപരമായ ഈ നല്ല തീരുമാനം സാധ്യമാക്കിയ ഇരുപക്ഷവും തമ്മിലുള്ള സഹകരണം, ചർച്ചകൾക്കുള്ള ഇച്ഛാശക്തി വർധിപ്പിക്കുമെന്നും സമാധാനത്തിനായുള്ള പുതിയ പ്രായോഗികമായ ചുവടുവയ്പ്പുകളിലേക്ക് വഴിതെളിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു,”- പാപ്പ പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തായാലും യുദ്ധങ്ങൾ കാരണം കഷ്ടപ്പെടുന്ന എല്ലാവരെയും സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തിനും സകല വിശുദ്ധർക്കും നമുക്ക് സമർപ്പിക്കാം എന്ന പ്രാർഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

അമേരിക്കയുടെ മധ്യസ്ഥതയിൽ ഒക്ടോബർ 23-ന് ഉക്രൈനും റഷ്യയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ-ഒഴിപ്പിക്കൽ കരാറാണ് ഈ ദൗത്യം സാധ്യമാക്കിയത്. ഇതിന്റെ ഫലമായി, അഭയാർഥികളായ നൂറുകണക്കിന് ആളുകൾക്ക് ഒലേഷ്കി വിട്ട് കിയീവിന്റെ (ഉക്രൈൻ) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മടങ്ങാൻ സാധിച്ചു.

യുദ്ധക്കെടുതികൾ അനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമേകുന്നതിനായി ഒലേഷ്കിയിൽ മാനുഷിക ഇടവേളയും സുരക്ഷിത ഒഴിപ്പിക്കലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെ ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. റഷ്യൻ പ്രസിഡന്റുമായുള്ള ചർച്ചകളിലും സിവിലിയന്മാർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കേണ്ടതിന്റെ ആവശ്യകത വത്തിക്കാൻ ശക്തമായി ഉന്നയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.