നാടുവിട്ടാലും ഓട്ടോ വിടില്ല! ഇന്ത്യയിൽ നിന്നും പ്രിയപ്പെട്ട ഓട്ടോറിക്ഷ യുകെയിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് ദമ്പതികൾ

​ഇന്ത്യ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് ദമ്പതികളായ ഹെലനും മിക്കും തങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യൻ ഓട്ടോറിക്ഷ യുകെയിലേക്ക് കപ്പൽ മാർഗം എത്തിച്ചു. ഇന്ത്യയിലുടനീളം 75 ദിവസം കൊണ്ട് 4,218 കിലോമീറ്റർ ദൂരമാണ് ഇവർ ഈ മൂന്നുചക്ര വാഹനത്തിൽ സഞ്ചരിച്ചത്.

​ചെന്നൈയിൽ നിന്ന് വാങ്ങിയ ‘ബജാജ്’ ഓട്ടോറിക്ഷയ്ക്ക് ‘ടിമ്മി ദി ടിൻ കാൻ’ എന്നാണ് ഇവർ പേരിട്ടത്. മുന്നിൽ കാർട്ടൂൺ കണ്ണുകളും ചിരിക്കുന്ന മുഖവും വരച്ച് മനോഹരമാക്കിയ ഈ ഓട്ടോയിൽ ഇരുവരും ആഗ്രയും താജ്മഹലും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. യാത്ര അവസാനിച്ചപ്പോൾ ഓട്ടോയെ ഇന്ത്യയിൽ ഉപേക്ഷിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് ആറു മാസത്തെ പേപ്പർ വർക്കുകൾ പൂർത്തിയാക്കി കപ്പൽ മാർഗം ലണ്ടനിലേക്ക് അയക്കുകയായിരുന്നു.

​ഒക്ടോബർ 23 -ന് ലണ്ടൻ ഗേറ്റ്‌വേ പോർട്ടിൽ എത്തിയ ഓട്ടോയുടെ വീഡിയോ വ്യാവസായിക പ്രമുഖൻ ഹർഷ് ഗോയങ്ക ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. യുകെയിലെ പ്രാദേശിക വാഹന നിയമങ്ങളും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കിയ ശേഷം ‘ടിമ്മി’ ഉടൻ തന്നെ ബ്രിട്ടണിലെ നിരത്തിലിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.