
പ്രേതങ്ങളുടെയും മന്ത്രവാദികളുടെയും വേഷങ്ങൾക്കപ്പുറം, തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങൾ ധരിച്ച് കുരുന്നുകൾ. ലോകം ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ അതിനെതിരെ മനസ്സിന്റെ നന്മയും വിശുദ്ധ ജീവിതങ്ങളും ഉയർത്തിപ്പിടിച്ച വേറിട്ട കാഴ്ചയായി മാറി അമേരിക്കയിലെ വിർജീനിയയിലുള്ള, അലക്സാൻഡ്രിയയിലെ ബസിലിക്ക സ്കൂൾ ഓഫ് സെന്റ് മേരീസിൽ നടന്ന ‘ലിറ്റിൽ സെയ്ന്റ്സ് പരേഡ്’.
ഈ പരേഡ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചാണ് സ്കൂളിൽ കുട്ടികളുടെ മനോഹരമായ ഈ പരേഡ് സംഘടിപ്പിച്ചത്. കിന്റർഗാർഡൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് തങ്ങളുടെ ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷത്തിൽ സ്കൂളിലും പരിസരപ്രദേശങ്ങളിലും അണിനിരന്നത്. വൈദികരുടെ നേതൃത്വത്തിൽ നടന്ന ഈ ഘോഷയാത്രയിൽ സന്ന്യാസ വസ്ത്രങ്ങൾ ധരിച്ചും, തലയിൽ മുൾക്കിരീടം ഏന്തിയും, വിശുദ്ധരുടെ പ്രതീകങ്ങളുമായും എത്തിയ കുട്ടികൾ ഏവരുടെയും കൗതുകമായി.
കുരുന്നുകൾ മാലാഖമാരുടെയും വിശുദ്ധരുടെയും വേഷങ്ങളിൽ എത്തിയപ്പോൾ അത് ഏവരുടെയും മനസ്സിൽ പ്രത്യാശ ഉയർത്തുന്ന ഒരു കാഴ്ചയായി മാറി. പരേഡിനൊടുവിൽ തങ്ങൾ തിരഞ്ഞെടുത്ത വിശുദ്ധരെ കുറിച്ച് കുട്ടികൾ സംസാരിക്കുന്ന ഭാഗവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കുരുന്നുകളുടെ ഈ ചെറിയ സംസാരങ്ങളും കൊഞ്ചലുകളും ഈ പരിപാടിയെ ഏവരുടെയും മനം കവരുന്നതാക്കി മാറ്റി. അല്പം കടുപ്പമുള്ള വിശുദ്ധരുടെ പേരുകൾ പോലും കൊച്ചുകൂട്ടുകാർ വലിയ ആത്മവിശ്വാസത്തോടെ ഉച്ചരിച്ചു. പല വിശുദ്ധരുടെയും വേഷവിധാനങ്ങൾ മാതാപിതാക്കളുടെ കരവിരുതിൽ അതിമനോഹരമായി തന്നെ ഒരുക്കപ്പെട്ടിരുന്നു.




