
പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോളതലത്തിലുണ്ടായ സാമ്പത്തിക ആഘാതം ഈ വർഷാവസാനത്തോടെ 23 ദശലക്ഷത്തിലധികം (2.3 കോടി) കുട്ടികളെക്കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകി യുണിസെഫിന്റെ പുതിയ വിശകലന റിപ്പോർട്ട്. ഇത് വർഷങ്ങളായുള്ള പുരോഗതിയെ പിന്നോട്ടടിക്കുകയും അസമത്വം വർധിപ്പിക്കുകയും ചെയ്യും.
“മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷത്തിന് വില നൽകേണ്ടി വരുന്നത് കുട്ടികളാണ്. ഈ മേഖലയ്ക്ക് എത്രയോ അകലെയുള്ള കുട്ടികളെപ്പോലും ഇത് ബാധിക്കുന്നുണ്ട്. ഇത് എത്രത്തോളം നീണ്ടുപോകുന്നുവോ, അത്രത്തോളം പ്രത്യാഘാതങ്ങൾ കഠിനമായിരിക്കും” – യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.
167-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും കപ്പൽ ഗതാഗത തടസ്സങ്ങളും കുട്ടികളുടെ ജീവിതത്തിൽ നികത്താനാകാത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉൾപ്പെടെയുള്ള യുദ്ധസാഹചര്യങ്ങൾ മൂലം ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില വർധിക്കുന്നതായും, ഇത് സാധാരണ കുടുംബങ്ങളുടെ ക്രയശേഷിയെ (സാധനങ്ങൾ വാങ്ങാനുള്ള ശേഷി) ദോഷകരമായി ബാധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.




