സീറോ മലങ്കര ജൂലൈ 19 മർക്കോ. 4: 1-20 വിതക്കാരന്റെ ഉപമ

സുവിശേഷത്തിൽ യേശുവിന്റെ ഏറ്റം പ്രിയപ്പെട്ട പ്രസംഗവേദിയാണ് ഗലീല കടൽത്തീരം. ഇവിടെ വള്ളത്തിലിരുന്നുകൊണ്ട് ചെറിയ കുന്നിൻചരുവിൽ നിൽക്കുന്നവരെ നോക്കി യേശു തന്റെ പതിവ് പ്രബോധനമാർഗമായ ഉപമകൾ വഴി സംസാരിക്കുന്നു. ഉപമകൾ ചെറിയ കഥാരൂപത്തിലുള്ള ആശയസംവേദന മാർഗമാണ്. പ്രകൃതിയിൽ നിന്നോ, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ നിന്നോ എടുക്കുന്ന ഉദാഹരണങ്ങളിലൂടെ കേൾവിക്കാർക്ക് ആഴമുള്ള ആത്മീയസന്ദേശം നൽകാനാണ് യേശു ഈ മാർഗം അവലംബിക്കുന്നത്. ഒരു കൊച്ചുകുട്ടിക്കു പോലും മനസ്സിലാകുന്ന വിധത്തിൽ ലളിതവും അതേസമയം ദൈവാരാജ്യത്തെക്കുറിച്ചുള്ള വലിയ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതുമായ ആത്മീയസത്യങ്ങൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. ഒരുവന് നിഷ്ക്രിയനായിരിക്കാൻ സാധിക്കാത്തവിധം വെല്ലുവിളിക്കുന്ന യേശുവിന്റെ പ്രബോധന ഉപാധിയായിരുന്നു ഉപമകൾ.

‘കേൾക്കുവിൻ’ എന്ന് ഉറക്കെപ്പറഞ്ഞ് ശ്രോതാക്കളുടെ ശ്രദ്ധ തന്നിലേക്ക്  ആകർഷിച്ചുകൊണ്ടാണ് യേശു വിതക്കാരന്റെ ഉപമ ആരംഭിക്കുന്നത്. കൃഷി ചെയ്ത്  ജീവിക്കുന്ന അവർക്ക് കല്ലും മുള്ളും പറവകളും ചെറിയ പാതകളുമുള്ള പലസ്തീനായിലെ കൃഷിയിടങ്ങളിലെ അനുഭവം വലിയ ഭാവനയോടു കൂടി ഇപ്പോൾ മനസ്സിൽ തെളിഞ്ഞിരിക്കുന്നു. മിക്ക ജോലിയും തങ്ങളുടെ കരങ്ങൾകൊണ്ടു തന്നെ നിറവേറ്റുമ്പോൾ ഇത്തരത്തിലുള്ള നഷ്ടങ്ങൾ എപ്പോഴും സംഭവിക്കാവുന്നതാണ്. വഴിയിൽ വീണതിന് പൊട്ടിമുളയ്ക്കാനുള്ള അവസരം പോലും പറവകൾ നൽകുന്നില്ല. പാറയിൽ വീണത് പൊട്ടിമുളച്ചെങ്കിലും സൂര്യതാപത്തെ പ്രതിരോധിക്കാനുള്ള ശക്തിയിൽ ആഴത്തിൽ വളർന്നില്ല. മുള്ളിനിടയിൽ വീണത് ഞെരുങ്ങി വളർന്നെങ്കിലും ഫലം പുറപ്പെടുവിക്കാൻമാത്രം യോഗ്യമായില്ല. എന്നാൽ, പാഴാകാതെ ഫലം പുറപ്പെടുവിക്കുന്ന വിത്തിൽ നിന്നായിരിക്കും കർഷകൻ ആനന്ദത്തോടെ സമൃദ്ധമായ ഫലമെടുക്കുക.

ബുദ്ധിമാന്മാർക്കു പോലും മനസ്സിലാക്കാൻ കഴിയാത്ത സ്വർഗരാജ്യത്തിന്റെ ഗഹനമായ രഹസ്യങ്ങൾ ദൈവീക വെളിപാടിലൂടെ അവിടുന്ന് നമുക്ക് മനസ്സിലാക്കിത്തന്നിരിക്കുന്നു. കുരിശിൽ വെളിപ്പെട്ടിരിക്കുന്ന ദൈവസ്നേഹം നമ്മുടെ ഇടയിലെ സാധാരണ വിശ്വാസികൾ എത്ര ആഴമായി ഗ്രഹിച്ചിരിക്കുന്നു. അതേസമയം, ലോകത്തിലെ ബുദ്ധിമാന്മാരെന്നു കരുതിയവർക്ക് ഇന്നും അത് അഗ്രാഹ്യമായി തുടരുകയും ചെയ്യുന്നു. ആദിമ ക്രൈസ്തവസമൂഹങ്ങൾ ഈ വചനം വായിച്ച് അത് തങ്ങളുടെ ജീവിതത്തിൽ അക്ഷരംപ്രതി ഫലമണിയുന്നതിൽ ആനന്ദിച്ചിരുന്നതു പോലെ നമുക്കും സന്തോഷിക്കാൻ സാധിക്കണം. വിതയ്ക്കപ്പെട്ട വചനം പലരിലും ഫലശൂന്യമായെങ്കിലും കർത്താവ് വീണ്ടും വിതച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ മനസ്സിലെ പാതയോരങ്ങൾ ഉഴുതുമറിച്ച്, മുള്ളുകൾ നീക്കം ചെയ്ത്, പാറയെ പൊട്ടിച്ചുകളഞ്ഞ്, നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന നല്ല നിലമായി നമുക്കിന്ന് പരിണമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.